Monday, 9 September 2024

വൃക്ഷ ആയുർവേദം

വൃക്ഷ ആയുർവേദം


ആയുർവേദത്തിൻ്റെ പ്രസക്തി വേദകാലഘട്ടം മുതൽ സുവിദിതമാണ്. ആയുസ്സിൻ്റെ വേദം എന്ന തരത്തിലാണ് ആയുർവേദം വ്യവഹരിക്കപ്പെടുന്നത്. അഞ്ചാമത്തെ വേദമാണിതെന്നും, അതല്ല നാലാമത്തെ വേദമായ അഥർവ്വവേദത്തിൻ്റെ ഉപവേദമാണെന്നും രണ്ടു പക്ഷമുണ്ട്. ആയുർ വേദ ഗ്രന്ഥങ്ങളെല്ലാം തന്നെ സംഹിതകളായാണ് അറിയപ്പെടുന്നത്. ചരക സംഹിത, സുശ്രുത സംഹിത തുടങ്ങിയവ ഉദാഹരണങ്ങളായുണ്ട്.


പ്രജകളെ സൃഷ്ടിക്കുന്നതിനു മുമ്പു തന്നെ അവരുടെ പാലനത്തിന് ഒഴിച്ചുകൂടാനാകാത്ത ആയുർവേദം ബ്രഹ്മാവിനാൽ സൃഷ്ടമായിയെന്ന് പറയുന്നു. ബ്രഹ്മാവിൽ നിന്ന് ദക്ഷപ്രജാപതി, അശ്വിനീകുമാരൻമാർ, ഇന്ദ്രൻ എന്നിവർക്ക് അത് പരമ്പരയാ ലഭിച്ചു. ഇന്ദ്രനിൽ നിന്ന് ഭരദ്വജ മഹർഷിയ്ക്കും അദ്ദേഹത്തിലൂടെ മറ്റു മഹർഷിമാർക്കും അത് ലഭിക്കുകയും ചെയ്തു.


എല്ലാ രാജ്യങ്ങളിലും അവിടത്തെ ജന്തുസസ്യപ്രകൃതിക്കനുസരണമായ നാടൻ ചികിത്സാ രീതികൾ ഉണ്ട്.

ആധുനിക വൈദ്യശാസ്ത്രത്തിലെ ഔഷധങ്ങളധികവും ദോഷഫലങ്ങളും പാർശ്വഫലങ്ങളും ഉണ്ടാക്കുന്നവയാകയാൽ ആയുർവേദം പോലുള്ള നാടൻ ചികിത്സാ രീതിയിലേയ്ക്ക് ലോകാരോഗ്യ സംഘടന പോലും ശ്രദ്ധതിരിച്ചിട്ടുണ്ട്. അതിനാൽ ആയുർവേദം എക്കാലത്തും പ്രസക്തമാണെന്ന് വരുന്നു.


എല്ലാ ജീവജാലങ്ങൾക്കും അവയുടെ ക്ഷേമത്തിനും നിലനിൽപ്പിനും ആവശ്യമായവ എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാനുള്ള ജന്മവാസനയുണ്ട്. മനുഷ്യൻ അവൻ്റെ ചുറ്റുമുള്ള പ്രകൃതിയെ സൂക്ഷ്മനിരീക്ഷണം ചെയ്ത് പല അറിവുകളും കണ്ടെത്തിയിരിക്കണം. പക്ഷിമൃഗാദികൾ, വൃക്ഷലതാദികൾ, പ്രകൃതിശക്തികൾ ഇവയെല്ലാം തന്നെ അത്തരത്തിൽ പഠനവിധേയമായിട്ടുണ്ട്.

വൃക്ഷജന്മം ഉത്തമമെന്ന് ഒരു അറിവു തന്നെ നമുക്കുണ്ട്. അവയ്ക്ക് പരോപകാരം മാത്രമേയുള്ളൂ. സമ്പൽ സമൃദ്ധിയിൽ വൃക്ഷങ്ങൾ നമ്രശിരസ്ക്കരാവുന്നു. വിനയാന്വിതരാവുന്നു.


പല വൃക്ഷങ്ങളും നാട്ടു വൈദ്യത്തിലും അതുവഴി ആയുർവേദത്തിലും പ്രത്യേക പ്രാധാന്യം അർഹിക്കുന്നവയാണ്. എന്നാൽ ഇന്ന് അവയിൽ പലതും നാട്ടിൻ പുറങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അവയെ സംരക്ഷിക്കേണ്ടതും നിലനിർത്തേണ്ടതും ആരോഗ്യകരമയ സഹജീവനത്തിന് അനുപേക്ഷണീയമാണ്.


1   ഇലഞ്ഞി 


സംസ്കൃതത്തിൽ കേസരം, ബകുളം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഇത് സപ്പോട്ടസി വംശത്തിലെ  കറയുള്ള ഒരു വൃക്ഷമാണ്. mimusops, elangi എന്നാണ് ശാസ്ത്രീയനാമം. ശീതളം, ഹൃദ്യം തുടങ്ങിയ ഗുണത്തോടുകൂടിയ ഇവ വിഷദോഷത്തെ മാറ്റും. പൂവ് പാലിൽ കുറുക്കി സേവിച്ചാൽ അതിസാരം മാറും . ഇലഞ്ഞിക്കുരു പല്ലിന് ഉറപ്പു നൽകുന്നു.

നാട്ടിൻപുറങ്ങളിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി ഈ വൃക്ഷം സുലഭമായി കാണാൻ കഴിഞ്ഞിരുന്നു.


2   അകിൽ


സംസ്കൃതത്തിൽ അഗരു എന്ന പേരിൽ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Eaglewood എന്ന് വിളിക്കുന്നു. Aquilaria Agollacha എന്നതാണ് ശാസ്ത്രീയ നാമം. 

അകിൽ മരത്തിൻ്റെ തടിക്ക് ഒരു പ്രത്യേക സുഗന്ധം ഉണ്ട്. അതിനാൽ കുറിക്കൂട്ടുകൾ തയ്യാറാക്കാനും ലേപനമായും ഉപയോഗിക്കുന്നു. ' ത്വക് രോഗ ശമനത്തിനും വാത - കഫ ദോഷം അകറ്റാനും ഗുണപ്രദമാണ്. കൂടാതെ നേത്രരോഗത്തിനും കർണ്ണരോഗത്തിനും ഇത് ഫലപ്രദമാണ്.


കടമ്പ്


   ശ്രീകൃഷ്ണൻ്റെ കഥയുമായി ബന്ധപ്പെട്ട ഒരു വൃക്ഷമാണ്. കദംബം എന്ന പേരുകൂടി ഇതിനുണ്ട്. ആറ്റുതേക്ക് എന്നും പറയും.

റൂബിയേസി വംശത്തിൽ പെട്ട ഇത് ജലാശയ തീരങ്ങളിൽ കാണപ്പെടുന്നു.

ഇലപൊഴിക്കുന്ന സ്വഭാവമുള്ള മരമാണ്.

 Anthocaphalus indicus എന്നതാണ് ശാസ്ത്രീയ നാമം. ഇതിൻ്റെ പൂവ് സ്ത്രീകൾ സീമന്തത്തിന് തലയിൽ ചൂടുന്നു. സുഗന്ധവാഹിയായ സ്വർണ്ണനിറത്തിലുള്ള പൂവ് വിവിധ തരം സുഗന്ധ ലേപനങ്ങളിൽ ഉപയോഗിക്കുന്നു . 



4   ഉങ്ങ്


സംസ്കൃതത്തിൽ കോവിദാരം എന്നു പറയും. ചെമന്ന മന്ദാരം എന്ന പേരു കൂടി ഉണ്ട്. Bauhinia variegata എന്നാണ്ശാസ്ത്രീയനാമം.

പൊങ്ങ് എന്നും ഇതിന് പേര് പറയാറുണ്ട്. ഡെരിസ് ഇൻഡിക ഇനത്തിൽ പെടുന്ന മരമാണിത്.

 ഇംഗ്ലീഷിൽ Indian beech എന്നു പറയുന്നു. രക്തശുദ്ധിക്ക് ഉങ്ങ് ഉത്തമമാണ്. ചർമ്മരോഗം, വിരശല്യം,കുടലിലും ആമാശയത്തിലുമുള്ള രോഗങ്ങൾ ഇവയ്ക്കും ഫലപ്രദമാണ്. കുഷ്ഠരോഗ ചികിത്സയിലും ഇതിനെ പെടുത്തിക്കാണുന്നു. തടിച്ചവർ മെലിയുവാൻ ഉങ്ങിൻ്റെ വേരു കൊണ്ടുള്ള കഷായം കുടിച്ചാൽ മതി, ഉണങ്ങിയ പൂമൊട്ടുകൾ അതിസാരത്തിനും വിരശല്യത്തിനും ശമനം ഉണ്ടാക്കുന്നു



5    മരോട്ടി


വെട്ടി വൃക്ഷം എന്ന് കൂടി ഇതിന് പേരുണ്ട്.

സംസ്കൃതത്തിൽ തുവരക എന്നും ഇംഗ്ലീഷിൽ Jungle badam എന്നും പറയും. ശാസ്ത്രീയ നാമം Hydnocarpus pentandrus .

 ഇതിൻ്റെ കായ് കട്ടിയുള്ള പുറം തോടോടു കൂടിയുള്ളതാണ്. ഈ പുറം തൊണ്ട് വൈദ്യുതി ഇല്ലാതിരുന്ന കാലത്ത് തിരിയിട്ട് എണ്ണ ഒഴിച്ച് വിളക്കുകത്തിക്കാനായി ഉപയോഗിച്ചിരുന്നു. ഇതിൻ്റെ കുരു ആട്ടിയ എണ്ണ വിവിധ ഔഷധങ്ങൾക്കും വിളക്കു കത്തിക്കാനും ഉപയോഗിച്ചു പോന്നു. പിണ്ണാക്ക് വളമായും കീടനാശിനിയായും ഉപയോഗിക്കാം. 

മരോട്ടി ശലഭം (മരോട്ടി പൃക്കൻ) ഈ മരത്തിലാണ് മുട്ടയിടുന്നത്. ചുവന്ന ചിറകുകളോടു കൂടിയ ഒരു പ്രാണിയാണ് മരോട്ടി ശലഭം.

ചർമ്മരോഗമായ വളം കടിക്കും മറ്റും മരോട്ടിയെണ്ണ കൺകണ്ട ഔഷധമാണ്. കുഷ്ഠരോഗ ചികിത്സയ്ക്കും ഇത് ഉപയോഗിക്കുന്നു.


6    കടുക്ക മരം


ഹരിതകി എന്നാണ് സംസ്കൃത നാമം ഇംഗ്ലീഷിൽ Gallnut എന്നു പറയും. കോംബ്രിട്ടേസി വംശത്തിൽ പെട്ട മരമാണിത്. Termunalia chebula എന്നതാണ് ശാസ്ത്രീയനാമം. ഇതിൻ്റെ കായ, അങ്ങാടി മരുന്നായി ഉപയോഗിക്കുന്നു . ഇല പൊഴിക്കുന്ന ഇനത്തിൽ പെടുന്ന 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന മരമാണിത്.

ഇൻഡ്യ, ബർമ്മ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഈ മരം കാണപ്പെടുന്നു.

ത്രിദോഷങ്ങൾ അകറ്റുന്ന ത്രിഫലയിൽ പെടുന്നതാണിത്. വിരേചനയ്ക്ക് ഉത്തമ ഔഷധമാണ്. ആയുർവേദത്തിൽ കഷായമായും ചൂർണ്ണമായും കടുക്ക ഉപയോഗിക്കുന്നു. ത്രിഫലാദി ചൂർണ്ണവും നരസിംഹ ചൂർണ്ണവും ഇതിൽ നിന്നുള്ള തയ്യാറിപ്പുകളാണ്.

 

7    താന്നി


കലിവൃക്ഷം എന്ന പേരിൽ കൂടി അറിയപ്പെടുന്നു.

Termanalia bellarica എന്നതാണ് ശാസ്ത്രീയ നാമം ഇത് വൻ വൃക്ഷങ്ങളുടെ ഗണത്തിൽ പെടുന്നു. പുരാണത്തിൽ നളൻ്റെ കലിബാധയുമായി ഈ വൃക്ഷത്തെ ബന്ധപ്പെടുത്തിയിരിക്കുന്നു. 

അക്ഷിരോഗം, ചുമ, ഇക്കിൾ' കഫരോഗം, മലബന്ധം, കൃമിശല്യം മുതലായവയ്ക് നന്ന് ഇതിൻ്റെ എണ്ണ മുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്.



    

8        നീർമരുത്


സംസ്കൃതത്തിൽ അർജുന വൃക്ഷം എന്ന് പറയും. Terminalia arjuna എന്ന് ശാസ്ത്രീയ നാമം. കകുഭ എന്നു കൂടി ഇതിന് പേരുണ്ട്.

ഇംഗ്ലീഷിൽ Arjun tree എന്ന് പറയും.

ഉയർന്നതും ബലമുള്ളതുമായ വൃക്ഷമാണ്.

അർജുനൻ ശിവതപം ചെയ്തത് ഈ വൃക്ഷത്തിൻ്റെ ചുവട്ടിലായിരുന്നുവെന്ന് പറയപ്പെടുന്നു. അതിനാലാണത്രേ അർജുന വൃക്ഷമെന്ന് അറിയപ്പെടുന്നത്.

ഹൃദ്രോഗം, ആസ്ത്മ, പ്രമേഹം, ക്ഷയം തുടങ്ങിയ രോഗങ്ങൾക്ക് ഇത് ഉപയോഗിക്കുന്നു . ഇതിൻ്റെ വെളുത്ത നിറത്തിലുള്ള തൊലി ഏറെ ഔഷധ ഗുണമുള്ളതാണ്. ദന്തധാവനത്തിന് ഇത് ഉപയോഗപ്രദമാണ്.






9     ഇലവർങം


കറുവാ മരം എന്നു കൂടി ഇതിന് പേരുണ്ട്. Laurus Cassia എന്നാണ് ശാസ്ത്രനാമം. തമാല എന്ന് സംസ്കൃതത്തിൽ പറയും. ലവംഗം എന്ന ഒരു പേരു കൂടി ഇതിനുണ്ട്. ഒരു സുഗന്ധദ്രവ്യമായ ഇതിന് ഇംഗ്ലീഷിൽ Cinnamon എന്നു പറയും.

അഷ്ടാംഗഹൃദയത്തിൽ ഇതിനെപ്പറ്റി പ്രത്യേക പ്രതിപാദ്യം ഉണ്ട്. കൂടാതെ ബൈബിളിലും. അറബി രാജ്യങ്ങളിലേയ്ക്ക് ഇലവർങം ധാരാളമായി കൊണ്ടു പോയിരുന്നു. ഈജിപ്റ്റിലെ സുന്ദരികൾ ഇതിൻ്റെ പുകയേറ്റ് സൗന്ദര്യം വർദ്ധിപ്പിച്ചിരുന്നതായി പറയപ്പെടുന്നു.

കർപ്പൂരാദി ചൂർണ്ണം ഉണ്ടാക്കാൻ ഇലവർങം ഉപയോഗിക്കുന്നു. ഇത് ദഹനശക്തിയെ ഉദ്ദീപിപ്പിക്കുന്നു.

സുഗന്ധവ്യഞ്ജന വിഭാഗത്തിൽപെടുന്ന ഇത് കണ്ഠ ശുദ്ധിക്ക് വിശേഷമാണ്. കൂടാതെ കഫ വാത രോഗങ്ങൾ, ശിരോരോഗം, വക്ത്ര രോഗം, വിഷം, ചൊറി തുടങ്ങിയ രോഗങ്ങൾക്കും ഉപയോഗിക്കുന്നു.


10    ഇരിപ്പ


ഇലിപ്പ എന്നും പറയും. Bassia Longifolia എന്നാണ് ശാസ്ത്രീയനാമം. സംസ്കൃതത്തിൽ മധുക, മധുസ്രവ , തീക്ഷണസാര എന്നൊക്കെ പറയും.

ഇതിൻ്റെ കാതൽ, തൊലി, ഇല,വിത്ത്, എണ്ണ, കായ, പൂവ് എന്നിവയെല്ലാം ഔഷധ ഗുണമുള്ളതാണ്. എണ്ണ, വെളിച്ചെണ്ണ പോലെ ഭക്ഷ്യയോഗ്യമാണ്. പൂവിൽ നിന്ന് വീര്യമുള്ള മദ്യമുണ്ടാക്കും. പിണ്ണാക്ക്, പൂവ് തുടങ്ങിയവ വിരേചന ഔഷധത്തിനായി ഉപയോഗിക്കുന്നു. ഹൃദ്രോഗം., ശ്വാസകോശ രോഗങ്ങൾ, ടോൺസിലൈറ്റിസ്, വാതം പ്രമേഹം, രക്തസ്രാവം തുടങ്ങിയ രോഗങ്ങൾക്കും ഇരിപ്പ ഫലപ്രദമാണ്.

ഇത് ഒരു നിത്യഹരിത വൃക്ഷമാണ്. പിത്തം, ദാഹം തുടങ്ങിയവയ്ക്ക് നന്ന്. നേത്രരോഗത്തിനും ഉത്തമം.

11   ആറ്റുവഞ്ഞി



 റൂബിയേസ് കുലത്തിൽപെട്ട ഈ  വൃക്ഷം ആറ്റുതീരങ്ങളിൽ കാണുന്നു. Homonoia riparia എന്നതാണ് ശാസ്ത്രനാമം.

പരിവ്യാധം, വിദുല, അംബുവേതസം എന്നിങ്ങനെ പേരുകൾ സംസ്കൃതത്തിൽ കാണുന്നു. ഇതിൻറെ  പൂവിനും കായ്ക്കും ഭൂതബാധ കളയാനുള്ള കഴിവുണ്ടെന്ന് പഴമക്കാർ പറയും. മൂത്രകൃച്ഛാവ് രോഗത്തിന് ഔഷധമായി ഇതുപയോഗിക്കുന്നു. കൂടാതെ ദഹനക്കുറവിനും രുചിക്കുറവിനും ഏറെ ഫലപ്രദമാണ്.

12   ആഞ്ഞിലി



ഇതിന് അയിനി മരം എന്നും പറയും. 
മൊറേസി കുലത്തിൽ പെട്ട ഒരു വൻ വൃക്ഷമാണിത്. Artocarpus hirsutus എന്നാണ് ശാസ്ത്രീയനാമം. ദക്ഷിണേന്ത്യയിൽ സുലഭമായി കാണപ്പെടുന്നു. ഇതിൻ്റെ കായ ഭക്ഷണയോഗ്യമാണ്. മുള്ളു പോലുള്ള പുറന്തൊണ്ടു നീക്കിയാൽ ബാക്കി ഭാഗം ഭക്ഷണയോഗ്യമാണ്. പഴുത്ത ആഞ്ഞിലിച്ചക്ക സ്വാദിഷ്ടവും പോഷക സമൃദ്ധവുമാണ്. ഇതിൻ്റെ കുരു വറുത്തത് നിലക്കടല പോലെ ഉപയോഗിക്കാം. ഒരു കാലത്ത് ക്ഷാമം നേരിട്ടപ്പോൾ ആളുകൾ ഉപജീവിച്ചത് ആഞ്ഞിലിച്ചക്കയും അതിൻ്റെ കുരുവും കൊണ്ടാണ്. വർഷക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ഇതിനുണ്ട്

13.    കാഞ്ഞിരം

സംസ്കൃതത്തിൽ കാരസ്കരം എന്നു പറയും. വിഷദ്രുമം എന്ന മറ്റൊരു പേരുമുണ്ട്. Strychnos nuxvomica Linn എന്നാണ് ശാസ്ത്രനാമം .ലോഗനിയാസ്യ സസ്യകുടുംബത്തിൽ  പെടുന്നു. ഇംഗ്ലീഷിൽ 
poison - nut tree, snake wood tree എന്നൊക്കെ പറയും.
രക്തദോഷം, അർശസ്  ത്വക് രോഗം, മാനസികരോഗം എന്നിവയ്ക് ഔഷധമാണിത്. സഹസ്രയോഗം, അമരകോശം തുടങ്ങിയ ആയുർവേദഗ്രന്ഥങ്ങളിൽ കാഞ്ഞിരത്തെക്കുറിച്ച് പ്രതിപാദ്യമുണ്ട്. ഹോമിയോപ്പതി ചികിത്സയിലും ഇതിന് സ്ഥാനമുണ്ട്.


14       നെല്ലി

ജീവകം സി ധാരാളമുള്ള ഒരു വൃക്ഷമാണ് നെല്ലി. ഇംഗ്ലീഷിൽ Indian goosberry എന്നു പറയും. യൂഫോർബിയാസി സസ്യകുടുംബത്തിൽ പെടുന്ന ഇലപൊഴിക്കുന്ന മരം ആണിത്. Emblica ophysinalis gaerter എന്നതാണ് ശാസ്ത്രനാമം. സംസ്കൃതത്തിൽ ആമലകി, അമൃതഫലം, ധാത്രിക എന്നൊക്കെ പറയും.
ആയുർവേദ ചികിത്സയിൽ ഏറെ പ്രധാനമാണ് നെല്ലിക്കയുടെ സ്ഥാനം. ച്യവനപ്രാശം, അരവിന്ദാസവം, പുനർനവാസവം, ത്രിഫലാദി ചൂർണ്ണം എന്നിവയിലെല്ലാം നെല്ലിക്ക അടങ്ങിയിരിക്കുന്നു. കടുക്കയും നെല്ലിക്കയും താന്നിക്കയും അടങ്ങുന്നതാണ് ത്രിഫല .
നെല്ലിയുടെ കുരു ഉണക്കിപ്പൊടിച്ച് കഷായം വച്ചു കുടിച്ചാൽ സ്ത്രീകളിലെ വെള്ള  പോക്കിന് പരിഹാരമാകും.
ഉദരസംബന്ധമായ   രോഗങ്ങൾക്കും
നെല്ലി ഉത്തമ ഔഷധമാണ്.

15   കണിക്കൊന്ന

ലഗു മിനോസ് കുടുംബത്തിൽ പെടുന്ന വൃക്ഷം. Cassiae fistula Lin എന്നാണ് ശാസ്ത്രനാമം. ആരഗ്വധം, ശ്യാമ, ദീർഘഫല എന്നൊക്കെ പേരുകളുണ്ട്. ഇംഗ്ലീഷിൽ Golden shower tree എന്നു പറയും. കർണ്ണികാരം എന്നൊരു പേരൂകൂടിയുണ്ട്. ഇതിൻ്റെ പൂവ് സോറിയാസിസിന് ഫലപ്രദമാണ്. കൂടാതെ കോശതലങ്ങളിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളുന്നു . ഉണങ്ങാത്ത വ്രണം, മുഴ, വാതരക്തം ആമവാതം, മഞ്ഞപ്പിത്തം ഹൃദ്രോഗം തുടങ്ങിയവയുടെ
 ചികിത്സയ്ക്കും ഉപയോഗപ്രദമാണ്.
കണിക്കൊന്നയുടെ പട്ട ചേർന്ന കഷായങ്ങൾ ത്വക് രോഗങ്ങൾക്ക് പറ്റിയതാണ്.
ഇതിൻ്റെ ഇല ചേർന്നിട്ടുള്ള ലേപനങ്ങൾ പുഴുക്കടിക്ക് ഔഷധമാണ്.

 വിഷുക്കണി വയ്ക്കാൻ കണിക്കൊന്ന പ്രധാനമാണ്.


16    കൂവളം

റുറ്റേസ എന്ന നാരക
 കുടുംബത്തിൽ പെട്ട ഇതിന് സംസ്കൃതത്തിൽ വില്വം എന്നു പറയും. Aeagle marmelos chor എന്നതാണ് ശാസ്ത്രീയനാമം. ശിവദ്രുമം എന്ന പേരുകൂടിയുണ്ട്. ശിവക്ഷേത്രങ്ങളിൽ അർച്ചിക്കാനായും മാലകെട്ടുന്നതിനായും കൂവളത്തില ഉപയോഗിക്കുന്നു. 

ശിവന്  പ്രിയപ്പെട്ട വൃക്ഷമായതിനാണ് ശിവദ്രുമം എന്ന പേര് വന്നത്.
കഫം, വാതം, ചുമ, പ്രമേഹം അതിസാരം എന്നിവയ്ക്ക് ഔഷധമാണിത്.  പഴുത്ത കായിലെ മജ്ജ ഉദരകൃമികളെ നശിപ്പിക്കും. ഇത് ഉണക്കിപ്പൊടിച്ച ചൂർണ്ണം ഉദരരോഗം ശമിപ്പിക്കുന്നു.

ആയുർവേദ ചികിത്സയിൽ വില്വത്തിന്  പ്രത്യേകസ്ഥാനമുണ്ട്. 




17   മുരിങ്ങ


സംസ്കൃതത്തിൽ തീക്ഷണഗന്ധ എന്നു പറയും. മൊറിങ്ങേസി കുടുംബത്തിൽ പെടും.   Moringa olifera Lam എന്നാണ് ശാസ്ത്രനാമം. ഇംഗ്ലീഷിൽ Drumstick tree,Bensolive tree എന്നൊക്കെ പറയും. വരൾച്ചയെ അതിജീവിക്കാൻ കഴിയുന്ന ഈ വൃക്ഷത്തിൻറെ ഇലയും പൂവും കായും ഭക്ഷ്യയോഗ്യമാണ്. കൂടാതെ ഔഷധമായും ജലശുദ്ധീകരണത്തിനുള്ള ഉപാധിയായും ഇത് വർത്തിക്കുന്നു. ഇതിൻ്റെ വേര് ഉഷ്ണരോഗങ്ങൾക്ക്, നല്ലതാണ്. കൂടാതെ കൃമിഹരമായും ആർത്തവ ജനകമായും ആയുർവദ ചികിത്സയിൽ പ്രമാണിക്കപ്പെടുന്നു. നീർക്കെട്ട്, വേദന തുടങ്ങിയവയ്ക്കും മുരിഞ്ഞ ഫലവത്താണ്.

18   അശോകം

ലഗുമിനോസ് വിഭാഗത്തിൽ പെടുന്നത് Zaraca Indica Lin എന്ന ശാസ്ത്രീയ നാമം ഉള്ള അശോകം ആയുർവേദ മരുന്നുകളിൽ വ്യാപകമായി ഉപയോഗിക്കുന്നു.  ഇതിന് ശോകനാശ, അംഗന പ്രിയ, മധുപുഷ്പ തുടങ്ങിയ പേരുകളുമുണ്ട്. ചരക സംഹിതയിൽ ഇതിനെപ്പറ്റി പ്രത്യേക പ്രതിപാദ്യം ഉണ്ട്. പുരാണങ്ങളിൽ അശോകമരം ഏറെ പ്രതിപാദിക്കപ്പെടുന്നു. സീതാഹനുമൽ സംഗമം അശോക വൃക്ഷച്ചുവട്ടിൽ വച്ചായിരുന്നുവെന്ന് പറയുന്നു.

സ്ത്രീരോഗങ്ങൾ, വിശേഷിച്ച് ആർത്തവ സംബന്ധമായ രോഗങ്ങൾക്ക് അത്യുത്തമം ആണ്. പ്രസവാനന്തര രക്തസ്രാവം തടയാൻ ഇത് ഫലപ്രദമാണ്. കൂടാതെ പനി, ആന്തരിക അവയവവീക്കം അർശസ്, ത്വക് രോഗങ്ങൾ ഇവയ്ക്കെതിരെയും ആയുർവേദ ചികിത്സയിൽ ഉപയോഗിക്കപ്പെടുന്നു.

19   പതിമുഖം

കുചന്ദനം എന്ന് സംസകൃതത്തിൽ പറയുന്ന ഈ വൃക്ഷം സിസേൽ പിനീസി കുടുംബത്തിൽ പെടുന്നു. Sial Piania Zapan എന്നാണ് ശാസ്ത്രനാമം. ലോഹിത,രഞ്ജന, പതാങ്ങ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Japan wood എന്ന് പറയും. 

 ഇത് രക്തചന്ദനത്തിന് പകരമായി ഉപയോഗിക്കും. വ്രണം, ത്വക് രോഗങ്ങൾ, പ്രമേഹം, പിത്തജന്യരോഗങ്ങൾ ഇവയ്ക്ക് ഔഷധമായി പതിമുകം ഉപയോഗിക്കുന്നു.ഇതിൻ്റെ കാതൽ ദാഹശമനിക്കൂട്ടുണ്ടാക്കാൻ എടുക്കുന്നു.


20   ആരിവേപ്പ്


ഏറെ ശുദ്ധവായു പ്രദാനം ചെയ്യുന്ന ഒരു ഉത്തമവൃക്ഷമാണ് ആരിവേപ്പ്' മീലിയേസീ സസ്യകുടുംബത്തിൽ പെടുന്ന ഇത് ഭഗവതി ആരാധനയുമായി ബന്ധപ്പെട്ടതായതിനാൽ പവിത്രമായ വൃക്ഷമായി ഹിന്ദുവിശ്വാസികൾ കരുതുന്നു. Azadiracta Indica E Jus എന്നതാണ് ശാസ്ത്രനാമം ' സംസ്കൃതത്തിൽ നിംബ എന്ന് അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Neem tree.നാട്ടു ചികിത്സയിലും ആയുർവേദ ചികിത്സയിൽലും ഇതിന് ഏറെ പ്രാധാന്യമുണ്ട്. വളം, ജൈവകീടനാശിനി, സോപ്പ് തുടങ്ങിയവയുടെ നിർമ്മാണത്തിൽ വേപ്പിൻ പിണ്ണാക്ക്, വേപ്പെണ്ണ, വേപ്പില എന്നിവ യഥാക്രമം  ഉപയോഗിക്കപ്പെടുന്നു. സന്ധിവാതം, വ്രണം, പ്രമേഹം, ചുമ തുടങ്ങിയ രോഗങ്ങൾക്കും ദന്തധാവനത്തിനും വേപ്പ് ഫലപ്രദമാണ്. വേപ്പെണ്ണ സ്ഥായിയായ ത്വക് രോഗങ്ങൾക്ക് പറ്റിയ ലേപനമാണ്. ഇല കൊണ്ടുള്ള കഷായം വ്രണം കഴുകാൻ വിശേഷമത്രേ. അതിനാൽ വസൂരി ചികിത്സയ്ക്ക് പ്രധാനമായി ഉപയോഗിക്കപ്പെടുന്നു. വേപ്പിലയും മഞ്ഞളും ചേർത്തരച്ച ലേപനം വടുക്കൾ മാറാൻ നല്ലതാണ്. വേപ്പിൻ തൊലിയും കുരുമുളകും അരച്ച സ് പുളിയുള്ള മോരിൽ ാ ചൂടാക്കി പുരട്ടിയാൽ പഴുതാര വിഷത്തിൽ നിന്നുണ്ടാക്കുന്ന നീറ്റവും പുകച്ചിലും മാറും

21   പുന്ന


പണ്ട് കരപ്പുറം ഭാഗങ്ങളിൽ ധാരാളമായി കണ്ടു വന്ന വൃക്ഷമാണ് പുന്ന. പിങ്ക്, വയലറ്റ്, പച്ച എന്നീ നിറങ്ങളിലാണ് ഇലകളുടെ വിന്യാസം. കാറ്റിനെ പ്രതിരോധിക്കാനുള്ള കഴിവ് ഇതിനുണ്ട്. ശാഖകളുടേയും ഇലകളുടെയും ഘടന ഇതിനുതകും വിധമാണ്. കാലോഫിലാസി സസ്യകുടുംബത്തിൽ പെടുന്നു. ശാസ്ത്രനാമം calophyllum antillanum എന്നതാണ്. ഇതിൻ്ററ തടിയിൽ നിന്നുള്ള കറ ഔഷധമാണ്. ഇതിൻ്റ കുരു എണ്ണക്കുരുക്കളുടെ വിഭാഗത്തിൽ പെടും. പല ആയുർവേദ ഔഷധലേപനങ്ങളിലും ഇതുപയോഗിക്കുന്നു.




22   തേക്ക്


ലാമിയാസി സസ്യകുടുംബത്തിൽ പെടുന്നു. Tectana grandis എന്നാണ് ശാസ്ത്രനാമം. തരുരാജൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇത് ഒരു ഇല പൊഴിക്കും വൃക്ഷമാണ്. ഇംഗ്ലീഷിൽ Teak wood എന്നു പറയും. ഇതിന് ശാഖകൾ കുറവാണ്.

തേക്കിൻ കുരുന്ന് ചേർത്ത് എണ്ണ കാച്ചി പുരട്ടിയാൽ ചൊറി, കരപ്പൻ തുടങ്ങിയ ശിശുരോഗങ്ങൾ മാറും.



23   കുടകപ്പാല


ഇത് ഒരു ഔഷധ വൃക്ഷമാണ്. അപ്പോസിനാസി സസ്യകുടുംബത്തിൽ പെടുന്നു. Holarrhena pubescens എന്നതാണ് ശാസ്ത്രനാമം. ഇംഗ്ലീഷിൽ ഈസ്റ്റർ മരം എന്നു പറയും.

അതിസാരം, അമീബിക് വയറുകടി, ഛർദ്ദി, അർശസ് , രക്തപിത്തം തുടങ്ങിയവയ്ക് ഔഷധമായി ഉപയോഗിക്കുന്നു തൊലി, വേര്, വിത്ത്  തുടങ്ങിയവയാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത്.

 

24   എരുക്ക്


അപ്പോസൈനേസി സസ്യകുടുംബത്തിൽ പെടുന്നു ശാസ്ത്രനാമം calotropis gigantea. ഇതിൻ്റെ വേര്, തൊലി, കറ ,പൂവ് , ഇല തുടങ്ങിയവആയുർവദത്തിലും നാട്ടുചികിത്സയിലും ഉപയോഗിക്കുന്നു. അണുനശീകരണത്തിനും കുമിൾ നശീകരണത്തിനും ശക്തിയുള്ള വൃക്ഷമാണിത് . ഉന്മാദം, അപസ്മാരം ഉറക്കം, വേദന തുടങ്ങിയവയുടെ ചികിത്സയ്ക്കും  നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയ്ക്കും എരുക്ക് ഉപയോഗിക്കുന്നു. മുട്ടുവേദന, സന്ധിവേദന തുടങ്ങിയവയ്ക്ക് എരുക്കിൻ്റെ ഇലയിട്ട് വെള്ളം തിളപ്പിച്ച് ചെറുചൂടിൽ ധാര കോരിയാൽ രോഗശമനം ഉണ്ടാകും. ഇതിൻ്റെ കറ, അരിമ്പാറ, പാലുണ്ണി തുടങ്ങിയവ മാറ്റാനും ഫലപ്രദമാണ്. പൂക്കളിട്ടു തിളപ്പിച്ച വെളിച്ചെണ്ണ കർണ്ണരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു.

ഇലകൾ വാട്ടി നീരുള്ളപാട്ടിൽ വയ്ക്കുന്നത് നീരു പോകാൻ സഹായിക്കും. ചൂടാക്കിയ എരിക്കില കാൽവെള്ളയ്ക്കടിയിൽ വയ്ക്കുന്നത് അടിവാതത്തിനുള്ള ചികിത്സയാണ്. എരിക്ക് മരോട്ടിയെണ്ണയുമായി ചേർത്ത് കുഷ്ഠരോഗചികിത്സ നടത്താം.


25   അത്തി


നാല്പാമരങ്ങളിൽ ഒന്നാണ് അത്തി. ആലിൻ്റെ സ്വഭാവത്തോടു കൂടിയ വൃക്ഷം. മെറേസി സസ്യകുടുംബത്തിൽ പെടുന്നു. Ficus Recemosa എന്നതാണ് ശാസ്ത്രനാമം. ഉദുംബരം, ശുചിദ്രുമം, ജന്തുഫലം തുടങ്ങി പല േപരുകളുണ്ട്. ഇംഗ്ലീഷിൽ Cluster fig tree എന്നു പറയും ' ഇതിൻ്റെ തൊലി, കായ്, വേര് തുടങ്ങിയവ ഔഷധയോഗ്യമാണ്. ഇതിൻ്റെ ഫലങ്ങൾ ഭക്ഷ്യയോഗ്യമാണ്. ജാം, ജെല്ലി തുടങ്ങിയവ അത്തിപ്പഴം കൊണ്ട് ഉണ്ടാക്കുന്നു. വിളർച്ച, അത്യാർത്തവം, ആസ്മ, വയറിളക്കം, ലൈംഗിക ശേഷിക്കുറവ് തുടങ്ങിയവയ്ക്കും ഔഷധമായി ഉപയോഗിക്കുന്നു. ഗർഭം അലസാതിരിക്കാൻ പ്രതിരോധമായും ഇതിന് സ്ഥാനമുണ്ട്. നാല്പാമരാദി എണ്ണ, ചൂർണ്ണം തുടങ്ങിയവയുടെ നിർമ്മാണത്തിനും അത്തി ഒഴിച്ചു കൂടാനാകാത്തതാണ്. ഇതിൻ്റെ ഫലങ്ങൾ തടിയിൽ നിന്ന് നേരിട്ട് ഉണ്ടാകുന്നു.



26   ഇത്തി


ഇതും ആൽവർഗ്ഗത്തിൽ പെട്ടതു തന്നെ. Ficus Tsiela എന്നതാണ് ശാസ്ത്രനാമം ' സംസ്കൃതത്തിൽ ഉദുംബരപ്ലക്ഷ എന്നു പറയും. രക്തശുദ്ധിക്ക് ഉത്തമമാണിത്. പ്രമേഹം, അൾസർ,ത്വക് രോഗം തുടങ്ങിയവയ്ക്കും ഫലപ്രദം തന്നെ. കൂടാതെ കഫപിത്ത രോഗങ്ങൾ, അർശസ് , യോനീരോഗങ്ങൾ, കുഷ്ഠം തുടങ്ങിയവയ്ക്കെതിരെയും ഔഷധമായി പ്രയോഗിക്കപ്പെടുന്നു.



27   കിളിഞ്ഞിൽ


Burseraceae സസ്യകുടുംബത്തിൽ പെടുന്നു. ശാസ്ത്രനാമം commiphora caudata . കൂവളത്തിൻ്റെതു പോലെ തന്നെയാണ് പർണ്ണ വിന്യാസം. മുൻകാലങ്ങളിൽ വേലിപ്പത്തലായും പിച്ചകം തുടങ്ങിയ വല്ലികൾ പടർത്താൻ മുറ്റത്തരികിലായും മറ്റും ഇത് വളർത്തിയിരുന്നു. കുരുമുളക് വള്ളി പടർത്താനും ഉപയോഗപ്രദമാണ്. ഒടിവ്, ചതവ് തുടങ്ങിയവയ്ക്ക് കിളിഞ്ഞിലിൻ്റെ വേരും ഇലയും ഔഷധമ ഉപയോഗിച്ചിരുന്നു. ഉളുക്ക് മാറാൻ കിളിഞ്ഞിലിൻ്റെ തൊലി അരച്ചു പുരട്ടുന്നത് ഉത്തമമാണ്.


28   മാവ്


കേരളത്തിൽ സാർവ്വത്രികമായി കണ്ടുവരുന്ന ഒരു ഫലവൃക്ഷമാണിതു്. ഫലരാജൻ എന്നൊരു വിശേഷണം കൂടി ഇതിനുണ്ട്. സംസ്കൃതത്തിൽ ചൂതം എന്നു പറയുന്നു കാമദേവൻ്റെ പഞ്ചശരങ്ങളിൽ ഒന്ന് ചൂതമാണ്.

 Mangifera Indica എന്നതാണ് ശാസ്ത്രനാമം. Anacardiaceae സസ്യകുടുംബത്തിൽ പെടുന്നു. പ്രധാനമായി ഭക്ഷ്യാവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെങ്കിലും നാട്ടു ചികിത്സയിലും ഇതിന് പ്രാധാന്യമുണ്ട്. മാമ്പഴം ജീവകം കൂടുതലുള്ള ഫലവർഗ്ഗമാണ്. മാമ്പൂ, മോരിൽ അരച്ചു കലക്കിക്കുടിക്കുന്നത് ഉദരരോഗങ്ങൾ ശമിപ്പിക്കുന്നു. മാങ്ങയുടെ അണ്ടി (കട്ടണ്ടി, നാട്ടണ്ടി) ക്ഷാമകാലങ്ങളിൽ ഭക്ഷ്യാവശ്യത്തിനും ഉപയോഗിച്ചിരുന്നു. ഇത് ചാക്കിൽ കെട്ടി വെള്ളത്തിലിട്ട് കറനീക്കി, പുഴുങ്ങിയും ഉണക്കി പൊടിയാക്കിയും ഉപയോഗിച്ചിരുന്നു. ഇതിന് കുടൽ പുണ്ണ്, മറ്റ് ഉദരരോഗങ്ങൾ ശമിപ്പിക്കാനുള്ള കഴിവുണ്ട്.

29   പുളി


Fabaceae സസ്യകുടുംബത്തിൽ പെടുന്നു. ശാസ്ത്രനാമം Tamarindus Indica. ദക്ഷിണേന്ത്യയിൽ  കാണപ്പെടുന്നുവെങ്കിലും ജന്മദേശം ആഫ്രിക്കയാണ്.

 ഇതിൻ്റ സത്ത് ഭക്ഷണപദാർത്ഥങ്ങൾക്ക് രുചിയേക്കുന്നു. വിറ്റാമിൻ സി, പൊട്ടാസ്യം, അയൺ, കാർബോ ഹൈഡ്രേറ്റ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. അമ്ലത്വമുള്ള ഇതിൽ ടാർടാറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. പുളിയുടെ ഇല, പൂവ്, കാതൽ, തൊലി തുടങ്ങിയവ ഔഷധഗുണമുള്ളതാണ്. ശരീരത്തിലെ നീർക്കെട്ട് മാറാൻ പുളിയില ഇട്ട് വെള്ളം തിളപ്പിച്ച് ധാര കോരിയാൽ മതി. നീരു വറ്റുന്നതിന് പുളിയിലയരച്ച് കുഴമ്പു രൂപത്തിലാക്കി പുരട്ടുന്നു. ഉദരസ്തംഭനം,പനി, ത്വക് രോഗം ഇവ്യ്ക്കും ഫലപ്രദമാണ്. സൂതികാചികിത്സയിലും ഇതിന് സ്ഥാനമുണ്ട്.

30    കറിവേപ്പ്


നാരക (Rutesi)കുടുംബത്തിൽ പെടുന്ന ഇതിന് സംസ്കൃതത്തിൽ കൈഡൂര്യം എന്ന് പറയും. ശാസ്ത്രനാമം Marria Koynigi Spreng. ഭക്ഷണ പദാർത്ഥങ്ങൾക്ക് മണവും രുചിയുമേകുന്ന ഇതിൽ ജീവകം ഏ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിൻ്റെ ഇല, തൊലി, വേര് തുടങ്ങിയവ ഔഷധ ഗുണമുള്ളതാണ്. നേത്രരോഗത്തിന് എണ്ണ കാച്ചി തലയിൽ പുരട്ടുന്നത് നല്ലതാണ്. ഉദരസംബന്ധമായ അസുഖങ്ങൾ, തൊലിപ്പുറത്തെ വ്രണങ്ങൾ എന്നിവയ്ക്കും ഫലപ്രദമാണ്.










  

No comments:

Post a Comment