Saturday, 4 May 2024

നീലപ്പട്ടുടുത്ത പ്രണയതാഴ്വാരം



നീലക്കുറിഞ്ഞികൾ പൂക്കുന്ന ദിക്കിലെ

പ്രണയാർദ്ര നിമിഷങ്ങൾ ഓർമ്മയില്ലേ

ഒരു വേള നമ്മളന്നൊഴുകും മരാളമായ്   

അലകളിൽ അനുരാഗ തിരയിളക്കി

 

നീലപ്പട്ടുടുത്തൊരാ പ്രണയ താഴ്വാരത്തിൽ

അലസാംഗി നിന്നെ പുണർന്നു നിൽക്കെ

അതുവരെയറിയാത്ത അസുലഭ നിർവൃതി

അടിമുടി നമ്മെ പൊതിഞ്ഞു നിന്നു



സഹ്യാദ്രി സാനുക്കൾ പോറ്റി വളർത്തുന്ന

വനജ്യോത്സ്നയാണോയീ കുറിഞ്ഞിപ്പൂക്കൾ

വനദേവതകൾക്ക് ചൂടാനായ് വിരിഞ്ഞതോ

വരവർണ്ണിനി നിന്നെ വരവേൽക്കാനോ


ഒരു വ്യാഴവട്ടത്തിൽ ഒരു കാലം വിരുന്നിന്

വരുമെന്നു ചൊല്ലി നീ മറഞ്ഞില്ലയോ!

ഹൃദയത്തിലതു കാലം തുടികൊട്ടിയുണരുന്നു

അണയാത്ത അനുരാഗ സ്വരമന്ത്രണം



No comments:

Post a Comment