ജീവിതസായാഹ്ന വർണ്ണങ്ങൾ
ആയുസ്സിൻ പുസ്തകത്താളിൽ പകർത്തിയ
ആവർത്തിതമാം കഥയാണു ജീവിതം
കൊണ്ടും കൊടുത്തും ഭ്രമിച്ചും വരിച്ചും
കൊണ്ടാടിയെങ്കിലും ദുഃഖാന്തമായത്
ഓർമ്മകളെന്നും ദലമർമ്മരങ്ങളായ്
ഓർമ്മപ്പെടുത്തുന്നു പോയ കാലത്തിനെ
മന്ദമായ് വേഗമാർന്നുന്മത്തമായത്
ജീവവൃക്ഷത്തെയുലയ്ക്കുന്നിടയ്ക്കിടെ
അണയാത്ത കാമനകൾ സ്വപ്നമായ്
അറിയാതരങ്ങേറി മേളനമാടുന്നു
വിഭ്രമ ചിത്തവും വിദ്വേഷ ചിന്തയും
പുത്തൻ വഴിച്ചാൽ തുറക്കുവതെന്തിനോ?
പ്രത്യാശയാകുവാനെന്തിനി കാലമേ
ജീവിതസായാഹ്ന വർണ്ണങ്ങളാവുമോ?
ആയുസ്സൊടുങ്ങുന്ന കാലത്ത് ഓർക്കുവാൻ
ആറടിമണ്ണിലെ നിദ്രതൻ ശാന്തിയോ?
No comments:
Post a Comment