Saturday, 4 April 2026

പുസ്തകാവലോകനം

(ശ്രീ.തെന്നൂർ രാമചന്ദ്രൻ എഴുതിയ സ്വരപര്യടനങ്ങൾ,
വൈഖരിയുടെ വാകച്ചാർത്ത് എന്നീ രണ്ടു പുസ്തകങ്ങളെ അധികരിച്ച്)

സാഹിത്യത്തിൻ്റെ ലക്ഷ്യം എന്തെന്നത് നിരൂപകർക്കിടയിൽ പലപ്പോഴും തർക്കത്തിനും സംവാദത്തിനും കാരണമാവാറുണ്ട്. സാഹിത്യത്തിൻ്റെ ലക്ഷ്യം ആനന്ദമാണെന്നും അറിവാണെന്നും വാദിക്കുന്നവരുണ്ട്. ആനന്ദവും ജ്ഞാനവും പരസ്പര ദ്വന്ദികങ്ങളായിട്ടല്ല മറിച്ച് ആഹ്ലാദമയമായ അറിവാണ് സാഹിത്യത്തിൻ്റെ ലക്ഷ്യം. ഗ്രീക് ചിന്തകന്മാർ ഇക്കാര്യം സമർത്ഥിച്ചിട്ടുണ്ട്.. കൃതി ആഹ്ലാദിപ്പിക്കുന്നില്ലെങ്കിൽ, വികാരങ്ങളെ ഉണർത്തുന്നില്ലെങ്കിൽ അത് സാഹിത്യമല്ല തന്നെ. 

"ആനന്ദത്തേയും പ്രയോജനത്തേയും കൂട്ടിയോജിപ്പിക്കാൻ കഴിഞ്ഞാൽ എല്ലാവരുടേയും അഭിനന്ദനം ലഭിക്കും. കാരണം അത്തരം കൃതികൾ പുസ്തകക്കച്ചവടക്കാർക്ക് പണമുണ്ടാക്കിക്കൊടുക്കുക മാത്രമല്ല, വിദേശങ്ങളിൽ പോലും പ്രചരിക്കുകയും ഗ്രന്ഥകാരന് ശാശ്വതയശസ്സ് നേടിക്കൊടുക്കുകയും ചെയ്യുന്നു". 
റോമൻ കവിയും തത്വചിന്തകനുമായിരുന്ന ഹോരസ്ൻ്റെ കാഴ്ചപ്പാടാണത്.

ശ്രീ.തെന്നൂർ രാമചന്ദ്രൻ്റെ സർഗ്ഗസഞ്ചാരം ഈയൊരു കാഴ്ച്ചപ്പാട് ഉൾക്കൊണ്ടു തന്നെയാണെന്നാണ് നിരീക്ഷിക്കാൻ കഴിയുന്നത്. അദ്ദേഹം തൻ്റെ പത്തിലേറെ വരുന്ന കൃതികളിലൂടെ ആസ്വാദകർക്ക് അറിവും ആനന്ദവും നൽകുന്നു. തെന്നൂരിൻ്റെ എല്ലാ കൃതികളിലൂടെയും കണ്ണോടിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. കടന്നുപോയ ഇടങ്ങളിലെല്ലാം ജ്ഞാനപ്രകാശം പരത്താനും ചിത്താഭിരാമങ്ങളായ ചിത്രണങ്ങൾ പതിക്കാനും അദ്ദേഹം ചാതുര്യം കാട്ടിയിരിക്കുന്നു. ഉദാത്തമായ കല്പനയിലൂടെ ഉന്മിഷിത്തായ ഭാവപ്രഹർഷത്തിലൂടെ ചാരുതയാർന്ന വർണ്ണനാവൈഭവത്തിലൂടെ വരിഷ്ഠകവികളുടെ വരിയിലേയ്ക്ക് ചേർന്നുനിൽക്കാൻ ശ്രീ.തെന്നൂർ രാമചന്ദ്രന് എന്തുകൊണ്ടും അർഹതയുണ്ട്.

കവിയുടെ സിദ്ധിക്കാണോ സാധനയ്ക്കാണോ പ്രാമുഖ്യം എന്നൊരു ചോദ്യവും താർക്കികമാണ്. ആജന്മസിദ്ധമായ പ്രതിഭയാണ് സിദ്ധി. പ്രതിഭയില്ലാത്തവന് അഭ്യാസം കൊണ്ട് പ്രയോജനമില്ല. സിദ്ധിയും സാധനയും പരസ്പരാശ്രിതങ്ങളാണ്. മനുഷ്യപ്രയത്നം കൊണ്ട് പ്രതിഭയെ സൃഷ്ടിക്കാനാവുകയില്ല. അത് പ്രകൃത്യാ നമുക്ക് ലഭിക്കുന്ന ഒന്നാണ്. ദൈവികമായ വരപ്രസാദമാണ്. സാധനയാകട്ടെ ഇച്ഛാശക്തി കൊണ്ട് രൂപപ്പെടുത്തേണ്ട ഒന്നാണ്. പ്രതിഭയുടെ വരപ്രസാദം നേടിയ ഒരാൾ അദ്ധ്വാനത്തിലൂടെ അതിനെ വിപുലീകരിക്കണം, സാധനയിലൂടെ സഫലീകരിക്കണം.

തെന്നൂരിൻ്റെ കാര്യത്തിൽ കാവൃരചനയ്ക്ക് ആരൂഢം ഉറപ്പിക്കാൻ ഉപോൽബലകമായ അനുശീലനം പുരാണേതിഹാസങ്ങളിൽ നിന്ന് നേടിക്കാണുമെന്ന് അദ്ദേഹത്തിൻ്റെ കൃതികളിലൂടെ കാവ്യസഞ്ചാരം. നടത്തുമ്പോൾ ബോദ്ധ്യമാകും. അദ്ധ്വാനവും അനുശീലനവും കൊണ്ട് ആർജിതമായ കവിഭാവനയെ അനസ്യൂതം വികസിപ്പിക്കുവാനും മനോരഞ്ജകമായി കാവ്യാവിഷ്ക്കാരം നടത്താനും അദ്ദേഹത്തിന് കഴിയുന്നു. കവിത്രയങ്ങളുടെ രചനകളിലെ ഉത്തുംഗതയും ആശയ ഗാംഭീര്യവും തത്വചിന്താപരതയും ഉൾക്കൊണ്ടുള്ള കാവ്യ രചനാരീതിയാണ് അദ്ദേഹം അവലംബിച്ച് കാണുന്നത്. പ്രത്യക്ഷമായ അർത്ഥത്തേക്കാൻ പരോക്ഷമായ ആശയതലങ്ങൾ സ്ഫുരിപ്പിക്കുന്നതാണ് അദ്ദേഹത്തിൻ്റെ കാവ്യ സങ്കൽപ്പം. 
കാവ്യങ്ങളിൽ മാത്രമല്ല; പഠനഗ്രന്ഥങ്ങളിലും പരിപക്വമായ ആശയബോധനം നിർവ്വഹിക്കുവാൻ അദ്ദേഹത്തിന് കഴിയുന്നു. സർഗ്ഗവീഥിയിലെ ചന്ദനമരങ്ങൾ എന്ന പഠന ഗ്രന്ഥം ഇതിന് മിഴിവാർന്ന ഉദാഹരണമാണ്. വിശ്വസാഹിത്യത്തിൽ പ്രകാശം പരത്തിയ അനശ്വര പ്രതിഭകൾ മുതൽ മലയാളത്തിൽ സുഗന്ധം പരത്തിയ കവിസാർവ്വഭൗമൻമാർ വരെ അദ്ദേഹത്തിൻ്റെ പഠനത്തിന് പാത്രമായി.

രാമായണത്തെ ഉപജീവിച്ചെഴുതിയ 'ആഷാഢമേഘങ്ങൾ' എന്ന കവിതാ സമാഹാരം തെന്നൂരിൻ്റെ ശ്രദ്ധേയമായ ഒരു രചനയാണ്. രാമായണ കഥാഗതി ആവിഷ്ക്കരിക്കുമ്പോൾ മറ്റു ചില സാഹിത്യകാരന്മാരെ പോലെ മൂലത്തിലുള്ള ആഖ്യാനങ്ങൾ തമസ്ക്കരിച്ച് പുതിയ പാത്രസൃഷ്ടിയും അവരിൽ ഗ്രന്ഥകാരൻ്റെ ചിത്തവൃത്തിക്കനുരൂപമായ മാനസികവ്യാപാരങ്ങളും നിവേശിപ്പിക്കാൻ തെന്നൂർ മുതിരുന്നില്ല. എങ്കിലും കഥാപാത്രങ്ങളുടെ മായാമോഹങ്ങളേയും ധാർമ്മിക നിരാസങ്ങളേയും തള്ളിപ്പറയാനുള്ള ആർജ്ജവം അദ്ദേഹം കാണിക്കുന്നുണ്ട്.

'ശ്രീചക്രത്തിലെ നളിനദലങ്ങൾ' എന്ന ഖണ്ഡകാവ്യവും പുരാണേതിഹാസങ്ങളിൽ ബദ്ധമായ മുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന രചന തന്നെയാണ്.

'കാന്തിധാമം' എന്ന കവിതാ സമാഹാരം പുരാണേതിഹാസങ്ങളിൽ നിന്നും അവലംബിച്ച കഥാസന്ദർഭങ്ങളെക്കൊണ്ട് പ്രചുരിതമാണ്. എന്നാൽ ഭാവഗാന പ്രധാനമായ അവസാന ഭാഗം ആദ്യ മൂന്നുഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തത പുലർത്തുന്നുമുണ്ട്.
ശ്രീ. രാമചന്ദ്രൻ നായരുടെ രചനകൾ ആഖ്യാന മികവുകൊണ്ടും പ്രതിപാദ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും വേറിട്ടൊരു സ്ഥാനം അലങ്കരിക്കുന്നവയാണ്.

ഇന്നിപ്പോൾ കവിതയെപ്പറ്റി ഒരു വകയും അറിയാത്തവനും കവിതയെഴുതാൻ ധിക്കാരം കാണിക്കുന്നു. ഒരു കൃതി എഴുതിക്കഴിഞ്ഞ് പക്വമതിയായ ഒരു വിമർശകനെക്കൊണ്ട് പരിശോധിപ്പിക്കാൻ ആരും വ്യഗ്രതപ്പെടുന്നില്ല. സൗഹാർദ്ദത്തോടെ, എന്നാൽ കർക്കശമായി തന്നെ കുറവുകൾ ചൂണ്ടിക്കാണിക്കാൻ വിമർശകനു കഴിയണം. അദ്ദേഹം ചൈതന്യമില്ലാത്ത ഏതു വരിയേയും തള്ളിക്കളയണം. ശയ്യാഗുണമില്ലാത്ത ഭാഗങ്ങൾ വെട്ടിക്കളയണം. ഉപരിപ്ലവമായ അലങ്കാരങ്ങൾ ഉപേക്ഷിക്കാൻ നിർബ്ബന്ധിക്കണം. എന്നാൽ പലപ്പോഴും ഞാൻ എന്തിനാണ് നിസ്സാര കാര്യങ്ങൾക്കായി സുഹൃത്തിൻ്റെ മുഷിച്ചിൽ സമ്പാദിക്കുന്നത് എന്നായിരിക്കും പലരും വിചാരിക്കുക. അത്തരം വിമർശകരുടെ സഹായമല്ല നമ്മൾ സ്വീകരിക്കേണ്ടത്. ശ്രീ.തെന്നൂർ അത്തരത്തിൽപെട്ട ഒരു കവിയല്ല.

ശ്രീ.തെന്നൂർ രാമചന്ദ്രൻ്റെ പ്രൗഢമായ രണ്ടു കാവ്യഗ്രന്ഥങ്ങളാണ് ഇന്ന് പ്രകാശിതമാവുന്നത്. സ്വരപര്യടനങ്ങൾ എന്നതാണ് ആദ്യത്തേത്. വൈഖരിയുടെ വാകച്ചാർത്ത് എന്നത് രണ്ടാമത്തേതും. രണ്ടു കാവ്യഗ്രന്ഥങ്ങളിലും തെന്നൂരിൻ്റെ സവിശേഷമായ കയ്യൊപ്പു പതിഞ്ഞതാണ്. 

'അന്തർദാഹം' തുടങ്ങി 'സാദ്ധ്യതയും സിദ്ധിയും' എന്നതിൽ അവസാനിക്കുന്ന 97 കവിതകളുടെ സമാഹാരമാണ് സ്വരപര്യടനങ്ങൾ. 'അന്തർദ്ദാഹം' എന്ന കവിതയിൽ രാവിൻ്റെ വശ്യസൗന്ദര്യത്തെ, നിലാച്ചന്തം നിറഞ്ഞ ആകാശത്തോപ്പിനെ, പാടങ്ങളെ , കുളങ്ങളെ, കുളത്തിൽ പ്രതിബിംബിക്കുന്ന ചാന്ദ്ര വെളിച്ചത്തെ, ധ്യാനത്തിലാണ്ടു നിൽക്കുന്ന കൂവളമരത്തിനെ എല്ലാം കാട്ടിത്തന്ന ശേഷം അനുവാചകരുടെ ശ്രദ്ധ ക്ഷണിക്കുന്നത് ഗീതാഗോവിന്ദ ഗീതത്തിലേയ്ക്കും ഹൃദ്യമായ രാധാകൃഷ്ണ പ്രണയത്തിലേയ്ക്കുമാണ്.
'ചന്ദ്രൻ മറയുന്ന കന്നിമൂലയിൽ
മിത്രയിൽ വീഴുന്നു 
കൃഷ്ണൻ്റെ കണ്ണുനീർ
ചേലുള്ള ചന്ദ്രികേ നീ ജീവദീപ്തി !
നീ നിറഞ്ഞാൽ രതി നീ മറഞ്ഞാൽ ച്യുതി " എന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.

പ്രഭാതവീചികൾ എന്ന കവിതയിലെ വരികൾ ഹൃദ്യവും ആലോചനാമൃതവുമാണ്.
' അതിരുചിരയുവത്വമെത്തിയാൽ
മലയജചന്ദനഗന്ധമെന്നപോലെ
കവിതയുടെ കരൾ പ്രസൂനമേ നീ
മിഴിമുന കൊണ്ടു നിറയ്ക്കുമോ സുഗന്ധം 
മദനവികിരണാലയങ്ങളിൽ നാം
അനുനിമിഷപ്രിയമേറ്റുവാങ്ങി നിൽക്കേ
സുകര ശുഭദരാഗനിർത്സരിപ്പൊന്നലകളി ലാതിരമഞ്ജുഷേ! വരൂ നീ "

കവിതയെയാണോ കാമിനിയെയാണോ ക്ഷണിക്കുന്നത് എന്ന ഉൽപ്രേക്ഷ അനുവാചകൻ്റെ മനസ്സിൽ അവശേഷിപ്പിക്കുന്ന ഈ രചനാചാതുരി വയലാറിൻ്റെ പല ഗാനങ്ങളിലും ഉൾച്ചേർന്നതായി ഓർമ്മിക്കുന്നു.

വിദ്യാധിരാജൻ എന്ന പേരിലുള്ള കവിത കേമമായിട്ടുണ്ട്. അതുപോലെ മൂകാംബികാദേവിയെ സ്തുതിക്കുന്ന വിജയദശമി എന്ന കവിതയും ഏറെ ശ്രദ്ധേയം തന്നെ.

കവിത ഉരുവം കൊണ്ട് ഭാവഗംഭീരമായി, ലഹരിമത്തായി പ്രവഹിക്കുമ്പോൾ സ്വരജതികളുടെ ആസ്വാദ്യത തേനൂറുന്ന അക്ഷരസമൂഹമായി മനസ്സിനെ സന്തോഷിപ്പിക്കുന്നു. വാക്കുകൾ കടൽത്തിരപോലെ വർദ്ധിതാവേശത്തോടെ നൃത്തവിന്യാസമൊരുക്കി എന്നെ വരിക്കൂ എന്നെ വരിക്കൂവെന്ന് പറഞ്ഞ് വരണമാലയുമായി അലയടിച്ചു വരുന്നതായി തോന്നും , 'ഗൗമുഖത്തിൻ്റെ പൊൻ കിനാവുകൾ' എന്ന കവിതയിൽ.
"മദജലമൊഴുകും ഭാവനിലാവിൽ
മദിരതരംഗിതമായ് പ്രസരിക്കുമ്പോൾ
ജതിസൗരഭ്യം മധുരാക്ഷരമാലകളായ്
അതിരമ്യതപൂണ്ടുണരുന്നെൻ മനസ്സിൽ
വചസുകൾ വരമാലയുമേന്തി വരുന്നേ
ഉത്ഝലമീയാവേഗം നൃത്തസമാനം
വാരിധിയിൽ തിരമാലകളുടെയുത്സാഹം
നീരവമാനസരാഗസമാരോഹം രതിസാരം"

കാവ്യസല്ലാപത്തിനിരിക്കുന്നയാളുടെ അനുഭൂതിവിശേഷത്തെ പരിചയപ്പെട്ടു ത്തുകയാണ് കവി ഈ വരികളിലൂടെ.

"നൂറുതേയ്ക്കുന്നു നിൻ വിരൽത്തുമ്പിനാൽ
താംബൂലപത്രം രോമഹർഷമേൽക്കവേ
ചിത്തത്തിലിത്തിരിയാർദ്രദമയന്തീഭാവം
വിത്തിൻമുളപോലെയെത്തി നോക്കി "
ഉദാത്തമായ ഈ ഭാവന ദീപ്തമായത് 'കദനത്തിൻ്റെ കഥകളി ' എന്ന കവിതയിലാണ്.

"ദശപുഷ്പസ്മൃതിയിൽ വ്യഥയുള്ള കാർകൂന്തൽ
തിരുവോണ നാളിലും മിഴിനീരൊഴുക്കുമോ"
കാർകൂന്തലിൽ നിന്നിറ്റു വീഴുന്ന തുള്ളികളെ മിഴിനീരിനോടുപമിച്ചിരിക്കുകയാണ് ഓണം പടിവാതിലിൽ എന്ന കവിതയിൽ.

" ദാഹനീർമോദകഭോഗാനഭൂതി സ്മൃതികൾ
ആഹാര്യകാര്യ പരിഗ്രഹേച്ഛകൾക്കാലയം
മക്കളേ നിങ്ങൾ ജനിതക പുഷ്യഗന്ധങ്ങൾ
പൂക്കളം തീർക്കും അവിരാമ ജീവസ്പന്ദനം"
മുത്തശ്ശിയുടെ മുഖവരകൾ എന്ന കവിതയിൽ മുത്തശ്ശിയുടെ ജീവിതദർശനമാണ് നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നത്.

'ആനന്ദവല്ലി പൂക്കുമ്പോൾ' എന്ന കവിതയിൽ മനോഹരമായ കല്പനയാണ് കവി വിരചിക്കുന്നത്.

" കേരം സരോവര തടങ്ങളിലിന്ദ്രകാന്ത
ച്ചാറിൽ കുളിച്ചരിയചേലയുരിഞ്ഞിടുമ്പോൾ
നാണം തുളുമ്പിനിരയായ് നിറകുംഭഭാരം
ആനന്ദമോടെയിളനീർ നിറയുന്നു നെഞ്ചിൽ "
ഒന്നു മറ്റൊന്നാണോ എന്നു ശങ്കിക്കത്തക്ക കല്പനയിലൂടെ വീണ്ടും നമുക്ക് ഒരു വയലാർ ടച്ച് അനുഭവവേദ്യമാക്കുന്നു.

വിദ്യാധിരാജ ചട്ടമ്പിസ്വാമികളെ പറ്റിയുള്ള ശ്ലോകരൂപത്തിലുള്ള വരികളാണ് 'പൂർണ്ണകലാനിധി' എന്ന കവിതയിൽ.

'നീലകമലം' എന്ന കവിതയിലെ വരികളും ഏറെ ചേതോഹരങ്ങളാണ്.
"പേലവ കരാംഗുലിയാലെ പൂക്കൾ നുള്ളി
പ്രേമികേ നീയൊരുക്കുന്നു പുഷ്പാഞ്ജലി
ദീപങ്ങൾ ദീപങ്ങളെ മാടി വിളിക്കുന്ന
സോപാനശോഭയിൽ മുങ്ങി നിൽക്കുന്നു നീ '

സോപാനത്തിനു മുമ്പിൽ ആലക്തികദീപപ്രഭയിൽ മുങ്ങി നിൽക്കുന്ന പ്രേമികയെയാണ് കവി നമുക്ക് പരിചയപ്പെടുത്തുന്നത്.

'ശിവജടയിലെ ജലഗായത്രികൾ' എന്ന കവിതയിൽ പാർവ്വതിയെ കവി പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. 

"മാരശരീരം മാനസ ഭാവനയിൽ
പാതി പകുത്തവളീശ്വരി പാർവ്വതി
പ്രേമപയോധിയിലേകാന്തനിരാമയി 
 നീ പടിയാറു കടന്ന തപസ്വിനി "

തുമ്പപ്പൂവിനെ ശലഭങ്ങൾ മുത്താറില്ല. തേൻ നുകരാനുള്ള ഭാഗ്യം ഉറുമ്പുകൾക്കാണ്. ചെറുതെങ്കിലും വിപുലമായ ആശയം അടങ്ങിയിരിക്കുന്നു തുമ്പപ്പൂവിനോട് എന്ന കവിതയിൽ.

സ്വരപര്യടനങ്ങളിൽ
"സംഗീതം അതിസുഖകരമുലകിതിലുണരുക
ശശിയുടെ കിരണം പോലെ നിറവുകളുടെയീണങ്ങൾ " എന്ന് സ്വരജതികൾ ചേർന്ന് ഈണം കലർന്ന് സംഗീതം രൂപപ്പെടുന്നതിനെ നോക്കിക്കാണുന്നു.

'ശരദിന്ദുവിലെ താമര മുകുളം' എന്ന കവിതയിലും വർണ്യത്തിലാശങ്ക വരുത്തുന്ന അലംകൃതി കവി ബോധപൂർവ്വം സൃഷ്ടിച്ചിട്ടുണ്ട്.

"കലികയ്ക്കുള്ളിലെ താമര ഹൃത്തിൽ
നിറഭംഗി പല പൂക്കളങ്ങൾ തീർത്തു
തനുവിൽ തംബുരു മീട്ടുന്ന രാഗം
പ്രണയോപാസനയുടെ ഭ്രൂണരൂപം "

'മോഹപുഷ്പങ്ങൾ' എന്ന കവിതയിൽ പ്രണയത്തേയും കവിതയേയും സമഞ്ജസിപ്പിക്കുന്നു.
"പ്രണയത്തിൻ്റെയദ്വൈതഭാഷ്യം നെയ്യുന്നു
രമരസരുചിയുടെ പട്ടു പൊന്നാടകൾ
കവിതയുടെ മേചകമേലാട ചാർത്താൻ
മൃദുസമീരണനുണരുന്നു സഹ്യാദ്രിയിൽ "

ഇവ്വിധമായ തൊണ്ണൂറ്റേഴു കവിതകൾ കോർത്തിണക്കിയ സ്വരപര്യടനങ്ങൾ എന്ന കാവ്യമാലിക കൈരളിക്ക് മുതൽകൂട്ടാണെന്നതിൽ സന്ദേഹമില്ല.

സ്വരപര്യടനങ്ങൾ എന്ന 226 പേജുവരുന്ന പുസ്തകം പ്രസാധനം ചെയ്യുന്നത് ഗീതം ബുക്ക്സ് പറവൂരാണ്. ശ്രീ ശിവൻ സുധാലയം അവതാരികയും ശ്രീ.ഗുപ്തൻ സി.കെ. പ്രവേശകവും തയ്യാറാക്കിയിരിക്കുന്നു.
വില 375 രൂപ



ശ്രീ.തെന്നൂരിൻ്റെ പ്രകാശനം ചെയ്യുന്ന മറ്റൊരു കാവ്യകന്ദളമാണ് വൈഖരിയുടെ വാകച്ചാർത്ത്. ഇതിലും 97 കവിതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

'വൈഖരിയുടെ വാകച്ചാർത്ത് '
ശ്രീ. പദ്മനാഭൻ നാലപ്പാട് അവതാരിക എഴുതി. ഗീതം ബുക്ക്സ് പറവൂരാണ് പ്രസാധനം ചെയ്യുന്നത്. 320 രൂപയാണ് വില

' പ്രാർത്ഥന'യിൽ തുടങ്ങി 'പ്രണയ'ത്തിൽ അവസാനിക്കുന്ന കാവ്യധോരണി അനുവാചകമനസ്സിൽ പ്രഹർഷത്തിൻ്റെ നറുമലരുകൾ വിതറുന്നതാണ്.

ഒരു പുസ്തകത്തിന് സ്വീകാര്യത ലഭിക്കാൻ തീർച്ചയായും ഉള്ളടക്കം കാമ്പുറ്റതായിരിക്കണം. അതോടൊപ്പം തന്നെ പുസ്തകത്തിൻ്റെ Title (ശീർഷകം) ഹൃദ്യമായിരിക്കുക കൂടി വേണം. ശ്രീ. തെന്നൂരിൻ്റെ പുസ്തകങ്ങളെല്ലാം അനന്യവും അനുരൂപവുമായ ടൈറ്റിലുകളിലാണ് അവതരിപ്പിക്കപ്പെടുന്നത്. അവതാരികയിൽ തന്നെ വൈഖരി എന്നതിൻ്റെ അർത്ഥവും അർത്ഥാന്തരവും ദ്യോതിപ്പിച്ചു കാണുന്നുണ്ട്. അക്ഷരാർത്ഥത്തിൽ തന്നെ പുസ്തകം വാഗ്ദേവതയ്ക്കുള്ള വാകച്ചാർത്താണ്.
സരസ്വതീസ്തുതിയോടെയാണ് കാവ്യാരംഭം. 

പ്രണയവുമായി കവിത കടന്നു വരുന്നതിനെയാണ്
'പ്രണയം ഇങ്ങനെയൊക്കെയാണോ !' എന്നതിലൂടെ കവി വിവരിക്കുന്നത്.

"ആത്മാരാമൻ സ്വരൂപപ്പെരുമകളതിനോട്
പ്രേമവാനായ് വരുമ്പോൾ
തത്ത്വാധിഷ്ഠാന ലക്ഷ്യം കരഗത വിജയ പ്രാപ്തി നേടുന്നു തിട്ടം"

ആത്മാന്വേഷണനിരതനായ കവിയുടെ സങ്കല്പങ്ങൾ സഞ്ചയിച്ചിരിക്കുകയാണ് ഇവിടെ.

കൊന്നപ്പൂക്കളെപ്പറ്റിയാണ് 'വിഷുവബിന്ദുവിലെ വിജിഗീഷു പൂക്കൾ' എന്ന കവിതയിൽ ആലേഖനം ചെയ്തിരിക്കുന്നത്.

'പ്രയാഗ' എന്ന കവിതയിൽ കുംഭമേളയാണ് പ്രതിപാദ്യ വിഷയം.

പാർശ്വവൽക്കരിക്കപ്പെട്ട സോദരിമാരെപ്പറ്റിയാണ് 'കൂടെ നിൽക്കുന്നകൂടപ്പിറപ്പുകൾ' എന്ന കവിതയിൽ അവതരിപ്പിക്കുന്നത്.

സംഗീതത്തിൻ്റെ ആവിർഭാവത്തെ വിശദമാക്കുന്ന വരികളാണ് 'സ്വയം രഞ്ജയതി ഇതി സ്വരം' എന്ന കവിതയിൽ.

"സംഗീത സാധനപിറന്നതു സാമഗാന
സ്സങ്കീർത്തനത്തെരുവിലാദിമവേദകാലേ
നാദം ജതിസ്വരലയം ശ്രുതിയോടുകൂടെ
ചേർന്നീടണം പ്രിയമപാരസുധാരസങ്ങൾ "
വീണ്ടും കണിക്കൊന്നയെപ്പറ്റി പറഞ്ഞ് പുതുതലമുറയുടെ അപചയങ്ങളിലേയ്ക്ക് കടക്കുകയാണ് ' ആഴണം വാഴണം എന്നൊരു മന്ത്രണം" എന്ന കവിതയിൽ.

"വിയർക്കാതെ ജീവിച്ചവർക്കെന്തു നേട്ടം
വിയർപ്പിൽ കുളിച്ചോർ കുലപ്പിച്ചതന്നം
വിരിഞ്ഞാടണം പൂക്കളെന്നും മനസ്സിൽ
വിഭാത പ്രതീക്ഷാ സുവർണ്ണാഭ വേണം"

'പ്രഭാത ദീപ്തി' എന്ന കവിതയിലേതാണ് 'വ'കാരാദിപ്രാസത്തിലുള്ള മനോഹരമായ ഈ വരികൾ.

രാത്രിയിൽ വിരിയുന്ന പൂക്കളെ പറ്റിയാണ് 'നിലാവുദിക്കുമ്പോൾ 'എന്ന കവിതയിൽ വരച്ചുകാട്ടുന്നത്.

പരിശുദ്ധ പ്രണയത്തിൻ്റെ പരിസമാപ്തി കുറിക്കുന്ന വരികളാണ് പ്രണയ നീലിമയുടെ നിമിഷചിത്രങ്ങൾ എന്ന കവിതയിൽ.

"ഒരു കുടക്കീഴിൽ നാം നടന്നിട്ടില്ല
ഒരു മരത്തണലിൽ നാം ഇരുന്നിട്ടില്ല
ഒരു രാത്രി ഒരു മുറിയിൽ ഉറങ്ങിയിട്ടില്ല
വിരൽ തൊട്ടു നാം കുളിരണിഞ്ഞിട്ടില്ല"
എന്നു പറഞ്ഞു തുടങ്ങി
"നടനമറിയാത്ത പെൺ മണിത്തയ്യലാൾ
പ്രണയ നീലിമ തൻ നിമിഷ ചിത്രത്തിൽ
അനുരാഗ പീലിയലംകൃതയാകുന്ന കണ്ടു
അഭിധസത്യമന്നേരം രതിവിസ്മയമായ് "
എന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.

സൗന്ദര്യഭാവങ്ങൾ എന്ന കവിതയിലെ വരികൾ ഹൃദ്യമാണ്.
"പ്രേമ പ്രസൂനഹസിതം വിരിയുന്നു മെല്ലെ
ആ മന്ത്രിത പ്രണവമോതി വരുന്നു ഭാതം
നന്മേ! നവാഗതനിശാന്ത വിലോല യാമം
നമ്മിൽ നിറച്ചു തരണം ശുഭമന്ത്രണങ്ങൾ

മുന്നേറണം സ്വരജതിപ്രസരത്തിലാഴാൻ
വന്ദേമഹം നിറയണം മനതാരിലെന്നും
ആനന്ദമെന്ന ഭുവന പ്രതിഭാസമോർത്താൽ
വീണാവിലോലരവമെന്ന തരംഗമല്ലെ "

അത്യന്ത വ്യത്യസ്തങ്ങളായ 97 കവിതകളാൽ കൊരുത്തെടുത്ത വാകച്ചാർത്തിനുള്ള ഈ മാല വാഗ്ദേവതയുടെ മംഗളരൂപത്തിന് അനിർവ്വചനീയമായ കാന്തിപൂരം ഒരുക്കുമെന്നത് നിസ്തർക്കമാണ്.

അറിവിൻ്റെ പ്രകാശമായി ആത്മാവിഷ്ക്കാരത്തിൻ്റെ അടയാളമായി
സാഹിതീരംഗത്ത് കൊളുത്തിവച്ച ഭദ്രദീപം പോലെ ശ്രീ. തെന്നൂർ രാമചന്ദ്രൻ പരിശോഭിക്കട്ടെയെന്ന് പ്രാർത്ഥിച്ചുകൊള്ളുന്നു.




No comments:

Post a Comment