സാഹിതീശബ്ദം മാസിക ഇന്നലെ കയ്യിൽ കിട്ടിയപ്പോൾ 'അസാദ്ധ്യമായി ഒന്നുമില്ല' എന്ന ആപ്തവാക്യമാണ് മനസിൽ തോന്നിയത്. ഒരു ഓൺലൈൻ സാഹിത്യ കൂട്ടായ്മ അംഗങ്ങളുടെ സർഗ്ഗ വാസനകൾക്ക് പകർന്നാട്ടം നടത്താൻ പാകത്തിലുള്ള പദ്ധതികൾ പലതും ആവിഷ്കരിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി പദ്ധതികൾ നടപ്പാക്കി. പുസ്തകങ്ങളുടെ പ്രകാശനവും പ്രസാധനവും നടത്തി. ഒടുവിൽ ഇപ്പോൾ പ്രിൻ്റഡ് മാസികയുമായി സഹൃദയസമക്ഷം.
ഒരു കാര്യം ഏറ്റെടുക്കുമ്പോൾ വേണ്ട ഇച്ഛാശക്തിയുടെ, പ്രവർത്ത്യുന്മുഖതയുടെ ' സാക്ഷാത്ക്കരണമാണ് ജൂൺ രണ്ടാം തീയതി ഉണ്ടായത്. ഞാൻ ഇതിൽ വൈകി വന്ന സാമാജികനാണ് എങ്കിലും എനിക്ക് അഭിമാനമുണ്ട്. അക്ഷരങ്ങളെ സ്നേഹിക്കുന്ന, ഭാഷയെ സ്നേഹിക്കുന്ന ഒരു കൂട്ടം ചേരലിലാണ് ഞാനും വന്നുപെട്ടതെന്ന്.
പ്രിൻ്റ് മാഗസിൻ , ഇ- മാഗസിനായി മാറുന്നതാണ് പലപ്പോഴും കണ്ടുവരാറുള്ളത്. എന്നാൽ ഇവിടെ പ്രായേണ ദുഷ്കരമായ നേരേ തിരിച്ചുള്ള രീതിയാണ് കാണുന്നത്.
തീർച്ചയായും ഇതിൻ്റെ ചീഫ് എഡിറ്ററും മാനേജിംഗ് എഡിറ്ററും ഈ ഭഗീരഥപ്രയത്നത്തിൽ വിജയിച്ചിരിക്കുന്നു .കൂടാതെ മഹിത മലയാളത്തിന് ഒരു മൊഴിമുദ്ര ചാർത്തുകയും ചെയ്തിരിക്കുന്നു.
മാസികയിലേയ്ക്ക് കണ്ണോടിച്ചപ്പോൾ പ്രൗഢവും വ്യതിരിക്തവുമായ വിഷയങ്ങളാണ് കാണാൻ കഴിഞ്ഞത്. ചീഫ് എഡിറ്റർ ശ്രീ. ബാലചന്ദ്രൻ ഇഷാരയുടെ ശ്രദ്ധേയമായ മുഖക്കുറിപ്പിനു ശേഷം കണ്ട കവർ സ്റ്റോറിയിൽ ഒരു കാലത്ത് തിരസ്കൃതനും അസ്പൃശ്യനുമായിരുന്ന മുട്ടത്തുവർക്കിയെ സസൂക്ഷ്മ വിലയിരുത്തലിലൂടെ സചിത്ര ആഖ്യാനത്തിലൂടെ പുതിയ തലമുറയുടേയും പഴയ തലമുറയുടെയും മനസ്സിൽ കൊണ്ടലൊഴിഞ്ഞ മാനത്തെ മുഴുതിങ്കൾ പോലെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. സാമൂഹ്യ രാഷ്ട്രീയത്തിലെന്നപോലെ സാഹിത്യത്തിലും അസ്പൃശ്യതയും അവമതിപ്പും നിലനിന്നിരുന്നു. അതിനെയെല്ലാം മറികടന്നാണ് മലയാള ഭാഷ ഇന്നത്തെ നിലയിൽ എത്തിയതെന്ന് ഓർമ്മിപ്പിക്കുയാണ് ശ്രീ വള്ളുവനാടൻ്റെ കവർസ്റ്റോറി.
പ്രൗഢങ്ങളായ 5 ലേഖനങ്ങൾ, 4 കഥകൾ, 6 കവിതകൾ കൂടാതെ അനുഭവം, ക്രൈം ഫിക്ഷൻ, ക്രൈം സ്റ്റോറി പുസ്തക പരിചയം ആരോഗ്യം, സിനിമ,സാമ്പത്തികം, പാചകം, ജ്യോതിഷം കൂടാതെ ഒരു കാർട്ടൂൺ പംക്തിയും ഈ മാസികയെ സമ്പന്നമാക്കുന്നു.
നിർമിത ബുദ്ധിയെപ്പറ്റിയുള്ള സെയ്ദ് ഷിയാസ് മിർസയുടെ ലേഖനം വിജ്ഞാനപ്രദം തന്നെ.
അതുപോലെ ചികത്സാപ്പിഴവിനെ പറ്റി ശ്രീ. സജീവൻ എഴുതിയ ലേഖനവും കാലികപ്രസക്തമാണ്. ശ്രീ. പി. മോഹൻദാസിൻ്റെ ലേഖനവും ചികിത്സാപ്പിഴവിനെ പറ്റി തന്നെയാണ് പ്രതിപാദിക്കുന്നത്.
ശ്രീ. അനിൽകുമാർ സി.പി. എഴുതിയ ഈ ഭൂമി.... എന്ന ലേഖനം യാന്ത്രിക ജീവിതം നയിക്കുന്ന പുതിയ തലമുറയ്ക്ക് ഒരു കൈ ചൂണ്ടിയാണ്. ആഖ്യാനം ഏറെ മനോഹരവും.
വി. ആർ. സുധീഷിൻ്റെ നാടകാന്തം ജീവിതം എന്ന കഥ ഏറെ ഹൃദ്യമാണ്. എന്നാൽ ദൃശ്യം സിനിമയുടെ ഇതിവൃത്തസ്വഭാവവുമായി സാത്മ്യം പുലർത്തുന്നുവെന്ന തോന്നൽ ജനിപ്പിക്കുന്നു.
സൂര്യ സരസ്വതിയുടെ സങ്കീർത്തനം ഒരു ക്ലാസിക് കഥയായി മനസിൽ തോന്നി. അതുപോലെ സി.എസ്. ചന്ദ്രികയുടെ ഷെഹർബാൻ എന്ന കഥയും സ്ത്രീയുടെ ദുരിത ജീവിതത്തിൻ്റെ വിഹ്വലമായ ആവിഷ്ക്കാരമായി.
കവിതകളിൽ ശ്രദ്ധേയമായത് ഗീത ശ്രീകുമാറിൻ്റെ ചില്ലു കൂട്ടിലെ പക്ഷി എന്ന കവിതയും സി.ആർ. ദാസിൻ്റെ സംശയം എന്ന കവിതയുമാണ്. സാഹിതീശബ്ദത്തിൽ
ഒരു മാസികയ്ക്കു വേണ്ട എല്ലാ ചേരുവകളും ചേർന്നു വന്നിട്ടുണ്ട്. കുത്തിവര എന്ന കാർട്ടൂൺ പംക്തി എടുത്തു പറയേണ്ടതു തന്നെയാണ്. ശ്രീ. ജി. അരവിന്ദൻ്റെ സദൃശമായ കാർട്ടൂണുകളിലെ അർത്ഥഗർഭമായ മൗനം ഇവിടെ ശ്രീ. റോയ് പി. തോമസിൻ്റെ കുത്തിവരയിൽ വാചാലതയ്ക്ക് വഴിമാറുന്നുവെന്ന് മാത്രം.
സമാനമായ വിഷയങ്ങൾ വരുന്ന ഒന്നിലേറെ സൃഷ്ടികൾ, അത് വിവിധ വിഭാഗങ്ങളിലായിട്ടാണ് വിന്യസിപ്പിച്ചിരിക്കുന്നതെങ്കിലും ഒഴിവാക്കിയിരുന്ന്ത്ങ്കിൽ ഉചിതമായിരിരുന്നേനെ. ആയവ അടുത്ത ലക്കത്തിൽ പരിഗണിക്കാവുന്നതേയുള്ളൂ.
ആകെ കൂടി ലക്ഷണമൊത്ത ഒരു മാസികയാണ് സാഹിതീ ശബ്ദമെന്ന് നിസ്സംശയം പറയാം.