1
ശ്രീ.ബി. പ്രേമാനന്ദ് ആയിരുന്നു തുടർച്ചയായി ബാബയെ വെല്ലുവിളിച്ചു കൊണ്ടുള്ള സംവാദങ്ങൾക്ക് തുടക്കമിട്ടത്. കൂടാതെ അക്കാലത്ത് ശ്രീലങ്കയിൽ പ്രവർത്തിച്ചു വന്നിരുന്ന യുക്തിവാദിയും നിരീശ്വരവാദിയുമായ
ഡോ. ഏ. റ്റി. കോവൂരും ശ്രീ. ജോസഫ്
ഇടമറുകും
അത്തരം സംവാദങ്ങൾക്ക് തുടർച്ചയുണ്ടാക്കി. സായി ബാബയുടെ ആശ്രമത്തിൽ നിന്ന് അദ്ദേഹത്തിൻ്റെ സെക്രട്ടറി ആയിരുന്ന ഡോ. എൻ. കസ്തൂരിയാണ് പലപ്പോഴും വിമർശനങ്ങൾക്ക് മറുപടി പറഞ്ഞിരുന്നത്.
ആ കാലഘട്ടത്തിൽ വാരികകൾ വരാൻ എന്നെ പോലുള്ളവർ ആകാംക്ഷയോടെ കാത്തിരുന്നിട്ടുണ്ട്; ആ സംവാദങ്ങളുടെ സത്ത ഉൾക്കൊള്ളാൻ. ദിവ്യാദ്ഭുത അനാവരണ പരിപാടികൾ ഇൻഡ്യയിൽ നടത്താൻ 1976 ൽ ശ്രീ.കോവൂർ എത്തിയതോടെ രംഗം കൂടുതൽ ചൂടുപിടിച്ചു. സായി ബാബ കാണിച്ച പല അദ്ഭുത പ്രവർത്തികളും ദൈവികമല്ല എന്നും കയ്യടക്കമുള്ള ഏത് ജാലവിദ്യക്കാരനും ചെയ്യാവുന്നതേയുള്ളൂ എന്നുമാണ് അവർ സ്ഥാപിക്കാൻ ശ്രമിച്ചത്. ബാബ അന്തരീക്ഷത്തിൽ നിന്ന് വിഭൂതി സൃഷ്ടിച്ച് വിശ്വാസികൾക്ക് നൽകിയിരുന്നു. അതുപോലെ തങ്ങൾക്കും ചെയ്യാനാകുമെന്നവർ സമർത്ഥിച്ചു. ബാബ ഏതോ വിദേശ ഭക്തന് സ്വർണ്ണ
മോതിരം ദിവ്യശക്തിയാൽ ആവാഹിച്ചെടുത്ത് നൽകി. അതിനെതിരേ നിയമ നടപടികൾക്ക് യുക്തിവാദി സംഘടനകൾ നീങ്ങി. അതെവിടെയും എത്തിയില്ല എന്നത് വേറൊരു കാര്യം.
പുരോഗമന ചിന്തയിൽ ആകൃഷ്ടനാകുകയും യുക്തിചിന്തയിൽ അധിഷ്ഠിതമായി പഠിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ എന്നിലും സത്യസായിബാബയെപ്പറ്റി ഒരു
നെഗറ്റീവ് ചിന്തയാണ് രൂപപ്പെട്ടത്.
ഇന്നിപ്പോൾ ഇതെഴുതാൻ സംഗതിയായത് ഞാൻ പുട്ടപർത്തി സന്ദർശിക്കുകയും ഒരാഴ്ചക്കാലം അവിടെ സേവനം ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ്.
സത്യസായിബാബ ദൈവമാണെന്നോ
ദൈവമയച്ച പ്രതിനിധിയാണന്നോ അദ്ദേഹത്തിൻ്റെ വിശ്വാസിസമൂഹം കരുതുന്നു. അവരുടെ വിശ്വാസത്തിന് നിദാനമായി ധാരാളം അനുഭവസത്യങ്ങൾ അവർക്ക് പറഞ്ഞുവയ്ക്കാനുമുണ്ട്. സത്യത്തിൽ അനുഭവങ്ങളാണല്ലോ നമ്മെ വിശ്വസിപ്പിക്കുന്നതു്.അനുഭവത്തോളം വരുന്ന ഒരു സാക്ഷ്യപത്രവും ഇല്ല തന്നെ.
തികഞ്ഞ നാസ്തികനും തീവ്രവിപ്ലവപ്രസ്ഥാനത്തിലെ മുന്നണിപ്പോരാളിയുമായിരുന്ന ശ്രീ. ഫിലിപ്പ്. എം. പ്രസാദ് ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞ വാക്കുകളാണ് എൻ്റെ മനസ്സിൽ ഓർമ്മ വരുന്നത്. അദ്ദേഹത്തിൻ്റെ മാതൃസഹോദരി ചോദിച്ചുപോലും
" എന്നാലും പ്രസാദേ ..
ദൈവമില്ല എന്നു പറഞ്ഞു നടന്ന നീയെങ്ങനെ സായി ഭക്തനായി. "
അതിന് ശ്രീ. പ്രസാദ് കൊടുത്ത മറുപടി ചിന്തനീയമാണ്.
"എനിക്ക് സെൻ്റ് തോമസിൻ്റെ സ്വഭാവമാണ് ആൻ്റീ. എന്തു കാര്യവും നേരിട്ടു ബോദ്ധ്യപ്പെട്ടേ വിശ്വസിക്കുകയുള്ളൂ ".
ക്രൂശിതനായി, ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവിൻ്റെ തിരുമുറിവിൽ വിരൽ കടത്തി നോക്കി സത്യമോ എന്ന് ബോദ്ധ്യപ്പെട്ട ക്രിസ്തുശിഷ്യൻ്റെ കാര്യമാണ് പ്രസാദ് സൂചിപ്പിച്ചത്.
ഏ.റ്റി.കോവൂർ
ഞാൻ നടാടെയാണ് പുട്ടപർത്തിയിൽ പോയത്. വിദ്യാർത്ഥി കാലഘട്ടത്തിൽ രൂപപ്പെട്ട സായി ബാബയെപ്പറ്റിയുള്ള എല്ലാ നെഗറ്റീവ് ധാരണകളോടും കൂടി. അവിടെയെത്തിയപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞത് വിശ്വാസികളായ ആയിരങ്ങളെയാണ്. അവർക്കെല്ലാം പറയാനുള്ളത് ജീവൽ സംബന്ധിയായ അനുഭവസത്യങ്ങളും, അവർ അനുഭവിക്കുന്നത്
അനിർവചനീയമായ മാനസിക സ്വാസ്ഥ്യവുമാണ്. അൻപതു വർഷത്തിലേറെയായി വർഷത്തിൽ രണ്ടു തവണയെങ്കിലും അവിടെയെത്തിക്കൊണ്ടിരിക്കുന്ന ഒരു എഴുപത്തിയഞ്ചുകാരനെ കണ്ടു. കോഴിക്കോട് തിക്കോടി സ്വദേശി. ഞാൻ
അദ്ദേഹത്തോട് പഴയകാല വിവാദങ്ങളെ കുറിച്ചും മറ്റപവാദ കഥകളെ കുറിച്ചുമെല്ലാം ആരാഞ്ഞു. എന്നാൽ തികഞ്ഞ സായീ ഭക്തനായ അദ്ദേഹം പറഞ്ഞത് വിവാദങ്ങൾ അതിൻ്റെ വഴിക്ക് പോകും. സ്വാമിയും ഞങ്ങളും ഞങ്ങളുടെ വഴിക്കും എന്നാണ്. അദ്ദേഹം ആദ്യകാലങ്ങളിൽ പുട്ടപർത്തിയിൽ എത്തിയത് പലവിധ
വൈഷമ്യങ്ങളും ദുർഘടങ്ങളും താണ്ടിയാണ്. അക്കാലത്ത് പ്രശാന്തി നിലയം വരെ ബസ്സോ ട്രെയിനോ ഉണ്ടായിരുന്നില്ല. പെനക്കൊണ്ടയിലോ ധർമ്മാവാരത്തോ ഇറങ്ങി, നടന്നു വേണം വരാൻ. അനേകവിധമായ ആക്ഷേപങ്ങൾ അക്കാലത്ത് സായീഭക്തർക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴുള്ള സൗധങ്ങളോ മന്ദിരങ്ങളോ അക്കാലത്ത് ഇല്ലായിരുന്നു. വെറും തറയിലോ , പായ വിരിച്ചോ കിടന്നാണ് പിറ്റേന്ന് രാവിലെ ദർശനം നേടിയിരുന്നത്. ഏറെ കോളിളക്കം നേരിട്ട തൻ്റെ ജീവിതനൗക ശരിയായ ദിശയിലാക്കിയത് സ്വാമിയാണെന്ന് അദ്ദേഹം പറയുന്നു.
3
എല്ലാ അവതാരപുരുഷന്മാരുടെ കാര്യത്തിലും ചൊല്ലി വാഴ്ത്തപ്പെടുന്ന അനേക കഥകൾ സായി ബാബയുടെ കാര്യത്തിലുമുണ്ട്. എന്നാൽ അതിൽ ഏറ്റവും ആകർഷകമായി തോന്നിയത് അമ്മയുടെ ആഗ്രഹ പൂർത്തീകരണമാണ്. സത്യനാരായണൻ എന്ന തൻ്റെ മകൻ, തന്നെയും പിറന്ന നാടിനെയും വിട്ടു പോകരുതെന്ന് അമ്മയായ ഈശ്വരാംബ ആവശ്യപ്പെട്ടിരുന്നു. അതുപോലെ നാടിനുവേണ്ടി ആവും വിധമുള്ള ക്ഷേമപ്രവർത്തനങ്ങൾ നടത്തണമെന്നും. ഗ്രാമത്തിലെ കുട്ടികൾക്ക് പഠിക്കാനായി ഒരു സ്കൂൾ, ദരിദ്രരിൽ ദരിദ്രരായ ഗ്രാമവാസികൾക്കായി ഒരു കുടിനീർ ടാപ്പ്, ഒരു ഡോക്റ്ററെങ്കിലും ഇരുന്ന് പരിശോധിച്ച് ചികിത്സിക്കുന്ന ഒരു ആശുപത്രി; ഇത്രയുമൊക്കെയേ ആ സാധ്വി ആഗ്രഹിച്ചിരുന്നുള്ളൂ. എന്നാൽ ബാബ തൻ്റെ പ്രഭാവത്താൽ പിറന്ന നാടിനെ ഭൂലോക
വൈകുണ്ഡമാക്കിത്തീർത്തു. പ്രീ പ്രൈമറി
മുതൽ ഗവേഷണം വരെ ഉദ്ദേശിച്ച് ഉള്ള സ്കൂളുകൾ, സർവ്വകലാശാലകൾ, ഒരു ജില്ലക്കു മുഴുവൻ ഉപകാരപ്രദമായി ചിത്രാവതീ നദിയുടെ പുനരുജ്ജീവനം, ശുദ്ധജല വിതരണ പദ്ധതി, അഗതികൾക്ക് ആശ്രയമായി, തികച്ചും സൗജന്യമായി ചികിത്സ ലഭിക്കുന്ന, ജനറൽ ആശുപത്രി മുതൽ super speciality വരെയുള്ള ആശുപത്രി സമുച്ചയം. അങ്ങനെ വിവിധങ്ങളായ പദ്ധതികൾ ആവിഷ്ക്കരിച്ച് സർക്കാരുമായി ചേർന്ന് നടപ്പാക്കി.
ഭാരതത്തിലെ ഏതു റെയിൽവേ സ്റ്റേഷനോടും കിടപിടിക്കത്തക്ക സൗകര്യങ്ങളോടെയാണ് പ്രശാന്തി നിലയം എന്ന റയിൽവേ സ്റ്റേഷൻ നിർമ്മിച്ച് കേന്ദ്രസർക്കാരുമായി ചേർന്ന് നാടിന് സമർപ്പിച്ചത്. അതുപോലെ ' തന്നെയാണ് വിദേശ വിമാനങ്ങൾക്കു വരെ ഇറങ്ങാൻ പാകത്തിലുള്ള ആധുനിക വിമാനത്താവളം. നിലവിൽ ഇത് ചാർട്ടർ ചെയ്ത വിമാനങ്ങൾക്ക് മാത്രം ഇറങ്ങാനുള്ളതാണെന്നാണ് അറിയാൻ കഴിഞ്ഞത്.
4
സായിബാബയുടെ 75-)o ജന്മവാർഷികത്തിന്
ഉദ്ഘാടനം ചെയ്ത ചൈതന്യ ജ്യോതി, അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റ ഒരു നാൾ വഴി തന്നെ നമുക്കു മുന്നിൽ തുറന്നു തരുന്നു. ചിത്രങ്ങളുടേയും ചിത്രീകരണങ്ങളുടേയും ദ്വിമാനവും ത്രിമാനവുമായ ദൃശ്യങ്ങൾ കാണാം. പലതിലും ശബ്ദമിശ്രണവും ചെയ്തിട്ടുണ്ട്. ദേശ വിദേശങ്ങളിലെ ആത്മീയ കേന്ദ്രങ്ങളുടെ ചിത്രവും വിവരണവുമുണ്ട്.
അതു പോലെ തന്നെ വ്യത്യസ്ത മത വിഭാഗങ്ങളുടെയും മതസ്ഥാപകരുടേയും വിവരണവും സംഹിതകളും എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. സായി ബാബയുടെ ജന്മം മുതൽ നാളതുവരെയുള്ള ജീവിത സപര്യ സത്യങ്ങളായ കൃത്യങ്ങൾ സങ്കലനം ചെയ്ത് ചിത്രീകരിച്ചിരിക്കുന്നു. ബാബ പിറന്ന മണ്ണും വളർന്ന ചുറ്റുപാടുകളും പഠിച്ച സ്കൂളുമെല്ലാം കാണാൻ എന്നെ പ്രചോദിപ്പിച്ചത് സത്യത്തിൽ ഈ പ്രദർശനമായിരുന്നു.
ബാബ മുന്നോട്ടു വച്ചത് ഒരു ഗോളാന്തര ആശയമാണെന്ന് ചൈതന്യ
ജ്യോതിക്കു മുന്നിലെ സ്തൂപനിർമ്മിതിയിൽ നിന്നുതന്നെ മനസ്സിലാക്കാം. ബാബയുടെ ആശയവും വിദേശ എഞ്ചിനിയർമാരുടെ നിർമ്മാണ ചാതുരിയും ഒത്തുചേർന്നപ്പോൾ
ഉദാത്തമായ ഒരു സംരചനയാണ് അനാവൃതമായത്. അതുപോലെ തന്നെയാണ് സമീപത്തെ മലമുകളിലെ ഹനുമാൻ പ്രതിമയും. ഔഷധാപഹരണം നടത്തിവരുന്ന ഹനുമാനെയാണ് അവിടെ ശില്പാവിഷ്കാരം ചെയ്തിരിക്കുന്നത്. അതിൻ്റെ നിർമ്മാണ സമയത്ത് കയ്യിലുയർത്തിയ മലയുടെ ഭാരം ശരീരഭാരവുമായി തുലനപാകം ശരിയാവാതെ വന്നു. ബാബയുടെ നിർദ്ദേശപ്രകാരം ഹനുമാന് ഒരു ഉത്തരീയം ഉൾക്കൊള്ളിച്ചതോടെ ശില്പം ഉറയ്ക്കുകയുണ്ടായത്രേ!
ഭഗവാൻ്റെ ഉദാത്തമായ
കോസ്മിക് വിഷൻ്റെ മറ്റൊരു ഉദാഹരണമാണ് പ്ലാനറ്റോറിയം.
ജീവിതത്തിൽ കായികതയുടെ പ്രാധാന്യം വിളിച്ചോതുന്ന സായി സ്പോർട്ട്സ് അക്കാഡമിയും സമീപമുണ്ട്.
5
പ്രശാന്തി നിലയത്തിന് തെക്കു കിഴക്കുഭാഗത്തായാണ് സത്യസായിബാബ ജന്മം കൊണ്ട സ്ഥലം സ്ഥിതി ചെയ്യുന്നത്. വീട് ഇപ്പോഴില്ല. പകരം ആ സ്ഥലത്ത് പുതിയ ചില നിർമ്മിതികൾ കാണപ്പെടുന്നുണ്ട്. പറയുമ്പോൾ നൂറ്റാണ്ടുകളുടെ പഴക്കമൊന്നുമില്ല സായി ബാബയുടെ ജീവിത കാലത്തിന് . അദ്ദേഹം 1927 ൽ ജനിച്ച് 2012 ൽ ഇഹലോകവാസം വെടിഞ്ഞു. 84-ാം വയസ്സിൽ. ഹിന്ദുത്വാചാരപ്രകാരവും വിശ്വാസപ്രകാരവും 1000 പൂർണ്ണ ചന്ദ്രന്മാരെ കണ്ട ശേഷം. അതായത് 100 ചാന്ദ്ര വർഷങ്ങൾ അദ്ദേഹം ഈ ഭൂമിയിൽ ഉണ്ടായിരുന്നു.
ഇടുങ്ങിയ ഗലികളുടെ ഇരുവശങ്ങളിലുമായി ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയുമായ ധാരാളം വീടുകൾ കാണാം. വീടിരുന്ന സ്ഥലത്തിന് സമീപം ഒരു ക്ഷേത്രവും ബാബ, സത്യനാരായണൻ എന്ന പേരിൽ പഠിച്ച സ്കൂളും കാണാം. പിൽക്കാലത്ത് അദ്ദേഹം തൻ്റെ മുസ്ലീം വിഭാഗത്തിലെ സ്വജനങ്ങൾക്ക് പണി കഴിപ്പിച്ചു കൊടുത്തതായി പറയപ്പെടുന്ന സ്കൂളും ഉണ്ട്. ഗലി തുടങ്ങുന്ന ഭാഗത്ത് രണ്ട് ക്ഷേത്രങ്ങൾ കാണാം. ഒന്ന് ശ്രീകൃഷ്ണൻ്റെയും മറ്റൊന്ന് ദുർഗ്ഗാ ഭഗവതിയുടേയും. ഈ ക്ഷേത്രങ്ങളെ പ്പറ്റിയെല്ലാം അനേകം കഥകൾ ഭക്തർക്ക് പറയാനുണ്ട്. വിസ്തരഭയത്താൽ അവയൊന്നും ഇവിടെ വിവരിക്കുന്നില്ല.
ജന്മസ്ഥലത്തിന് മുന്നിലൂടെയുള്ള വഴിത്താര ചെന്നവസാനിക്കുന്നത് ചിത്രാവതീ നദിയുടെ തീരത്താണ്. സത്യസായിബാബയുടെ ബാല്യ- കൗമാരങ്ങളിലെ ക്രീഡകൾക്ക് സാക്ഷ്യം വഹിച്ച നദി. ചിക്കബല്ലപ്പൂരിലെ കുന്നുകളിൽ നിന്നുൽഭവിച്ച് വരുന്ന ഈ നദി പുട്ടപർത്തിയിൽ എത്തുമ്പോൾ പ്രായേണ ഉണങ്ങിവരണ്ട നിലയിലാകുമായിരുന്നു. ഈ നദിതീരത്തെ ചരൽ മണ്ണിൽ കൂട്ടുകാരുമായി കളിച്ചു നടന്നിരുന്ന സത്യനാരായണനെ പഴമക്കാർക്ക് ഓർമ്മയുണ്ടാകും. ഇന്നിപ്പോൾ ചിത്രാവതി നദിയിൽ ബണ്ടുകൾ സ്ഥാപിച്ച് ജലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ നദീതടത്തിൽ റോഡരികിലായി നടപ്പാത നിർമ്മിച്ചും മണ്ഡപം തീർത്തും മനോഹരമാക്കിയിട്ടുണ്ട്. പ്രശാന്തി നിലയത്തിൻ്റെ പ്രധാന ഗേറ്റിന് എതിർവശത്തുകൂടിയുള്ള റോഡും ചെന്നുനിൽക്കുന്നത് ചിത്രാവതി നദീതീരത്താണ്. ഈ വഴിയിൽ നിന്ന് വലത്തോട്ട് തെറ്റി ഒരു ഇടവഴിയും അവിടെ നിന്ന് പടിക്കെട്ടുകൾ കെട്ടി ഒരു കുന്നിൽ മുകളിലേയ്ക്ക് കയറാൻ പാകത്തിന് നടവഴിയും തീർത്തിട്ടുണ്ട്. വഴിയുടെ ഇരു പുറവും വഴിയോരക്കച്ചവടങ്ങളാണ്. പലതും പൂജാസാധനങ്ങൾ, മാലകൾ, ഫോട്ടോകൾ തുടങ്ങിയവ ലഭിക്കുന്നത്. കുന്നിൻ മുകളിൽ ഒരു വൃക്ഷം ഉണ്ട്. പ്രത്യക്ഷത്തിൽ പുളിമരമായാണ് തോന്നുന്നത്. ഈ വൃക്ഷത്തിൽ നിന്ന് കുട്ടിയായിരുന്ന സത്യ, കൂട്ടുകാർക്ക് അവർ ആഗ്രഹിച്ച പഴങ്ങൾ പറിച്ചു നൽകിയിരുന്നുവെന്ന് വിശ്വാസം. കല്പതരു അഥവാ wish fulfilling tree എന്ന പേരിലുള്ള ഈ വൃക്ഷക്കൊമ്പിൽ താന്താങ്ങളുടെ ആഗ്രഹങ്ങൾ എഴുതിയിട്ടാൽ അത് നിറവേറ്റപ്പെടുമെന്നാണ് വിശ്വാസം. ബാബയുടെ മരണശേഷം ആ മരത്തിൻ്റെ പ്രധാനഭാഗം ഒടിഞ്ഞു പോയത്രേ! ശേഷിക്കുന്ന വൃക്ഷഭാഗം കമ്പി വേലിയാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.അതിനാൽ ഇപ്പോൾ അതിൻ്റെ ഗേറ്റിലാണ് വിശ്വാസികൾ തങ്ങളുടെ ആഗ്രഹം എഴുതി തൂക്കുന്നത്. ആഗ്രഹങ്ങൾ എഴുതുന്നതിനുള്ള കടലാസും ഒരു പിടിപൂക്കളും വഴിയോരത്തു നിന്ന് വാങ്ങാൻ കിട്ടും. എൻ്റെ കൂടെയുണ്ടായിരുന്ന സായീഭക്തരിൽ പലരും ഇത്തരത്തിൽ ആഗ്രഹ പൂർത്തീകരണം നടത്തിയവരാണെന്ന് അറിയാൻ കഴിഞ്ഞു.
6
വിവിധ മതങ്ങളുടെ സങ്കലനമാണ് പ്രശാന്തി നിലയത്തിൻ്റെ പ്രത്യേകത. 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി ', എന്ന ശ്രീ നാരായണ ഗുരുദേവൻ്റെ സങ്കല്പം തന്നെയാണ് ബാബയും ഉൾക്കൊണ്ടത്. ശ്രീകൃഷ്ണൻ്റെ ആശ്രിത വാത്സല്യവും യേശുക്രിസ്തുവിൻ്റെ പരസ്പരം സ്നേഹവും മുഹമ്മദ് നബിയുടെ ദാനധർമ്മിഷ്ഠതയും ശ്രീബുദ്ധൻ്റെ അഹിംസയും സൊരാഷ്ട്രരുടെ
ആത്മവെളിച്ചവും ചൈതന്യവത്താക്കുന്ന ജീവിതദർശനമാണ് ഇവിടെ കാണുന്നത്.
ഇവിടത്ത മരങ്ങൾക്കും മന്ദിരങ്ങൾക്കും പക്ഷിമൃഗാദികൾക്കുമെല്ലാം ഒരു ജീവൽ
ചൈതന്യം ദർശിച്ചെടുക്കാൻ കഴിയും. യജുർ മന്ദിരവും പൂർണ്ണചന്ദ്ര ആഡിറ്റോറിയവും
കുൽവന്ത് മഹലും ചൈതന്യ
ജ്യോതിയുമെല്ലാം ചൈതന്യവാഹിയായ സംരചനകളായാണ് അനുഭവപ്പെടുന്നത്. കുൽവന്ത് മഹലിന് പിന്നിലും പ്രധാന കവാടത്തിന് സമീപവുമായി ഗണേശ് മന്ദിർ കാണാം. അവിടെ നാളികേരമുടച്ചാണ് സന്നദ്ധ സേവകർ തങ്ങളുടെ സേവാപ്രവർത്തനം ആരംഭിക്കുന്നത്.
അതിനടുത്തായി ഒരാൽമരവും ആൽത്തറയിൽ നാഗപ്രതിഷ്ഠകളും ഉണ്ട്... ഗണേശ് മന്ദിറിന് സമീപം വടക്കുമാറി ഒരു ദേവി പ്രതിഷ്ഠയും അതിനടുത്ത് നിറയെ കായ്കളുമായി ഒരു നെല്ലിമരവുമുണ്ട്.
എന്നെ ഏറെ ആകർഷിച്ചത് ഒരു ധ്യാന വൃക്ഷമാണ്. ബാബയെ ഏറെ സ്വാധീനിച്ചിരുന്ന ബുദ്ധഭഗവാന്, അഷ്ടാംഗമാർഗ്ഗം തെളിഞ്ഞത് ഒരു വടവൃക്ഷച്ചുവട്ടിൽ ധ്യാനത്തിലിരുന്നപ്പോഴായിരുന്നല്ലോ! അത്തരത്തിൽ ഒരു വടവൃക്ഷം ബാബ സ്വന്തം കൈയ്യാലെ നട്ട് പരിപാലിച്ചിരുന്നു.
ധാരാളം വിദേശ ഭക്തന്മാർ അവിടെ ധ്യാനം ചെയ്യാൻ തെരെഞ്ഞെടുത്തിരുന്നു.
അവിടം കടന്നാണ് സർവ്വകലാശാലയിലേയ്ക്കും ഗവേഷണത്തിന് ഉപയുക്തമായ ആർക്കൈവ്സിലേയ്ക്കുമുള്ള പാത എന്നത് വളരെ അർത്ഥതലങ്ങൾ അവശേഷിപ്പിക്കുന്നു.
വൃക്ഷങ്ങൾ പോലെ തന്നെ ബാബയ്ക്ക് പ്രിയപ്പെട്ടതായിരുന്നു പക്ഷിമൃഗങ്ങളും. മാനുകൾ, മയിലുകൾ, നീൽഗായ് എന്നു പറയപ്പെടുന്ന ഒരു ഇനം മ്ലാവ് തുടങ്ങിയവ ഉപവനങ്ങളിൽ ധാരാളമായി കണ്ടുവരുന്നു.
സത്യസായി ബാബ, സായി ഗീത എന്ന ഒരാനയെ ഓമനിച്ച് വളർത്തിയിരുന്നതായി കേട്ടു. അതിൻ്റെ ചിത്രങ്ങളും മറ്റും പ്ലാനറ്റോറിയം വളപ്പിൽ അതിനെ സംസ്കരിച്ച സ്ഥലത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. വളരെ കുഞ്ഞായിരുന്നപ്പോൾ ഒഴുക്കിൽ പെട്ട് ഒറ്റപ്പെട്ട നിലയിലായ ആനക്കുട്ടിയെ ഫോറസ്റ്റുകാർ അറിയിച്ചതനുസരിച്ച് ബാബ, സംരക്ഷണാർത്ഥം ആശ്രമത്തിലേയ്ക്ക് കൊണ്ടുവന്നുവത്രേ! ഊണിലും ഉറക്കത്തിലുമെല്ലാം അത് സ്വാമിയെ പിൻപറ്റിയിരുന്നതായി പറഞ്ഞു കേട്ടു.
7
സത്യസായിബാബ
ദൈവമാണെന്ന് സായീഭക്തർ വിശ്വസിക്കുന്നു. ഒന്നെനിക്കു ബോദ്ധ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളും ദൈവത്തിൻ്റെ കൈയൊപ്പു പതിഞ്ഞതാണ്.
LOVE ALL SERVE ALL
(എല്ലാവരേയും സ്നേഹിക്കുക
എല്ലാവരേയും സേവിക്കുക)
യേശുദേവൻറെ സ്നേഹ പ്രഘോഷണത്തിൻ്റെ മറ്റൊരു ഉൽബോധനമാണ് സായി ബാബയിലൂടെ ഉണ്ടായത്. ആ ആശയത്തിലധിഷ്ഠിതമാക്കി 1972 ൽ അദ്ദേഹം സത്യസായി സെൻട്രൽ ട്രസ്റ്റ് രൂപീകരിച്ചു. സേവനത്തിലൂടെ ആത്മീയ പാതയിൽ മുന്നേറാൻ സ്വജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ന് ആ പ്രസ്ഥാനം ലോകത്തിലെ
112 രാജ്യങ്ങളിലായി 1200 ലധികം കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
ലോകത്തെവിടെയും മനുഷ്യൻ്റ ഉൽഗ്രഥനവും മാനവീയതയും സഹകരണവും സഹിഷ്ണുതയും ഉൽഘോഷിക്കുന്ന ആശയമാണ് സ്വാമി വിഭാവനം ചെയ്തത്.
HELP EVER HURT NEVER
(എന്നും ചെയ്യുക ഉപകാരം
ഒരു നാളും വേണ്ട ഉപദ്രവം)
ശ്രീബുദ്ധൻ്റെ അഹിംസയിൽ അധിഷ്ഠിതമായ സന്ദേശത്തിൽ നിന്ന് ബാബ സ്വാംശീകരിച്ച ആശയം, ഭാരതത്തിൻ്റെ സംസ്കാരത്തിൻ്റേയും ആന്തരിക ദീപ്തിയുടേയും ബഹിർസ്ഫുരണമാണ്.
LOVE IS SELFLESSNESS
(നിസ്വാർത്ഥതയാണ് പ്രേമം)
നിസ്വാർത്ഥമായ പ്രവർത്തിയിൽ
പ്രേമത്തെ അടയാളപ്പെടുത്തുന്ന ശ്രീകൃഷ്ണൻ്റെ മതം തന്നെയാണ് ബാബയുടേതും.
ലോകത്തെ
മുഴുവൻ ഒന്നായി കാണുന്ന വിശ്വദർശനം ആണ് ബാബയുടേതും
WORKING HANDS ARE HOLIER THAN
PRAYING LIPS
(നാമം ചൊല്ലുന്ന നാവിനേക്കാൾ
കർമ്മം ചെയ്യുന്ന കരങ്ങളാണ് ശ്രേഷ്ഠം)
കർമ്മത്തിൻ്റെ ശ്രേഷ്ഠത വിസ്മരിച്ച് നടക്കുന്ന സ്വജനങ്ങളെ , ആയത് ബോധ്യപ്പെടുത്തുന്ന സന്ദേശമാണിത്.
'കർമ്മം ചെയ്യുക നമ്മുടെ മാർഗ്ഗം, കർമ്മഫലം തരും ഈശ്വരനപ്പോൾ '
എന്ന ഭജഗോവിന്ദം വരികൾ സ്മരണീയമാണ്.
8
എല്ലാ അവതാരപുരുഷന്മാരുടേയും കാര്യത്തിലെന്ന പോലെ ബാബയുടെ കാര്യത്തിലും ആത്മജ്ഞാനത്തിൻ്റെ ആവിർഭാവത്തിന് ഹേതുവായി ചില സന്ദർഭങ്ങൾ അനുസ്മരിക്കപ്പെടുന്നു.
1927 നവംബർ 23 ന് ഭരദ്വജ
ഗോത്രത്തിലാണ് അദ്ദേഹം ജന്മം കൊണ്ടത്. ആന്ധ്രപ്രദേശിലെ പുട്ടപർത്തിയിൽ ഈശ്വരാംബയുടേയും രാജു രത്നാകരത്തിൻ്റേയും പുത്രനായി.
സത്യനാരായണരാജു എന്നായിരുന്നു മാതാപിതാക്കൾ നാമധേയം ചെയ്തത്.
പശു വളർത്തലും സമൂഹഭജനയും നടത്തി വന്ന കുടുംബം. ഈശ്വരാംബയുടെ 5 മക്കളിൽ നാലാമനായിരുന്നു, സത്യ.
കുട്ടിയായിരിക്കെത്തന്നെ അസാമാന്യ ബുദ്ധിശാലിയായിരുന്നു. അതുപോലെ തന്നെ ദാനശീലനും.
ചെറുപ്രായത്തിൽ തന്നെ സത്യ, അത്ഭുത സിദ്ധികൾ കാട്ടിത്തുടങ്ങി. അന്തരീക്ഷത്തിൽ നിന്ന് വസ്തുക്കൾ ആവാഹിച്ചെടുക്കുക, മധുരപലഹാരങ്ങളും പഴങ്ങളും അന്തരീക്ഷത്തിൽ നിന്ന് സൃഷ്ടിക്കുക തുടങ്ങി പല കാര്യങ്ങളും. 14 വയസ്സുവരെയായിരുന്നു സ്കൂൾ വിദ്യാഭ്യാസം. അക്കാലത്ത് ഒരു കരിംതേൾ സത്യയെ ദംശിച്ചു. കുട്ടി ബോധരഹിതനായി. സന്നിഗ്ധമായ മണിക്കൂറുകൾ കടന്നു പോയി. പിറ്റേ ദിവസം ബോധം വീണ്ടുകിട്ടിയെങ്കിലും കുട്ടിയിൽ പ്രകടമായ പ്രത്യേകതകൾ കണ്ടു. അകാരണമായി ചിരിക്കുക, കരയുക, ആത്മഗതം ചെയ്യുക തുടങ്ങി സാധാരണയ്ക്ക് വിപരീതമായി പലതും കണ്ടു. ചിലപ്പോൾ മൗനമായിരിക്കും. ചിലപ്പോൾ ധ്യാനാവസ്ഥയിൽ. സംസ്കൃതഭാഷ പരിശീലിച്ചിട്ടില്ലാത്ത സത്യ, സംസ്കൃതത്തിൽ ശ്ലോകങ്ങൾ ചൊല്ലാൻ തുടങ്ങി. ഡോക്റ്റർമാർ ഹിസ്റ്റീരിയ ആണെന്ന് പറഞ്ഞ് ചികിത്സിച്ചു. സത്യ, അന്തരീക്ഷത്തിൽ നിന്ന് കൽക്കണ്ടവും പൂക്കളും സൃഷ്ടിച്ച് കുടുംബാംഗങ്ങൾക്ക് നൽകി. പിശാചുബാധ വന്ന മകനെ തല്ലാനായി തുനിഞ്ഞ അച്ഛനോട് സത്യ പറഞ്ഞു.; " ഞാൻ സായി ബാബ ആകുന്നു. ധർമ്മരക്ഷാർത്ഥമാണ് ഞാൻ ഭൂമിയിൽ അവതരിച്ചത്''.
സത്യസായിബാബയുടെ ജന്മത്തിന് നിദാനമായ ഒരു പുരാണകഥ അദ്ദേഹത്തിൻ്റെ ജീവിതദശ വിശദമാക്കുന്ന
ചൈതന്യ ജ്യോതിയിലെ പ്രദർശനത്തിൽ കണ്ടു.
ഒരിക്കൽ ഭരദ്വജ മഹർഷി ഉൾപ്പടെയുള്ള മഹർഷിമാരെ വേദസാരം പഠിപ്പിക്കാൻ ബ്രഹ്മാവ് തുനിഞ്ഞു. എത്ര കാലം കിണഞ്ഞു ശ്രമിച്ചെങ്കിലും ഭരദ്ദ്വജമഹർഷിക്ക് വേദസാരം ഗ്രഹിക്കാൻ കഴിഞ്ഞില്ല . ഒടുവിൽ ബ്രഹ്മാവ്, ശിവ പാർവ്വതിമാരെക്കൊണ്ട് യാഗം ചെയ്യിക്കാൻ നിർദ്ദേശിച്ചു. യാഗത്തിനുള്ള ഒരുക്കമെല്ലാം ചെയ്ത് ശിവ - പാർവ്വതിമാരെ ക്ഷണിക്കാൻെ കൈലാസത്തിലെത്തി. ആദ്യം പാർവ്വതിയുടെ അടുത്തെത്തി. മത്സര നൃത്തത്തിൽ ഏർപ്പെട്ടിരുന്ന പാർവ്വതി ഭരദ്വജനെ കാണാൻ കൂട്ടാക്കിയില്ല. പല തവണ ഇത്തരത്തിൽ ശ്രമം നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. ഒടുവിൽ നിരാശനായ മഹർഷി യാഗസ്ഥലത്തെത്തി ജീവാഹൂതിക്ക് തുനിഞ്ഞു. ഇതറിഞ്ഞ് ശിവൻ, ഭക്തനായ മഹർഷിയെ കാണാൻ വിസമ്മതിച്ച പാർവ്വതിയെ ഭത്സിക്കുകയും പാർവ്വതീസമേതനായി യാഗസ്ഥലത്തെത്തി അദ്ദേഹത്തോട് ആഗ്രഹം അറിയിക്കാൻ പറയുകയും ചെയ്തു. അതനുസരിച്ച് മഹർഷി തൻ്റെ അടുത്ത ജന്മത്തിൽ ഭഗവാൻ ശിവരൂപിയായി ഷിർദ്ദിയിൽ ഷിർദ്ദിസായി ആയും അതിനടുത്ത ജന്മത്തിൽ ശിവ - ശക്തിസ്വരൂപിയായി പുട്ടപർത്തിയിൽ സായി ബാബയായും അതിനടുത്ത ജന്മത്തിൽ മാണ്ഡ്യയിൽ ശക്തിസ്വരൂപിയായി പ്രേമ സായിയായും അവതരിക്കണമെന്ന് ആവശ്യപ്പെട്ടു. അപ്രകാരം വരമേകി ശിവ - പാർവ്വതിമാർ മടങ്ങി. അതിൻപ്രകാരം ഷിർദ്ദി സായി കഴിഞ്ഞുള്ള അവതാരമാണ് താൻ എന്ന് ബാബ അവകാശപ്പെട്ടിരുന്നു.
സായി ബാബയുടെ സർവ്വവ്യാപിത്വം വെളിവാക്കുന്ന മറ്റൊരു കഥയും
ചൈതന്യ ജ്യോതിയിൽ ആലേഖനം ചെയ്തു കണ്ടു. ബാലനായ സത്യ, മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം ഒരിക്കൽ ക്ഷേത്ര ദർശനത്തിന് പോയി. ക്ഷേത്രത്തിനകത്ത് പ്രവേശിക്കാൻ താല്പര്യമില്ലാതിരുന്ന സത്യയോട്, സഞ്ചികളും മറ്റു സാധനങ്ങളും സൂക്ഷിച്ച് പുറത്തിരിക്കാൻ നിർദ്ദേശിച്ച് മറ്റുള്ളവർ അകത്തുകയറി. ശ്രീകോവിലിന് മുന്നിൽ തൊഴുതു നിൽക്കുന്ന സത്യയെ കണ്ട് എല്ലാവരും സ്തബ്ധരായി. അച്ഛൻ പുറത്തു ചെന്നു നോക്കവേ
സത്യ അവിടെത്തന്നെ ഇരിക്കുന്നതാണ് കണ്ടത്. ഇത്തരത്തിൽ ധാരാളം അദ്ഭുത സിദ്ധികളും അദ്ഭുത പ്രവർത്തികളും ബാബയുടെ ജീവിതത്തിൽ ഉടനീളം കാണാം.
1963 ൽ ബാബയ്ക്ക് പക്ഷാഘാതം സംഭവിച്ചു. ശരീരത്തിൻ്റെ ഒരു ഭാഗം തളർന്ന നിലയിലായി. എന്നാൽ സ്വന്തമായി രോഗശാന്തി ശുശ്രൂഷ ചെയ്ത് അദ്ദേഹം രോഗവിമുക്തി നേടിയെന്നത് മറ്റൊരത്ഭുതമായി കണക്കാക്കുന്നു. 1993 ൽ ഭഗവാനെതിരെ ഒരു വധശ്രമം ആശ്രമത്തിലുണ്ടായി. അതിനേയും അദ്ദേഹം ദിവ്യത്വം കൊണ്ട് അതിജീവിച്ചു.
ഒടുവിൽ 2011 ഏപ്രിൽ മാസം 24-ാം തീയതി ബാബ, ദേഹം വെടിഞ്ഞു. അദ്ദേഹത്തിൻ്റെ ഭൗതികദേഹം കുൽവന്ത് ഹാളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് സംസ്കരിച്ചു. അവിടെ സ്വാമിയുടെ സ്മൃതി മണ്ഡപം തീർത്തിട്ടുണ്ട്
9
ബാബ നേരിടാത്ത അപവാദങ്ങളോ ആരോപണങ്ങളോ ഇല്ല. 1975 മുതൽ 1995 വരെയുള്ള കാലഘട്ടത്തിലാണ് ഏറെ വെല്ലുവിളികൾ നേരിടേണ്ടി വന്നത്.
ഒരു വിദേശ ഭക്തനുമായി ബന്ധപ്പെട്ട
ലൈംഗിക ആരോപണം തുടങ്ങി വഞ്ചനയ്ക്ക് ആൾമാറാട്ടത്തിന് എന്തിനേറെ സ്വർണ്ണ നിയന്ത്രണ ചട്ടം ലംഘിച്ചതിനു വരെ അദ്ദേഹത്തിൻ്റെ പേരിൽ കേസുകളുണ്ടായി.
ഗുരു ബസ്റ്റേഴ്സ് എന്ന പേരിൽ റോബർട്ട് ഈഗിൾ എന്ന വിദേശ പത്രപ്രവർത്തകൻ ഒരു ഡോക്യുമെൻ്ററി പുറത്തുവിട്ടു. ഡെക്കാൺ ക്രോണിക്കിൾ തുടങ്ങിയ ആംഗലേയ പ്രസിദ്ധീകരണങ്ങൾ അതിന് പ്രചാരം കൊടുത്തു. ബാബയുടെ അത്ഭുതങ്ങൾ വ്യാജമാണെന്ന് സമർത്ഥിക്കാനാണ് അതിലൂടെയെല്ലാം ശ്രമിച്ചത്. കേരളത്തിൽ നിന്ന് ബി.പ്രേമാനന്ദ്, ജോസഫ് ഇടമറുക്, തുടങ്ങിയവരും കർണാടകയിലെ ഹോസുർ നരസിംഹയ്യയും ശ്രീലങ്കയിലെ മന:ശാസ്ത്രജ്ഞൻ ഏ.റ്റി.കോവൂരുമെല്ലാം അശ്രാന്തം ബാബയ്ക്കെതിരേ പ്രവർത്തിച്ചിരുന്നു.
അവരും അവരുയർത്തിയ ആശയങ്ങളുമെല്ലാം എങ്ങോ പോയ് മറഞ്ഞെങ്കിലും ബാബയുടെ പ്രസ്ഥാനം പൂർവ്വാധികം വിശ്വാസദീപ്തമായി ഇന്നും നിലനിൽക്കുന്നുവെന്നതാണ് അത്ഭുതം.
"ആരും പറയുന്നതു കേട്ടു വിശ്വസിക്കേണ്ട. എന്നെ അറിയാൻ നിങ്ങൾ നേരിട്ടുവരിക എന്നെ കാണുക. പരീക്ഷിക്കുക അനുഭവത്തിനു ശേഷം മാത്രം സ്വീകരിക്കുക." ഇതായിരുന്നു ബാബയുടെ ആഹ്വാനം. ബാബയെ അവതാരപുരുഷനായി ആരാധിക്കുന്നവരിൽ ധിഷണയുടെ പരകോടിയിലെത്തിയ ശാസ്ത്രജ്ഞരുണ്ട്. അദ്ദേഹം വെറും മാന്ത്രികനെന്ന് പറഞ്ഞ് നിന്ദിക്കുന്ന യുക്തിവാദികളുണ്ട്. ഒരു കൂട്ടർക്ക് ഭക്തിയും വിശ്വാസവും. മറ്റേ കൂട്ടർക്ക് ഭൗതികവാദവും യുക്തി ചിന്തയും. ഇതിനിടയിലുള്ള വിശ്വാസികളും അവിശ്വാസികളും അല്ലാത്തവരെയാണ്
പ്രൊഫ.എം. കൃഷ്ണൻനായർ തൻ്റെ കുറിപ്പുകളിൽ പ്രതിപാദിച്ചിട്ടുള്ളത്. ഐസ്ലൻഡ് സർവ്വകലാശാലയിലെ സൈക്കോളജി
പ്രൊഫസർ ഹരഡ്സൺ അമേരിക്കൻ സൊസൈറ്റി ഫോർ ഫിസിക്സിൽ റിസർച്ച് അംഗമായ കാർലിസ് ഓസീസുമായി ചേർന്ന് രചിച്ച miracles are my visiting cards
എന്ന മനോഹര ഗ്രന്ഥത്തെപ്പറ്റി
അദ്ദേഹം പറഞ്ഞിരിക്കുന്നു.
അതിൽ ബാബയുടെ അത്യത്ഭുതങ്ങളെ പറ്റി ഒട്ടേറെ വിവരണങ്ങളുണ്ടത്രേ! ന്യൂക്ലിയസ് ശാസ്ത്രജ്ഞനായ
ഡോ. എസ് ഭഗവന്തം, ഡോ. ഡി.കെ. ബാനർജി, ഡാ. പി.കെ. ഭട്ടാചാര്യ, ഡോ. കെ. വെങ്കിടേശൻ എന്നിവരും ബാബയുടെ അത്ഭുതപ്രതിഭാസങ്ങളെ പ്രകീർത്തിക്കുന്നതായി പറയുന്നു.
ശൂന്യതയിൽ നിന്ന് വസ്തുക്കൾ സൃഷ്ടിക്കുന്നതിലല്ല, മറിച്ച് മനുഷ്യസ്വത്വത്തിന് പരിവർത്തനം വരു ത്തുന്നതിലാണ് മഹത്വം. ബാബയെ സമീപിക്കുന്നതോടെ ഒരുവൻ്റെ അധമത്വം ഇല്ലാതാകുന്നു. ദുഃഖി, ദുഃഖം മറക്കുന്നു. മാനസിക സംഘർഷമുള്ളവൻ പ്രശാന്തചിത്തനാവുന്നു. ഈ പരിവർത്തനം ലക്ഷക്കണക്കിന് ആൾക്കാരിൽ ബാബ ഉണ്ടാക്കി.
10
പ്രശാന്തി നിലയത്തിലെത്തുന്ന
പലർക്കും പല അനുഭവകഥകളാണ് പറയാനുള്ളത്. പ്രശാന്തിനിലയത്തിന് 3 കി.മീ അകലെയുള്ള ക്ഷേത്രത്തിൽ ഒരു പൂജാരിയെ കാണുകയുണ്ടായി. അദ്ദേഹം നേപ്പാൾ അതിർത്തി ഗ്രാമത്തിൽ ജനിച്ച ഒരു ബംഗാളി ബ്രാഹ്മണനാണ്. അദ്ദേഹത്തിൻ്റെ ജീവിതകഥ വേറിട്ടുള്ള ഒന്നാണ്. നല്ല ഉയരവും കായികശേഷിയുമുണ്ടായിരുന്ന അദ്ദേഹത്തിന് കരസേനയിൽ ജോലി കിട്ടി. എന്നാൽ മകൻ സേനയിൽ നിന്ന് പിരിഞ്ഞു പോന്നില്ലെങ്കിൽ കുടുംബത്തെ ഒന്നടങ്കം
കൊല്ലുമെന്ന് നക്സലൈറ്റുകൾ ഭീഷണിപ്പെടുത്തി പോലും !
കുടുംബാംഗങ്ങളുടെ രക്ഷകരുതി, അദ്ദേഹം പട്ടാളത്തിൽ നിന്ന് പിരിഞ്ഞു പോന്നുവത്രേ! ജീവിതമാർഗ്ഗമെല്ലാം അടഞ്ഞപ്പോൾ നാടുവിട്ടു. എത്തിച്ചേർന്നത് പുട്ടപർത്തിയിൽ. ചെറിയ രീതിയിൽ പൂജാ കാര്യങ്ങൾ ചെയ്തു ജീവിക്കാൻ തുടങ്ങിയപ്പോഴാണ് അശനിപാതം പോലെ അത് സംഭവിച്ചത്.
തൻ്റെ ശബ്ദം നഷ്ടപ്പെടുന്നതായി അദ്ദേഹത്തിന് മനസ്സിലായി. ഒരു സുഹൃത്തിൻ്റെയും ചില ആചാര്യന്മാരുടേയും നിർദ്ദേശപ്രകാരം സായി ബാബയെ മനസ്സിൽ ധ്യാനിച്ച് വേദം ചൊല്ലാൻ തുടങ്ങി. ആദ്യമെല്ലാം വളരെ ബുദ്ധിമുട്ട് അനുഭവിച്ചു. ക്രമേണ തൻ്റെ ശബ്ദതടസ്സം മാറുക മാത്രമല്ല, പൂർവ്വാധികം ഭംഗിയായി പൂജാദികാര്യങ്ങളിൽ ഏർപ്പെടാൻ കഴിഞ്ഞു. ഇപ്പോൾ പുട്ടപർത്തിയിൽ ,സ്വാമിയുടെ മണ്ണിൽ തന്നെ ഒരു തുണ്ട് ഭൂമി വാങ്ങി, അതിൽ ഗൃഹനിർമ്മാണം നടത്തുകയാണ് ആ സാധു ബ്രാഹ്മണൻ.
മറ്റൊരു സന്നദ്ധ സേവകന് പറയാനുള്ളത് ഒരു ഹെൽമറ്റിൻ്റെ കഥയാണ്. അദ്ദേഹം തികഞ്ഞ സായി ഭക്തനാണ്. ഒരു ദിവസം രാത്രി വൈകി വീട്ടിലേയ്ക്ക് തൻ്റെ മോട്ടോർസൈക്കിളിൽ പോകുകയായിരുന്നു. വഴിയിൽ ഒരപരിചിതൻ കൈ കാട്ടി വണ്ടി നിർത്തിച്ചു. അദ്ദേഹം തൻ്റെ കയ്യിൽ കരുതിയിരുന്ന ഹെൽമറ്റ് നീട്ടി
ഇത് ആ വളവ് കഴിഞ്ഞുള്ള വർക്ക്ഷോപ്പിൽ കാത്തു നിൽക്കുന്ന ആളിന് നൽകണമെന്ന് പറഞ്ഞു പോലും. അദ്ദേഹം അപരിചിതനിൽ നിന്ന് ഹെൽമറ്റ് വാങ്ങി തലയിൽ വച്ച് മുന്നോട്ടു നീങ്ങി മോട്ടോർസൈക്കിൾ വളവിൽ എത്തിയതും ഒരു ലോറി അവിചാരിതമായി വന്നിടിച്ച് അദ്ദേഹം റോഡിൽ വീണു. ഹെൽമറ്റ് പൊട്ടിപ്പൊളിയുകയും വണ്ടി തകരാറാകുകയും ചെയ്തെങ്കിലും അദ്ദേഹത്തിന് ഒരു പോറൽ പോലും ഏറ്റില്ല.
തന്നെ ആപത്തിൽ രക്ഷിച്ചത് സ്വാമിതന്നെയെന്ന് അദ്ദേഹം ദൃഢമായി വിശ്വസിക്കുന്നു.
ഒരു സായീഭക്ത അവരുടെ അനുഭവം വിവരിച്ചു. ആ സഹോദരി ചെറുപ്പത്തിൽ തന്നെ ദുർബ്ബല ശരീരയായിരുന്നു. അതിനിടയിലാണ് ശക്തമായ ശ്വാസതടസ്സം അനുഭവപ്പെട്ടത്. വിദഗ്ധ പരിശോധനയിൽ ഹൃദയവാൽവ് ദുർബ്ബലമാണെന്നും അടിയന്തിരമായി ഹൃദയ ശസ്തക്രിയ നടത്തണമെന്നും പറഞ്ഞു. ദുർബ്ബലമായ ശരീരവും ദുർവ്വഹമായ ചെലവും അവരെ ആകെ തളർത്തി. അപ്പോഴാണ് ഒരു സായി ഭക്തൻ കൂടിയായ
ഡാക്റ്റർ, പുട്ടപർത്തിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയെപ്പറ്റി പറഞ്ഞത്. അവിടെ ചികിത്സ തീർത്തും സൗജന്യമാണെന്ന് അദ്ദേഹം ബോദ്ധ്യപെ
ടുത്തിയെങ്കിലും ശസ്ത്രക്രിയ
ചെയ്താൽ താൻ മരിച്ചു പോകുമെന്ന് അവർ ദൃഢമായി വിശ്വസിച്ചു. സത്യസായിബാബയെ സദാ പ്രാർത്ഥിച്ചുകൊണ്ടാണവർ പുട്ടപർത്തിയിലെത്തിയത്. തൽക്കാലത്തേയ്ക് ചില മരുന്നുകൾ നൽകിയശേഷം, ശസ്ത്രക്രിയ 6 മാസം കഴിഞ്ഞ് മതിയെന്നറിയിച്ചു. ആറുമാസം കഴിഞ്ഞ് വീണ്ടും ചെന്നപ്പോഴും ഇതേ പോലെ തന്നെ പറഞ്ഞു. തുടർന്ന് പല തവണ പോയെങ്കിലും, ഇരുപത് വർഷക്കാലം കഴിഞ്ഞെങ്കിലും ശസ്ത്രക്രിയ ഇതുവരെ നടന്നിട്ടില്ലെന്ന് അവർ ഓർക്കുന്നു. ബാബയിലുള്ള അചഞ്ചലമായ വിശ്വാസമാണ് തന്നെ വിഷമഘട്ടത്തിൽ രക്ഷിച്ചത് എന്ന് അവർ തീർത്തും വിശ്വസിക്കുന്നു.
സത്യസായിബാബ യുഗങ്ങൾക്ക് മുമ്പ് പിറന്ന
അവതാര പുരുഷനൊന്നുമല്ല, നമുക്ക് സമകാലീനൻ തന്നെയാണ്. ഇതെഴുതുന്ന ആൾ അദ്ദേഹത്തെ നേരിട്ടു കാണുന്നത് 2002 ൽ ആണ്. ബാംഗലൂരിലെ ആശ്രമത്തിൽവച്ച്. അന്നൊരു ഗുരുപൂർണിമ ദിവസമാണ് എന്നാണ് ഓർമ്മ. ഞാൻ ഒരു വിശ്വാസി അല്ലായിരുന്നു. വിശ്വാസിയായ ഭാര്യാസഹോദരിയുടെ കുടുംബത്തോടൊപ്പം പോകുമ്പോൾ പൂന്തോട്ട നഗരം കാണാനുള്ള ഒരവസരമായി മാത്രമേ ഞാൻ കണക്കാക്കിയിരുന്നുള്ളൂ. ഗുരുപൂർണ്ണിമ ദിവസം പ്രത്യേകം പ്രാർത്ഥനയുണ്ടെന്നും അതിൽ ബാബ സംബന്ധിക്കുമെന്നും വൈകിയാണ് അറിഞ്ഞത്.
ഭാര്യാ സഹോദരിക്കും ഭർത്താവിനും ദർശനം
ഒരു ഭാഗ്യാനുഭവമാണെന്നും പോകണമെന്നും നിർബന്ധം. ഞങ്ങൾ ചെല്ലുമ്പോൾ ബാബ എത്തിച്ചേർന്നിട്ടില്ല. ഭക്ത സമൂഹം അദ്ദേഹത്തിൻ്റെ വരവിനായി അക്ഷമരായി കാത്തിരിക്കുന്നു. ഞാൻ ആ ഹാളും പരിസരവുമെല്ലാം നിരീക്ഷിച്ചു കൊണ്ടിരുന്നു. ബാബ വരാറായതോടെ ലൈറ്റുകൾ തെളിയിച്ചു. പങ്കകൾ ചലിപ്പിച്ചു. ഞാൻ നോക്കുമ്പോൾ വശങ്ങളിലുള്ള രണ്ടു പങ്കകൾ മാത്രം കറങ്ങുന്നില്ല. അവിശ്വാസിയായ എൻ്റെ മനസ്സിൽ ഒരു കുസൃതി വിചാരം കടന്നു കൂടി. ബാബയ്ക് ദിവ്യത്വം ഉണ്ടെങ്കിൽ, അദ്ദേഹം കടന്നു വരുമ്പോൾ ചലിക്കാത്ത പങ്കകൾ ചലിക്കുമല്ലോ എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. താമസംവിനാ സ്വാമി കടന്നു വന്നു. ഉപചാരങ്ങൾക്കും പ്രാർത്ഥനകൾക്കും ശേഷം ബാബയുടെ ഹ്രസ്വ പ്രസംഗം. തെലുഗു ഭാഷയിലോ കന്നഡത്തിലോ ആയതിനാൽ എനിക്കൊന്നും മനസ്സിലായില്ല. ഞാൻ പങ്കകളിലേയ്ക്ക് നോക്കി. ചലിക്കാത്ത പങ്കകളിൽ ഒരെണ്ണം കറങ്ങി; മറ്റൊരെണ്ണം കറങ്ങിയില്ല.
അന്നത്തെ സംഭവത്തിനു ശേഷം എനിക്ക് പ്രത്യേകിച്ച് ഒരു വിശ്വാസമാ അവിശ്വാസമോ തോന്നിയിരുന്നില്ല. ഏറെക്കഴിഞ്ഞ് ബാബ, ദേഹം വെടിഞ്ഞു. അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം ബഹുമതികളോടെ സംസ്കരിച്ചു. പ്രധാനമന്ത്രിയും പ്രസിഡൻ്റും സുപ്രീം കോടതി ജഡ്ജിയുമൊക്കെ ഉൾപ്പെട്ട പൗര പ്രമുഖരും സായീ സേവാംഗങ്ങളും ചരമോപചാരത്തിന് ഉണ്ടായിരുന്നുവെന്നും ആശ്രമം വക ആസ്തികൾ
ഓഡിറ്റ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷേപിച്ചുവെന്നും മറ്റും പത്രദ്വാരാ അറിഞ്ഞു. വീണ്ടും ഒരു വ്യാഴവട്ടക്കാലത്തിന് ശേഷമാണ് ഞാൻ സ്വാമിയുടെ ആസ്ഥാന മന്ദിരമായ പ്രശാന്തി നിലയത്തിൽ എത്തിയത്. ഇപ്പോൾ പോലും ഒരാഴ്ചക്കാലം ശാന്തമായ അന്തരീക്ഷത്തിൽ കഴിയാമെന്നും കാണാത്ത ദേശങ്ങൾ കാണാമെന്നും മാത്രമാണ് ഞാൻ ചിന്തിച്ചത്. ഇവിടെ വന്നപ്പോൾ പലരേയും കണ്ടു സംസാരിച്ചപ്പോൾ അവരുടെ അനുഭവ കഥകൾ കേട്ടപ്പോൾ ഒരു കാര്യം എനിക്ക് ബോദ്ധ്യമായി. നമ്മുടെ അനുഭവമാണ് നമ്മുടെ വിശ്വാസം. വിശ്വാസമാണ് നമ്മെ മുമ്പോട്ടു നടത്തുന്നത്; ജീവിപ്പിക്കുന്നത്.
ഭഗവനാവട്ടെ, അല്ലാതിരിക്കട്ടെ സത്യസായിബാബ ചെയ്ത എല്ലാ ജീവകാരുണ്യ പ്രവർത്തിയിലും സാമൂഹ്യ പരിഷ്കരണ പ്രവർത്തിയിലും
മനോഗുണ പ്രവർത്തിയിലും
ദൈവത്തിൻ്റെ കൈയൊപ്പ് പതിഞ്ഞിരിക്കുന്നതായി നിസ്സംശയം പറയാം.