തീപ്പിശാച്
"ന്നാൽ ശങ്കരാ , ഞാനങ്ങോട്ട് ഇറങ്ങുന്നു. കഥ കേട്ട് നേരം ഒത്തിരി ഇരുട്ടി "
കൃഷ്ണമ്മാൻ കോച്ചിയിൽ നിന്ന് എഴുന്നേറ്റു. ഉടുത്തിരുന്ന ചുട്ടിത്തോർത്ത് കുടഞ്ഞുടുത്ത് മുറ്റത്തേക്കിറങ്ങി.
ചുറ്റും കുറ്റാക്കുറ്റിരുട്ട്. ഇടയ്ക്കുള്ള പട്ടികളുടെ ഓരിയിടൽ മാത്രം കേൾക്കാം.
കുറേശ്ശെ മന്ത്രവാദവും കൂടോത്രവും ഒക്കെ ചെയ്യിക്കുന്നയാളാണെങ്കിലും ഉൾഭയം മുന്നോട്ടു നടക്കാൻ കൃഷ്ണമ്മാനെ സമ്മതിക്കുന്നില്ല. അപ്പോഴാണ് തെക്കേ ഇറയത്ത് മണ്ണെണ്ണ വിളക്കിനു മുമ്പിൽ പഠിക്കാനിരിക്കുന്ന എന്നെ കണ്ടത്.
"ടാ ഉണ്ണിപ്പിള്ളേ , നിനക്ക് എന്നെ ഒന്ന് അത്രടം കൊണ്ടു വിടാമോ . കണ്ണു പിടിക്കാൻ വിഷമമാണ്. "
പത്താം ക്ലാസിൽ പഠിക്കുന്നയാൾ, പേടിയാണെന്ന് പറയുന്നത് മോശമല്ലേ. ഞാൻ പുസ്തകമടച്ചു വച്ചു മുറ്റത്തേയ്ക്കിറങ്ങി. ഗിനിപ്പുല്ലുകൾ അതിരിടുന്ന മുറ്റം കടന്ന് ഞങ്ങളുടെ പറമ്പും കടന്നു. ഇനി ഒരു ഒഴിഞ്ഞ പറമ്പുണ്ട്. അതും കടന്നാൽ കൃഷ്ണമ്മാൻ്റെ ഇല്ലിവേലി കൊണ്ടു മറച്ച പറമ്പിലെത്താം.
പറമ്പിൻ്റെ നടുക്കാണ് ഭാർഗവീനിലയം പോലുള്ള വീട്. കൃഷ്ണമ്മാനും സഹായത്തിന് നിൽക്കുന്ന ഒരു പെണ്ണും മാത്രമാണവിടെ. ഇല്ലി വേലി കടക്കുന്നിടത്ത് ഒരു സർപ്പക്കാവുണ്ട്. അതിൻ്റെ ഓരം ചേർന്നു വേണം പോകാൻ.
കൃഷ്ണമ്മാൻ ശതാബ്ദി കഴിഞ്ഞയാളാണ്. എങ്കിലും ഇപ്പോഴും ആരോഗ്യവാൻ. ഉറക്കം വരും വരെ അച്ഛൻ്റെയടുത്ത് വന്ന് ഓരോ കഥകളും പഴമ്പുരാണവും പറഞ്ഞിരിക്കും. അച്ഛൻ രോഗഗ്രസ്ഥനായി മുറിക്കുള്ളിൽ തന്നെ കഴിയുകയാണ്. കൃഷ്ണമ്മാൻ വന്നാൽ ഒരു ഇര കിട്ടിയ സന്തോഷമാണച്ഛന്. പഴയ വീരസാഹസിക കഥകളും കഥകളിയുമായി നടന്ന കാലത്തെ കഥയും പുരാണ കഥകളും എല്ലാം സംസാര വിഷയമാണ്. പഠിക്കുന്നതിനിടയിലും എൻ്റെ പകുതി ശ്രദ്ധ ഇവരുടെ സംസാരത്തിലായിരുന്നു.
പട്ടികളുടെ ഓരിയിടൽ ഉച്ചസ്ഥായിയിലാണ്. ഒരു കണക്കിൽ സർപ്പക്കാട് കടന്ന് പാരിജാതം കാടുപോലെ വളരുന്ന മുറ്റത്തരികിലെത്തി.
"ന്നാൽ ഉണ്ണിപ്പിള്ള പൊയ്ക്കോ "
പോകാൻ അനുവാദം കിട്ടി. പക്ഷേ കാലുകൾ നീങ്ങുന്നില്ല. മരങ്ങളിൽ നിന്നുള്ള കടവാവലിൻ്റെ ചിറകടി ... മറ്റനേകം രാപക്ഷികളുടേയും ചീവീടുകളുടേയും ശബ്ദങ്ങൾ..
ഒരു വിധത്തിൽ സർപ്പക്കാടിന് സമീപമെത്തി.
കാട്ടിൽ ഉയരത്തിൽ വളർന്ന ഒരു ഇലഞ്ഞിമരമുണ്ട്. അതിൻ്റെ ശിഖരത്തിൽ അതാ ഒരു തീഗോളം. തീപ്പിശാച് എന്നൊക്കെ കേട്ടിട്ടേയുള്ളൂ. ഇപ്പോൾ ഇതാ കൺമുമ്പിൽ. കാലുകൾ ഉറച്ചു പോയ പോലെ. തീഗോളത്തിൽ നിന്ന് കനലുകൾ പൊട്ടി നാലു വശത്തേയ്ക്കും പാറുന്നു. ഞാൻ സർവ ശക്തിയുമെടുത്ത് ഓടി.
ഓർമ വരുമ്പോൾ ഞാൻ തെക്കേ മുറിയിൽ നനഞ്ഞു കുളിച്ച പോലെ കിടക്കുന്നു. വാതിലിൽ നോക്കി. സാക്ഷ ഇട്ടിട്ടുണ്ട്. എങ്ങനെ മുറിക്കുള്ളിലെത്തി ? ആവോ ആർക്കറിയാം
No comments:
Post a Comment