Monday, 6 January 2025

പുതുവർഷം 2025

പുതുവർഷം 2025

ഒരു സവിശേഷ വർഷത്തിനു ശേഷം മറ്റൊരു സവിശേഷ വർഷത്തിലേയ്ക്ക് നാം കാലെടുത്തു വയ്ക്കുകയാണ്. നാലു കൊല്ലത്തിൽ ഒരിക്കൽ മാത്രമുള്ള അധിവർഷമാണ് നാം കടന്നുപോന്നത്. നമ്മൾ പ്രവേശിക്കുന്നതാവട്ടെ 21-ാം നൂറ്റാണ്ടിൻ്റെ ആദ്യപാദത്തിൻ്റെ അന്ത്യത്തിലേയ്ക്കാണ്. ഈ നൂറ്റാണ്ടിൻ്റെ രജതജൂബിലി വർഷത്തിലേയ്ക്കാണ്.
സംഖ്യാശാസ്ത്ര പ്രകാരവും ഈ വർഷം സവിശേഷതയാർന്നതാണ്. 2025 ഒരു പൂർണ്ണ വർഗ്ഗ (Perfect Square)മാണ്. ഈ നൂറ്റാണ്ടിലെ ആദ്യത്തേത്. ഇതിനു മുമ്പ് 1936 ൽ സംഭവിച്ചു.
9,5 എന്ന രണ്ടു സംഖ്യകളുടെ വർഗ്ഗങ്ങളുടെ ഗുണിത(Product)വുമാണിത്.. 40, 20,5 എന്നീ സംഖ്യകളുടെ വർഗ്ഗങ്ങളെ സങ്കലനം ചെയ്താലും 2025 കിട്ടും അതുമല്ല, ഒന്നു മുതൽ 9 വരെ തുടർച്ചയായുള്ള സംഖ്യകളുടെ മൂന്നാം വർഗ്ഗ(cube)മെടുത്ത് സങ്കലനം ചെയ്താലും തൻവർഷം കിട്ടും.

സങ്കടങ്ങളുടേയും സന്തോഷങ്ങളുടേയും ഇരവുപകലുകൾക്ക് കഴിഞ്ഞു പോയ വർഷത്തിൽ നാം സാക്ഷ്യം വഹിച്ചവരാണ്.
ഒരു ജനതയും അവരുടെ ജനപദവും ഒലിച്ചു പോയത് ദുഃഖനിമീലിതനേത്രങ്ങളോടെ നിസ്സഹായരായി കണ്ടുനിന്നു. ഒരു ദേശത്ത് നരമേധവും നാരീമേധവും തീർത്ത മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല. സാഹിത്യനഭോമണ്ഡലത്തിൽ തിളങ്ങി നിന്ന താരകത്തെ 'കാലം' കവർന്നെടുത്തു. മൗനത്തിനും ഭാഷയുണ്ടെന്ന് പ്രശാസനനൈപുണിയിലൂടെ തെളിയിച്ച ഭരണതന്ത്രജ്ഞനും കഥാവശേഷനായി. ഗസയിലും സിറിയയിലും ഉക്രയിനിലും ഉയർന്ന വെടിയൊച്ചകൾ ഇനിയും ശമിച്ചിട്ടില്ല. ആഗോള അശാന്തി വിട്ടുപോയിട്ടില്ല.

കായിക രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും ഉണ്ടായ കുതിപ്പ് നമുക്ക് സന്തോഷം നൽകി.

പുതിയ വർഷത്തിലേയ്ക്ക് നമുക്ക് പ്രത്യാശയോടെ പ്രവേശിക്കാം. 

പുതിയ കാൽവയ്പ്പ്
പുതിയ പ്രതീക്ഷ
പുതിയ ആവിഷ്ക്കാരം

എല്ലാവർക്കും പുതുവത്സരാശംസകൾ


No comments:

Post a Comment