Friday, 13 June 2025

ഘട്ട് റോഡ്

വീരപഴശ്ശിക്കൊളിവീടായത് 

വയനാടിൻ മലയോരങ്ങൾ 

കാടും മലയും പുഴയും കുളിരും

 പുകമഞ്ഞൂതിയ വീഥികളിൽ

 കുതിരപ്പടയുടെ പടഹധ്വനികൾ

 മുഖരിതമായ് പോയക്കാലം 

ഒളിയുദ്ധത്തിൻ തന്ത്രം ഒരു വഴി, 

 മറുവഴിയപ്പോൾ തുപ്പാക്കി

 ചോരകുടിച്ച ചോലക്കാടിൻ 

വീര്യം ചോർന്നില്ലിതു വരെയും

 പാമ്പുകണക്കു വളഞ്ഞുപുളഞ്ഞു 

പാതകൾ മുന്നോട്ടിഴയുന്നു, 

ഘട്ടിൽ പല പല നിലകളിലായി 

ചുറ്റിയ ഗോവണിയെന്നതുപോൽ.

 ചുറ്റും കാണാം സഹ്യൻ പോറ്റിയ 

മരതക ഭംഗികൾ പല മട്ടിൽ

 

Wednesday, 11 June 2025

കടത്തുതോണി

കടത്തു തോണിയിലടുത്തിരുന്ന് മൊഴിഞ്ഞ വാക്കുകളോർക്കുന്നോ?

 കടുത്ത ജീവിതഭാരം താങ്ങിലുമൊരിക്കലും പിരിയില്ലെന്ന് 

അക്കരെ നാഗക്കാവിൽ നമ്മൾ വിളക്കുവയ്ക്കാൻ പോയപ്പോൾ

 അന്തിവിളക്കിൻ മുന്നിൽ നിന്ന് പ്രാർത്ഥന ചെയ്തത് ഓർക്കുന്നോ?


 കൈതപ്പുഴയുടെ ഓളക്കൈ പോലോർമ്മകൾ ഓടി മറഞ്ഞില്ലേ 

കൈതവമുള്ളിൽ കരുതിയതില്ല, പുഴപോൽ നമ്മളുമൊഴുകിപ്പോയ്

ബാലകവിത

സ്കൂളു തുറക്കാറായല്ലോ! 

സ്കൂളിൽ പോകാം നമ്മൾക്ക്

 മാനമിരുണ്ടു വരുന്നില്ല; 

തോരാ മഴയതു പോയല്ലോ

കുടയും വേണ്ട റെയിൻകോട്ടും;

 കളിയാടീടാൻ രസമാണ്

ചായം തേച്ചു പുതുക്കത്തിൽ, 

സ്കൂളുകൾ നിപ്പത് കണ്ടിട്ട്

വർണ്ണം വാരിപ്പൂശുന്നു, 

മേഘക്കുഞ്ഞും ആകാശോം

പുത്തൻ മതിലും പുൽത്തകിടീം,

 പൂണ്ടുകളിക്കാം മുഷിയില്ല

ദേശാടനപ്പക്ഷികൾ

ചെമ്മാനമന്തിത്തുടിപ്പണിഞ്ഞു വെൺമുകിൽ കെട്ടങ്ങഴിഞ്ഞു വീണു  

ആഴക്കടലിൽ കുളിക്കുവാനായാദിത്യ - നപ്പോൾ   തിടുക്കമായി   

വെള്ളം വലിഞ്ഞ വയലുകളിൽ തഞ്ചം തിരഞ്ഞു ബകങ്ങൾ ചുറ്റും  

ദേശാടനക്കിളിക്കൂട്ടമെല്ലാം ചേക്കേറുവാൻ  ചില്ല തേടുകയായ്  

അംബരച്ചോപ്പു മറഞ്ഞുപോകും സന്ധ്യ കരിമ്പടം ചുറ്റിയെത്തും  

നാളെ പുലരി പൂപ്പുഞ്ചിരിയാൽ വന്നു വിളിക്കും  വിളക്കുവയ്ക്കും

കൊയ്ത്തുപാട്ട്

വിത്തെറിയാൻ വന്നതില്ല നിങ്ങളാരും കൂട്ടരേ

വിത്തെറിയാൻ ഞങ്ങൾ വേണ്ട മൂപ്പനുണ്ടു കൂട്ടരെ

ഞാറു നടാൻ നിങ്ങളാരും എത്തിയില്ല കൂട്ടരേ

ഞാറു നടാൻ പെണ്ണാളുകൾ മാത്രമാണ് കൂട്ടരേ

കളപറിക്കാൻ നിങ്ങളാരും വന്നതില്ല കൂട്ടരേ

കളപറിക്കാൻ ഒഴിവു കിട്ടാതെങ്ങനെത്തും കൂട്ടരേ

കൊത്തിവച്ചു ഞാറ്റുകണ്ടംഞങ്ങളൊറ്റയ്കോർക്കണം

കൊയ്തെടുക്കാൻ നമ്മളെല്ലാം ഒത്തുകൂടി കൂട്ടരേ

കൊയ്ത്തുപാട്ടു പാടി നമ്മൾ കറ്റയേറ്റും കൂട്ടരേ

മെതിക്കളത്തിൽ കറ്റ തല്ലി നെല്ലെടുക്കും കൂട്ടരേ 

പതിരു പാറ്റി നെന്മണികൾ കൂന കൂട്ടും കൂട്ടരേ

പതമളന്ന നെല്ലുമായി കുടിയിലെത്തും കൂട്ടരേ

രാത്രി

രാത്രി


രാത്രി എത്ര കരാളിനിയാണു നീ

ധാത്രിഭൂമിയെ പേടിപ്പെടുത്തുവോൾ

അമ്മതൻ സ്നേഹദുഗ്ധം വഴിയവേ

ഉണ്മ തൻ നിലാപ്പാലു നുകരവേ

വെണ്ണിലാവു പരത്തിയെല്ലാടവും

വിണ്ണവർകുല ഭൂതി നിറയ്ക്കുവോൾ






Tuesday, 10 June 2025

കാത്തിരിപ്പ്

വരുമെന്നറിഞ്ഞുള്ള കാത്തിരിപ്പ്

കുതുകം നിറഞ്ഞുള്ള കാത്തിരിപ്പ്

വരികില്ലയെന്നിട്ടും കാത്തിരിപ്പ്

മനസിൻ്റെ വിങ്ങലാം കാത്തിരിപ്പ്

ഒരു വേള വരുമെന്നതോർത്തിരിപ്പ്

നവമാം പ്രതീക്ഷയിൽ കാത്തിരിപ്പ്

നീതി

നീതിതൻ ദേവത തൻ്റെ മിഴികളെ 

മൂടുന്നിരുൾകച്ചകൊണ്ടു യഥോചിതം

കണ്ണുകെട്ടി അന്ധരാജനെ കാത്തവൾ

ഗാന്ധാരിയെ കണ്ടു ഭാരതവർഷത്തിൽ

ധർമ്മവുമധർമവും വേറിട്ടു കാണാത്ത

 കണ്ണുകൾ വെറുതെ നാം തുറന്നിടേണ്ട

അന്നം കവർന്നെന്ന കുറ്റം ചുമത്തി നാം

അന്യൻ്റെ ജീവൻ കവർന്നെടുത്തീലയോ!

കാസയും സ്പൂണും കവർന്നെന്നറിവിലും

കള്ളനു കൈത്താങ്ങു നൽകിയ വൈദികൻ

 പാവങ്ങളെന്ന കഥയിലൂടെന്നുമേ കാട്ടുന്നു

യേശുവിൻ പാതയെ മാർഗ്ഗത്തെ, ഓർക്കുക


 ഉണ്ണാനുറങ്ങാൻ വഴിയില്ലയാത്തവർ 

നീതിക്കു വേണ്ടിയുഴറുമിടങ്ങളിൽ

 ദുർഭരണത്തിൻ്റെ ദുർമ്മദം കൊണ്ടിന്ന് 

നീതിത്തുലാസിനപഭ്രംശമാകുന്നു 

ഏഴയെ രക്ഷിച്ചു സൽസ്ഥിതിയേകുവാ

 നാവുന്നതത്രേ രാജധർമ്മം നൃണാം


 പണ്ടൊരു രാജൻ പരുന്തിനും പ്രാവിനും

 തുല്യമായ് നീതി കൊടുത്തതിസാഹസാൽ

 പ്രാവിനെ ത്രാണനം ചെയ്യാനൊരുങ്ങവേ

ഗൃന്ധ്രം പറഞ്ഞു "മൽജീവനം നൽകുക 

 നീതിയെനിക്കു നൽകേണം മടിക്കൊലാ

പ്രാവിനെ തിന്നാനൊരുങ്ങവേ അങ്ങെന്നെ

 രോധിച്ചതെങ്ങനെ നീതീകരിച്ചിടും;

പ്രകൃതിക്കസമ്മതമല്ലാത്തകാര്യങ്ങ

ളൊന്നുമേ ചെയ്തതുമില്ലെന്നതോർക്കുക 

നീതിക്കു ഭ്രംശം വരാതെയിരിക്കുവാൻ

ധർമ്മിഷ്ഠനാം നൃപൻ സ്വന്തം ശരീരത്തെ 

നൽകി കപോതത്തെ രക്ഷിച്ചു കൊണ്ടതും

ഓർത്തിരിക്കേണ്ടതാo പാഠമാണിന്നിത്

രാജ്യം ഭരിക്കും സചിവരും പിന്നെയാ

നീതിപീഠത്തിൻ്റെ സംവിധാനങ്ങളും


തൊട്ടാവടി

തൊട്ടാവാടി 


തൊട്ടാവാടീ, നീയൊരു കവിത

തൊട്ടാലുടനേ മൗനം മൊഴിയും

ഉൾക്കുളിർകോരും നുള്ളുന്നേരത്ത

തിവൈവശ്യത്താൽ കൂമ്പിയ ഗാത്രം


വിസ്മയപുഷ്പം കണ്ണിൽ വിടരും

സുസ്മിതമഴകിൽ നിൽപ്പൂ നീയും

വാരിപ്പുണരാൻ വന്നു തൊടുമ്പോൾ

നഖരം കൊണ്ടു ചെറുക്കും ക്രോധാൽ

Thursday, 5 June 2025

പുസ്തകപരിചയം - തുന്നിച്ചേർക്കാത്ത വിരൽ

പുസ്തക അവതരണം


ശ്രീ കാവല്ലൂർ മുരളീധരൻ്റെ രചനകൾ ആദ്യമായി അക്ഷരമഷി പുരണ്ടു വരുന്നത് 'തുന്നിച്ചേർക്കാത്ത വിരലുകൾ' എന്ന ഈ കൃതിയിലൂടെയാണ്. 


(പുസ്തകത്തിൻ്റെ പേരു കേട്ടപ്പോൾ ആദ്യം മനസ്സിലേയ്ക്കു വന്നത് അറ്റുപോകാത്ത ഓർമ്മകൾ എന്ന പ്രൊഫ. ടി.ജെ.ജോസഫിൻ്റെ പുസ്തകമാണ്. ജീവിതത്തിൽ അറ്റുപോയത് അദ്ദേഹത്തിൻ്റെ വിരലുകളാണെങ്കിലും അറ്റുപോകാത്ത ഓർമ്മകൾ എന്നാണ് അദ്ദേഹം പുസ്തകത്തിന് ശീർഷകം നൽകിയത്. ജീവിതാനുഭവങ്ങൾ മനുഷ്യനെ എന്തെന്തു മാനസികാവസ്ഥയിലും ഏതേതു ശാരീരിക സ്ഥിതിയിലുമെത്തിക്കുമെന്നതിൻ്റെ നേരാഖ്യാനമായിരുന്നു ആ പുസ്തകം.)


ശ്രീ.മുരളീധരൻ താൻ അനുഭവിച്ച ജീവിതാവസ്ഥകളേയും താൻ കണ്ട ജീവിതാനുഭവങ്ങളേയും സത്യസന്ധമായി ഒരു നാട്ടിൻപുറത്തുകാരൻ്റെ ഋജുബുദ്ധിയോടെ അവതരിപ്പിച്ചിരിക്കുകയാണ്.


ശ്രീ. കാവല്ലൂർ മുരളീധരൻ്റെ കഥകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വായിച്ചപ്പോഴെല്ലാം തികച്ചും ഗ്രാമീണമായ അന്തരീക്ഷവും നിഷ്കളങ്കരും മൂല്യബോധമുള്ളവരുമായ കഥാപാത്രങ്ങളേയുമാണ് കണ്ടുമുട്ടിയത്. പ്രവാസ ജീവിതം അദ്ദേഹത്തെ ഒരിക്കലും നാട്ടിൻപുറത്തിൻ്റെ നന്മയിൽ നിന്നും നാട്ടിടവഴികളുടെ വിശുദ്ധിയിൽ നിന്നും അകറ്റിയിട്ടില്ലയെന്നു കരുതേണ്ടിയിരിക്കുന്നു.


തുന്നിച്ചേർക്കാത്ത വിരൽ എന്ന പുസ്തകം പ്രകാശനം ചെയ്തിരിക്കുന്നത് സാഹിതീ പബ്ലിഷേഴ്സ് പത്തനംതിട്ട ആണ്. നൂറ്റി അറുപതു പേജുവരുന്ന പുസ്തകത്തിൻ്റെ വില 200 രൂപയാണ്.


ശ്രീ.തെന്നൂർ രാമചന്ദ്രൻ്റെ പ്രൗഢമായ അവതാരികയും, ശ്രീ. രാധാകൃഷ്ണൻ വെട്ടത്തിൻ്റെ ആധികാരമായ പഠനവും ഈ പുസ്തകത്തെ കൂടുതൽ മിഴിവുള്ളതാക്കി തീർത്തിരിക്കുന്നു. പ്രസാധക മൊഴിയായി ശ്രീ. ബാലചന്ദ്രൻ ഇഷാരയുടെ കുറിപ്പും എഴുത്തിൻ്റെ നാൾവഴിയെ കുറിച്ചുള്ള കഥാകൃത്തിൻ്റെ വിവരണവും അന്യത്ര ചേർത്തിട്ടുണ്ട്.


(ഈ പുസ്തകത്തെ ചെറുകഥാ സമാഹാരമെന്ന നിലയിലോ ആത്മകഥയെന്ന തരത്തിലോ നോവലൈറ്റ് എന്ന തരത്തിലോ, ഏതു തരത്തിൽ വേണമെങ്കിലും വിവക്ഷിക്കാൻ കഴിയും. കാരണം സംഭവഗതികൾക്ക് തുടർച്ചയും പരസ്പര പൂരകത്വവും കണ്ടെടുക്കാൻ കഴിയും. )


ഏറെക്കുറെ ആത്മകഥാ സ്വഭാവത്തിലുള്ള പുസ്തകത്തെ മൂന്നു ഖണ്ഡങ്ങളായി കാണാനാണ് എനിക്കിഷ്ടം. ഒന്നു മുതൽ പതിനേഴു വരെയുള്ള ഭാഗമായ ഒന്നാം ഖണ്ഡം, തികച്ചും ആത്മകഥാസ്വഭാവത്തിലുള്ളതാണ്. 

രണ്ടാം ഖണ്ഡമായ 18 മുതൽ 22 വരെയുള്ള ഭാഗം  ഒരു തീർത്ഥയാത്രയുടെ വിവരണമാണ്.

 അവസാന ഖണ്ഡം 23 മുതൽ 56 വരെയുള്ള ഭാഗം ഓർമ്മക്കുറിപ്പുകളാണ്. പ്രവാസകാല ജീവിതത്തിൽ തനിക്കു മുൻപിൽ വന്നുപെട്ട കഥാപാത്രങ്ങളേയും സംഭവഗതിയേയും സ്വതസിദ്ധമായ രീതിയിൽ ആവിഷ്കരിച്ചിരിക്കുകയാണിവിടെ. ഈ കുറിപ്പുകൾക്കെല്ലാം ഒരു തുടർച്ചയുടെ അടിയൊഴുക്ക് ശ്രദ്ധിച്ചാൽ കാണാൻ കഴിയും.


 (അതുകൊണ്ടു തന്നെയാണ് ഇതിനെ ഒരു നോവലൈറ്റ് എന്ന തരത്തിൽ കണ്ടാലും തെറ്റില്ലയെന്ന ആശയഗതി സംജാതമായത്.)


സാധാരണ രീതിയിൽ പുരുഷൻമാർക്ക് അമ്മയോടാണ് പ്രത്യേകമായ അടുപ്പവും ആത്മബന്ധവും  കാണുക. അച്ഛനോട് തോന്നുക അകന്നു നിന്നുള്ള ബഹുമാനമായിരിക്കും. ഇവിടെ അച്ഛൻ കഥാകൃത്തിനെ സംബന്ധിച്ചിടത്തോളം ഒരു ജീവിത മാതൃകയാണ്. പുറംനാടുകളിൽ ജീവിച്ചിരുന്നവനെങ്കിലും ഗ്രാമത്തിൻ്റെ സാരള്യവും വിശുദ്ധിയും പ്രകൃതി സ്നേഹവുമെല്ലാം മനസ്സിൽ ആവാഹിച്ച് കർമ്മനിരതനായി കഴിഞ്ഞവനാണ് അച്ഛൻ.. അച്ഛൻ്റെ കരളുറപ്പും കരളിലെ കനിവും വിളിച്ചോതുന്നതാണ് ആദ്യ അദ്ധ്യായം തന്നെ.


 സ്വന്തം ശരീരഭാഗമായ വിരൽ വേർപെട്ടു പോകുമ്പോൾ പോലും മന:സ്ഥൈര്യത്തോടെ നേരിടുകയും തുടർപ്രവർത്തികളിൽ വ്യാപരിക്കുകയും ചെയ്യുന്ന അച്ഛൻ വല്ലാത്തൊരനുഭവമാണ്. അതു വായിച്ചപ്പോൾ സ്കൂൾ കാലയളവിലുണ്ടായ സ്വന്തം അനുഭവം ഞാനോർത്തു പോയി. അടുക്കളപുറത്തെ ഇറയത്ത് ചക്ക വെട്ടുകയാണ് അമ്മ. ചക്കച്ചുള എടുക്കാനായാണ് ഞാൻ അടുത്തു ചെന്നത്. ഒരു നിമിഷം ശ്രദ്ധ മാറിയതു കൊണ്ടോ എന്തോ ചക്ക വെട്ടിയതും പെരുവിരലിൻ്റെ പകുതി ഭാഗം അറ്റുപോയി. അറ്റ വിരൽഭാഗം പുരപ്പുറത്തേയ്ക്കെറിഞ്ഞ് വിരലിൽ ഒരു തുണി ചുറ്റി വീണ്ടും ചക്ക വെട്ടുകയാണ് അമ്മ. അത്തരത്തിലുള്ള മന:സ്ഥൈര്യം നമുക്കില്ലാതാകുന്നു. അല്ലെങ്കിൽ തന്നെ പഴയ കാലവും ആളുകളും തിരികെ വരികയില്ലെന്ന തിരിച്ചറിവ് നാം എന്നേ നേടിക്കഴിഞ്ഞു.


താൻ ഓമനിച്ച് വളർത്തിയ പശു വിറ്റൊഴിവാക്കിയിട്ടും പിൻതിരിഞ്ഞ് പോകാതെ നിൽക്കുമ്പോൾ ആ രംഗം കാണാൻ വയ്യാതെ കതകടയ്ക്കുന്ന അച്ഛൻ്റെ മൗനനൊമ്പരം നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നു. മനക്കട്ടിയും മനസ്സലിവും ഒരേ സമയം ഒരാളിൽ കാണപ്പെടുമ്പോൾ അയാൾ പ്രകൃതിക്ക് പ്രിയംകരനാകുന്നു.


അച്ഛൻ മരിച്ചു കഴിഞ്ഞുള്ള ഭാഗം കഥാകൃത്ത് അവതരിപ്പിച്ചത് ഹൃദയസ്പൃക്കായി. 

"അച്ഛൻ മരിച്ചപ്പോൾ ചടങ്ങു നടത്താൻ വീടിനു മുമ്പിൽ ഷീറ്റു കെട്ടണമോയെന്ന് ചോദിച്ചു.

ഞാൻ പറഞ്ഞു വേണ്ടെന്ന്. അച്ഛൻ പോകുമ്പോൾ അച്ഛൻ്റെ എല്ലാമെല്ലാമായ ആരണ്യകം എന്ന വീടും പറമ്പും നിറഞ്ഞു കാണട്ടെ. വളർന്ന് പടർന്ന് കിടക്കുന്ന അശോക ചെത്തിയും നെല്ലിയും മാവുകളും മറ്റു മരങ്ങളും അവരും അച്ഛനെ യാത്രയാക്കാൻ കൂടെ കൂടണം. അവർക്കെല്ലാം കാണാനാകണം".

പ്രകൃതി സ്നേഹിയായ അച്ഛന് അർപ്പിക്കാവുന്ന ആദരം,ചെയ്യാവുന്ന തിലോദകം . 

അറ്റുപോയ വിരലുകൾ എന്ന ആദ്യ അദ്ധ്യായം കൊണ്ടുതന്നെ കഥാകൃത്തിൻ്റെ ഉൾക്കാഴ്ചയും രചനാ പാടവവും വായനക്കാരന് ബോദ്ധ്യപ്പെടുന്നു.



ഒന്നു മുതൽ പതിനേഴു വരെയുള്ള അദ്ധ്യായങ്ങളിലായി വിവരിക്കപ്പെടുന്നത് അച്ഛൻ്റെ സാന്നിദ്ധ്യം കുടുംബത്തിൽ പൊതുവേയും കഥാകാരനിൽ പ്രത്യേകിച്ചും ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും കുടുംബാന്തരീക്ഷത്തിലുണ്ടായ നുറുങ്ങു സന്തോഷങ്ങളെപ്പറ്റിയും സന്താപങ്ങളെ പറ്റിയുമാണ്. തത്വചിന്താപരമായ ജീവിതവീക്ഷണത്തിൻ്റെ സ്ഫുരണങ്ങൾ സംഭാഷണങ്ങളിൽ അവിടിവിടെയായി കാണാം.

മഹാമാരിയുടെയും പ്രളയത്തിൻ്റെയും കാലത്ത് ഒരു പ്രവാസിക്ക് അനുഭവിക്കേണ്ടി വന്ന അന്ത:സംഘർഷങ്ങൾ വികാരതീവ്രത ചോർന്നുപോകാതെ അവതരിപ്പിക്കാൻ ശ്രീ.മുരളീധരനു കഴിഞ്ഞു.


കൊല്ലങ്കോടു വഴി എന്നു തുടങ്ങി മടക്കം എന്നതിൽ അവസാനിക്കുന്ന അഞ്ച് അദ്ധ്യായങ്ങൾ രാമേശ്വരം തീർത്ഥയാത്രയെക്കുറിച്ചുള്ള കുറിപ്പുകളാണ്. ഈ യാത്ര അച്ഛൻ്റെ മരണാനന്തര ചടങ്ങിൻ്റെ ഭാഗമായാണ് എന്നതിനാൽ ഇതു കൂടി ആദ്യ ഖണ്ഡത്തിൻ്റെ കൂടെ ചേർത്താലും അനുചിതമാകില്ല.


തൻ്റെ പ്രവാസകാല ജീവിതത്തിൽ പരിചയപ്പെട്ട വ്യക്തികൾ, സംഭവങ്ങൾ, ഓർമ്മകൾ തുടങ്ങിയവയാണ് തുടർന്നങ്ങോട്ടുള്ള കുറിപ്പുകൾ. 


ഊഷരഭൂമിയിൽ തൊഴിൽ തേടിയെത്തിയ ഒരു യുവാവിനെപ്പറ്റിയും  അയാൾ തൻ്റെ മകന് സമ്മാനം വാങ്ങിക്കൊടുക്കാനായി ചെയ്യുന്ന കഠിനമായ ജോലികളുമൊക്കെയാണ് പഠാൻ്റെ മകൻ എന്ന കഥയിൽ.


24 മുതൽ 35 വരെയുള്ള കുറിപ്പുകൾ കലാലയകാലഘട്ടത്തിലെ എൻ.സി.സി.കേഡറ്റ് പരിശീലന കാലത്ത് ഉണ്ടായ സ്ത്രീ സൗഹൃദത്തെക്കുറിച്ചും അതിൽ അന്തർഭവിച്ച പ്രണയത്തിൻ്റെ മിന്നലാട്ടത്തെക്കുറിച്ചുമാണ്. ജുനു ബർമൻ ...... എന്ന വടക്കേ ഇൻഡ്യക്കാരി സഹപരിശീലക തൻ്റെ സുഹൃത്തായതും ഏറെക്കാലത്തെ വേർപാടിനുശേഷം പരസ്പരം  കത്തുകളിലൂടെ ഓർമ്മകൾ ഉണർത്തുന്നതുമാണ് ഈ ഭാഗങ്ങളിൽ വിവരിക്കുന്നത്. പശ്ചാത്തലം വടക്കു കിഴക്കൻ സംസ്ഥാനങ്ങളാണ്. പ്രത്യേകിച്ച് ഷില്ലോങ് ഉൾപ്പെടുന്ന മേഘാലയ '. ഊഷരമായ അറേബ്യൻ മരുഭൂമിയിലെ ജീവിതത്തെപ്പോലെ തന്നെ പ്രാധാന്യത്തോടെ ഓർത്തെടുക്കുകയാണ് ഉർവ്വരമായ വടക്കുകിഴക്കൻ സംസ്ഥാനത്തെ. അവിടെ ജീവിച്ചത് വളരെ ഹ്രസ്വമായ കാലയളവാണെങ്കിലും ആ ഓർമ്മകൾക്ക് നക്ഷത്രത്തിളക്കമാണുള്ളത്.


പറയാതെ പോയ പ്രണയത്തിൻ്റെയും അറിയാതെ പോയ ഇഷ്ടത്തിൻ്റെയും ഓർത്തെടുക്കലാണ് 'പ്രണയത്തിൻ്റെ മിന്നാമിനുങ്ങുകൾ'.


തുടർന്നങ്ങോട്ട് പ്രണയാർദ്രമായ കവിത പോലെ അടയാളപ്പെടുത്തപ്പെട്ട കുറിപ്പുകളാണ്. വിജയങ്ങൾ എന്നും മനസ്സിൽ മാത്രം സൂക്ഷിക്കുന്ന അപൂർവം വ്യക്തികളിലൊരാളാണ് താൻ ഇഷ്ടപ്പെട്ട വ്യക്തിയെന്ന് ജുനു നിരീക്ഷിക്കുന്നു, 'കാഴ്ചകൾക്കപ്പുറത്ത്' എന്ന കുറിപ്പിൽ.


 തന്നോടുതന്നെയുള്ള ദേഷ്യങ്ങളും വെറുപ്പുകളും സങ്കടവുമെല്ലാം ഊർജ്ജമാക്കിമാറ്റിയതിനെ പറ്റി പറയുന്ന, തന്നിലെ, തന്നെ പരിചയപ്പെടുത്തുന്ന സ്നേഹിതനായ മുര, 'യാഥാർത്ഥ്യങ്ങൾ' എന്ന കുറിപ്പിൽ. 


തൻ്റെ ദുരനുഭവങ്ങൾ,കുടുംബ സംബന്ധമായ കടങ്ങൾ വീട്ടാനായി വീടുവിട്ടത്, ബോംബേജീവിതം, മരുഭൂമിയിലേയ്ക്കുള്ള പലായനം എല്ലാം സവിസ്തരം പ്രതിപാദിക്കുന്ന കുറിപ്പുകൾ. മറ്റാരും പ്രണയിക്കാനില്ലാത്തവന് പ്രണയിക്കാൻ നല്ലത് മരുഭൂമിയാണെന്ന് ചിന്തിക്കുന്നു 'മരുഭൂമിയിലേയ്ക്ക്' എന്ന അദ്ധ്യായത്തിൽ.


മരുഭൂമിയിൽ നിന്നും ഓർമ്മകൾ പാറി വന്നെത്തുന്നത് കനത്ത തുള്ളിയുള്ള മഴയോർമ്മയുമായി ചിറാപുഞ്ചിയിലാണ്. കലാലയകാലഘട്ടത്തിലെ പരിശീലനത്തിൻ്റെ ഓർമ്മത്തുരത്തിൽ. ബറാപാനി തടാകത്തിൻ്റെയും ഉംറായ് കാൻറ്റിൻ്റേയും ഓർമ്മകൾ ഉണർത്തി ജുനു പറഞ്ഞത് അന്ന് നിൻ്റെ സാന്നിദ്ധ്യമായിരുന്നു എൻ്റെ ധൈര്യം എന്നാണ്. എന്നാൽ കേൾക്കാൻ കൊതിച്ചതൊന്നും നിൻ്റെ വായിൽ നിന്ന് വന്നില്ലയെന്നും.

വടക്കുകിഴക്കൻ സംസ്ഥാനത്തെ പരിശീലനത്തിനിടയിൽ കണ്ടുമുട്ടിയ ഹവിൽദാർ നാരായണേട്ടൻ്റെ ഓർമ്മകൾ കത്തിലൂടെ പുനർജനിക്കുന്നു. നാടിനേയും വീടിനേയും ഓർക്കാൻ നാടൻ പലഹാരങ്ങൾ ഉണ്ടാക്കുന്ന നാരായണേട്ടൻ. ബാരക്കിനു മുകളിൽ വീണ മരം മുറിക്കുന്നതിനിടെ മരണം കവർന്നെടുത്ത മനുഷ്യസ്നേഹി.


ജൂനുവിൻ്റെ മറുപടി കത്തിൽ മുരയെ വിശേഷിപ്പിക്കുന്നത് വേദനകൾ കുഴിച്ചിട്ട് നനച്ചു വളർത്തി വലിയൊരു മരമാകുമ്പോൾ അതിൻ്റെ തണൽ ആസ്വദിക്കുന്നയാൾ എന്നാണ്. "എല്ലാം ഉള്ളിലൊളിപ്പിക്കുന്ന നിൻ്റെ ജാലവിദ്യ പഠിക്കണം. നീയറിയാതെ നീയൊളിപ്പിക്കുന്ന പ്രണയവും". 'വേദനയുടെ മറുപുറങ്ങൾ' എന്ന അദ്ധ്യായത്തിൽ ജുനു പറയുന്നു.

പ്രണയ തിരസ്ക്കാരത്തിൻ്റെ ഓർമ്മപ്പെടുത്തൽ നടത്തുകയാണ് ജുനു തൻ്റെ കത്തിലൂടെ. തികഞ്ഞ നിർമമത്വം പുലർത്തി പരിശീലനാനന്തരം ഗോഹട്ടിയിൽ, തന്നെ ഒറ്റയ്ക്കാക്കി ഒരു വാക്കുപോലും പറയാതെ അകന്നുപോയ മുരയെ ഓർത്തു കൊണ്ട് ജുനു എഴുതിയ കത്താണ് 'തുറക്കാത്ത മനസ്സ്' എന്ന അദ്ധ്യായത്തിൽ നിവർത്തി കാണിക്കുന്നത്.


ഓർമ്മകളുടെ മറ്റൊരു ഭാഗത്തേയ്ക്ക് കടക്കുകയാണ്. 36 മുതൽ 56 വരെയുള്ള അദ്ധ്യായങ്ങളിൽ. പ്രളയത്തിൻ്റെ ഓർമ്മ ചിത്രവും ആനകൾക്കിടയിൽ കഴിഞ്ഞ വാഴച്ചാൽ അനുഭവവും  ഇക്കൂട്ടത്തിലുണ്ട്.


 വിരസമായ ദിവസം, കാഴ്ചകൾക്കു പിറകേ പോകുന്ന മനസ്സ്, കനത്ത ചൂടിൽ ഉരുകിത്തീരുന്ന മനസ്സ് അനുഭവങ്ങളുടെ വേവുമായി കഴിഞ്ഞ കാലങ്ങൾ ഇതെല്ലാമാണ് കുറിപ്പുകളായി തുടർന്നുള്ള അദ്ധ്യായങ്ങളിൽ പ്രവാസ ജീവിതത്തിൽ കണ്ടുമുട്ടിയ ചില അപൂർവ്വ വ്യക്തികളെ ഓർത്തെടുക്കുന്നതാണ് തുടർന്നങ്ങോട്ടുള്ള അദ്ധ്യായങ്ങൾ '


 ബംഗ്ലാദേശുകാരനായ ഭുയ്യാൻ അത്തരത്തിൽ ഒരു യുവാവായിരുന്നു. കലാപത്തിൽ വീട് കത്തിയെരിഞ്ഞ് അമ്മ മരിച്ച സംഭവം ഭുയ്യാനെ തളർത്തി. അമ്മയ്ക്ക് പുതിയ വീടുവയ്ക്കാനായി വന്നതാണ്. ഇനി മടങ്ങുന്നു. ഒരിക്കൽ ഷില്ലോങ്ങിൽ നിന്ന് ഭുയ്യാൻ വിളിച്ചു. തുണിക്കച്ചവടം നടത്തുകയാണെന്നും ആരുമില്ലാത്ത 50 അമ്മമാർക്കായി  ഒരു സ്ഥാപനം നടത്തുകയാണെന്നും അറിയിച്ചു. സുകൃതം ചെയ്ത ആ ജന്മത്തെ വീണ്ടും കണ്ടുമുട്ടാമെന്ന കഥാകൃത്ത് പ്രത്യാശിക്കുന്നു. 


'ഗതിവിഗതികൾ' എന്ന അദ്ധ്യായത്തിൽ പരിചയപ്പെടുത്തുന്നത് പാലക്കാട്ടുകാരൻ അബ്ദുവിനെയാണ്. സമ്പാദിച്ചപണമത്രയും കൊണ്ട് നാട്ടിൽ ബിസിനസ് ചെയ്തു സമ്പൂർണ്ണ കടക്കാരനായി വീണ്ടും മരുഭൂമിയിലെത്തി. നാട്ടിൽ ബിസിനസ് ചെയ്യാൻ പ്രവാസം കഴിഞ്ഞ മലയാളി അയോഗ്യനാണെന്ന് കഥാകൃത്ത് നിരീക്ഷിക്കുന്നു.


ഭൂതകാലസ്മൃതികളിൽ ആദ്യം ജോലി ചെയ്ത മണൽക്കാറ്റും പാറക്കെട്ടുകളുമുള്ള സ്ഥലത്തെ ഓർത്തെടുക്കുകയാണ്. ഒരു ഉറപ്പും ഇല്ലാത്ത ജോലി. ഒടുവിൽ യാത്രയാകേണ്ടി വരുന്ന അനുഭവം 'സമ്മർദ്ദം' എന്ന അദ്ധായത്തിൽ കാണാം.


ഏതു സാഹചര്യത്തിലും ജീവിക്കാൻ പഠിപ്പിച്ച ബോംബെ നഗരം, പുസ്തകങ്ങളുമായി അഭിരമിച്ച റെയിൽവേ പ്ലാറ്റ് ഫോം ഓർമ്മപ്പെടുത്തുന്നു 'ബദ്ലാപ്പൂർ സെമിഫാസ്റ്റി'ൽ


യുദ്ധഭൂമിയിൽ താൻ തനിച്ചാണെന്നും പടപൊരുതി ജയിക്കേണ്ടത് തന്നോടു തന്നെയെന്നും ഓർമ്മപ്പെടുത്തുന്നു 'യുദ്ധം' എന്ന അദ്ധായത്തിൽ.


നമ്മുടെ ഉള്ളിൽ ഒരാളെ നാം എപ്പോഴും ഒളിപ്പിച്ചു കൊണ്ടു നടക്കും. ആരും കാണാത്ത ഒരാൾ. ആരുടെ മുന്നിലും പ്രദർശിപ്പിക്കാത്ത ഒരാൾ. അയാളാണ് നമ്മളിലെ യഥാർത്ഥ മനുഷ്യൻ. 'കടൽ' എന്ന അദ്ധ്യായത്തിൽ പറയുന്നു. "ഞാൻ തന്നെയാണ് കടൽ. നിഗൂഢമായ കടൽ" . കഥാകൃത്ത് സ്വയം വിലയിരുത്തുന്നു.


സ്വയം സൃഷ്ടിച്ച തടവറയിൽ കഴിയുന്ന മനുഷ്യരെ പറ്റി പറയുന്നു 'തടവറകൾ' എന്ന ഭാഗത്ത്.

മരുഭൂമികൾ തുറന്നുവച്ച വലിയൊരു പുസ്തകമാണ് ജീവിതമെന്ന് 'മരുഭൂമിയിലെ ഒട്ടകം' എന്ന ഭാഗത്ത് പറയുന്നു. 


വിരസതയെ താലോലിച്ചിരിക്കുമ്പോൾ വിശാലമായ പുഞ്ചപ്പാടത്തിൻ്റെ കിഴക്കേ മാനത്ത് മഴവില്ലിൻ്റെ സ്വപ്നത്തിലേയ്ക്ക് വഴുതി വീഴുന്ന അനുഭവമാണ് 'മഴവില്ലുകൾ നിറയുമ്പോൾ 'എന്ന ഭാഗത്ത് വിവരിക്കുന്നത്.


നേപ്പാളുകാരൻ റാം ബഹാദുർ റാണെ എന്ന ഓഫീസ് ബോയ് നാട്ടിൽ കുടുംബത്തോടൊപ്പം കഴിയാൻ പോകുന്നതും തനിക്ക് അത്തരം ചിന്ത ഇല്ലാത്തതെന്തെന്ന് ആലോചിക്കുകയും ചെയ്യുന്നു 'തിരിച്ചു പോകുന്നവർ' എന്ന ഭാഗത്ത്.


യന്ത്രവൽക്കരണം നിറം കെടുത്തിയ നാരായണി അമ്മുമ്മയുടെ ദൈന്യം ആണ് 'ഓർമ്മയുടെ ഉത്സവങ്ങളിൽ' എന്ന അദ്ധ്യായത്തിൽ.


വാഴയിലയിലെ ചോറ് ,ഫറോക്ക് ഒരോർമ്മ, സൂര്യോദയങ്ങൾ തുടങ്ങിയവയും ഓർമ്മയുടെ ചിറകിലേറി സഞ്ചരിക്കുമ്പോൾ കണ്ണിൽ പെട്ട കാര്യങ്ങളാണ്.


'എല്ലാവർക്കും ജയിക്കണം. ഒരു ഭൂമിയിലാണ് നാമെല്ലാം ജീവിക്കുന്നത്. ചെറിയ വിജയങ്ങളിൽ അഹങ്കരിച്ച് മറ്റുള്ളവരുടെ തകർച്ചകൾ ആഘോഷിക്കുകയാണ് നാം " 'അഹങ്കാരത്തിൻ്റെ ആഘോഷങ്ങൾ' എന്ന ഭാഗത്ത് കഥാകാരൻ നിരീക്ഷിക്കുന്നു.


 ഖുറൂജ് എന്ന ഭാഗത്തോടെ അറ്റുപോയ വിരലുകൾ എന്ന പുസ്തകം സമാപ്തമാവുകയാണ്. മകളുടെ വിവാഹത്തിൻ്റെ കടം വീട്ടാൻ ആവതില്ലായ്മ മറന്ന് പ്രവാസജീവിതത്തിലേയ്ക്ക് മടങ്ങി വന്ന കരിം അനിശ്ചിതത്വത്തിൻ്റെ അവസാനം പെട്ടെന്നൊരു നാൾ ഖറൂജ് അടിച്ചു കിട്ടി പ്രവാസം അവസാനിപ്പിക്കുമ്പോൾ മടങ്ങുന്നത് വെറുംകൈയോടെ. ഒരു പ്രവാസിയുടെ സങ്കടകരമായ ജീവിതാനുഭവം പറഞ്ഞു കൊണ്ട് തൻ്റെ ജീവിതവും മുന്നിൽ കണ്ട ജീവിതാനുഭവങ്ങളും നമുക്കു മുന്നിൽ അവതരിപ്പിക്കുകയാണ്.


കയ്യടക്കമുള്ള രചനാശൈലി, ആർജ്ജവത്തോടെയുള്ള അവതരണം, തത്വചിന്താപരമായ നിരീക്ഷണങ്ങൾ, മുതലായവ ഈ കൃതിയ്ക്ക് നല്ല വായനാനുഭവം നൽകുന്നു. ശ്രീ കാവല്ലൂരിൻ്റെ തൂലികയിൽ നിന്നും കൂടുതൽ മികവാർന്ന കൃതികൾ നമുക്ക് പ്രതീക്ഷിക്കാം.















Wednesday, 4 June 2025

നിഴൽ

നിഴൽ 


ഒരു മാത്ര വെറുതെ നിനച്ചു പോയെന്നിലെ എന്നെ ഞാനെന്തു വിളിച്ചിടേണ്ടു

സ്വത്വം തിരയും എനിക്കു ഞാനെൻ്റെയായ് കരുതുന്നതൊക്കെയും എൻ്റെ സ്വത്വം

പ്രതിരൂപമായത് പിന്തുടർന്നെത്തിടും നിഴലായതു നമ്മൾ മൃത,രാകുവോളം

നിഴലിനെ പേടിച്ചിരുട്ടത്തിരുന്നു ഞാൻ,

കുഞ്ഞു മനസ്സെത്ര ലോലമതോർത്തു നോക്കൂ

നിഴലുപോൽ പിൻപറ്റിയെത്ര പേർ നമ്മളെ

അനുധാവനം ചെയ്തു ജീവിതത്തിൽ

നമ്മൾ നാം നമ്മുടേതെന്നു കരുതുന്ന

നിഴലും നമുക്കന്യമാണു തിട്ടം

സന്തതം കൂടെക്കഴിയുവാൻ കൽപ്പിച്ച്

സർവ്വസാക്ഷി സൂര്യനേകി നിന്നെ

ചെറ്റുമഹങ്കാരമില്ല നിനക്കുള്ളിലെൻ്റെ

മേലൊട്ടുവളർന്നു പോയാൽ

ഒട്ടുമസൂയയും നിന്നുള്ളിൽ കണ്ടില്ല

ഞാനൊട്ടുയർന്നു വളർന്നുപോയാൽ

നിറമുള്ള മോഹങ്ങളൊന്നും നിനക്കില്ല

ഇരുളിൻ്റെ കുപ്പായമെത്രയിഷ്ടം

ഒന്നോർക്കിൽ നീ നിറം മാറാതെ നിന്നിടും 

മരണം വരെയും ഒരേ നിറത്തിൽ

എല്ലാ രഹസ്യവും നിൻ നിഴൽമായയിൽ

എന്നും വെളിച്ചപ്പെടുകയില്ല.

കാളിമ മൂടിയ കാണാക്കഥകളെ യുള്ളിലൊളിപ്പിച്ച കാരണത്താൽ

എന്നും കറുത്തതായ് തന്നെയിരിക്കുന്നു

നീയെന്ന സത്യം പരമതത്വം

എല്ലാം കഴിഞ്ഞു കറുത്ത മരണമായ്

എന്നിൽ മറഞ്ഞതും നീ തന്നെയാം













ഇടവപ്പാതി



തുള്ളിക്കൊരു കുടമെന്ന കണക്കെ

ഇടവപ്പാതിയിൽ മഴ പെയ്യും

ആറുകൾ തോടുകൾ വയലുകളെല്ലാം

ഒന്നായ് വെള്ളം കയറുമ്പോൾ

കുട്ടികളെല്ലാം ആർത്തു വിളിക്കും

നീന്തി മദിക്കാൻ രസമല്ലോ!

ചോരാ കുടിലുകളില്ലാത്തവരുടെ

ഉള്ളം പിടയുവതാരറിയാൻ!

മടവീണെന്നാൽ കൃഷികൾ നശിക്കും

മിഴിനീർ തൂകും കർഷകരും

വല്ലാക്കാലമിതെല്ലാക്കൊല്ലോം

വന്നിടുമെന്നാലെപ്പോഴും

ഒരുപോലാവുകയില്ല ചിലപ്പോൾ

ആപത്തൊഴിവായ് പോയീടും