Tuesday, 10 June 2025

നീതി

നീതിതൻ ദേവത തൻ്റെ മിഴികളെ 

മൂടുന്നിരുൾകച്ചകൊണ്ടു യഥോചിതം

കണ്ണുകെട്ടി അന്ധരാജനെ കാത്തവൾ

ഗാന്ധാരിയെ കണ്ടു ഭാരതവർഷത്തിൽ

ധർമ്മവുമധർമവും വേറിട്ടു കാണാത്ത

 കണ്ണുകൾ വെറുതെ നാം തുറന്നിടേണ്ട

അന്നം കവർന്നെന്ന കുറ്റം ചുമത്തി നാം

അന്യൻ്റെ ജീവൻ കവർന്നെടുത്തീലയോ!

കാസയും സ്പൂണും കവർന്നെന്നറിവിലും

കള്ളനു കൈത്താങ്ങു നൽകിയ വൈദികൻ

 പാവങ്ങളെന്ന കഥയിലൂടെന്നുമേ കാട്ടുന്നു

യേശുവിൻ പാതയെ മാർഗ്ഗത്തെ, ഓർക്കുക


 ഉണ്ണാനുറങ്ങാൻ വഴിയില്ലയാത്തവർ 

നീതിക്കു വേണ്ടിയുഴറുമിടങ്ങളിൽ

 ദുർഭരണത്തിൻ്റെ ദുർമ്മദം കൊണ്ടിന്ന് 

നീതിത്തുലാസിനപഭ്രംശമാകുന്നു 

ഏഴയെ രക്ഷിച്ചു സൽസ്ഥിതിയേകുവാ

 നാവുന്നതത്രേ രാജധർമ്മം നൃണാം


 പണ്ടൊരു രാജൻ പരുന്തിനും പ്രാവിനും

 തുല്യമായ് നീതി കൊടുത്തതിസാഹസാൽ

 പ്രാവിനെ ത്രാണനം ചെയ്യാനൊരുങ്ങവേ

ഗൃന്ധ്രം പറഞ്ഞു "മൽജീവനം നൽകുക 

 നീതിയെനിക്കു നൽകേണം മടിക്കൊലാ

പ്രാവിനെ തിന്നാനൊരുങ്ങവേ അങ്ങെന്നെ

 രോധിച്ചതെങ്ങനെ നീതീകരിച്ചിടും;

പ്രകൃതിക്കസമ്മതമല്ലാത്തകാര്യങ്ങ

ളൊന്നുമേ ചെയ്തതുമില്ലെന്നതോർക്കുക 

നീതിക്കു ഭ്രംശം വരാതെയിരിക്കുവാൻ

ധർമ്മിഷ്ഠനാം നൃപൻ സ്വന്തം ശരീരത്തെ 

നൽകി കപോതത്തെ രക്ഷിച്ചു കൊണ്ടതും

ഓർത്തിരിക്കേണ്ടതാo പാഠമാണിന്നിത്

രാജ്യം ഭരിക്കും സചിവരും പിന്നെയാ

നീതിപീഠത്തിൻ്റെ സംവിധാനങ്ങളും


No comments:

Post a Comment