പൗരധർമം മറക്കുന്ന ജനത
ഇന്നിപ്പോൾ നാം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് വന്യജീവി ആക്രമണങ്ങളെ കുറിച്ചാണ്. വന്യജീവികൾ വനത്തിൽ കഴിയുന്നവ. നമ്മൾ പൗരന്മാർ പുരത്തിൽ അഥവാ സമൂഹത്തിൽ കഴിയുന്ന വിശേഷ ബുദ്ധിയും സംസ്കാരവുമുള്ള ജനക്കൂട്ടം. മൃഗങ്ങൾക്ക് അവർ തന്നെ നിശ്ചയിക്കുന്ന സഞ്ചാരപഥങ്ങളും ഇരതേടൽ രീതികളുമുണ്ട്. മനുഷ്യർക്കും ചില പൗരധർമങ്ങൾ നിഷ്കർഷിക്കപ്പെടുന്നുണ്ട് ; പല തലങ്ങളിലായി.
ഈ രണ്ടു കൂട്ടരും മൃഗങ്ങളും പൗരജനങ്ങളും പലപ്പോഴും താന്താങ്ങൾക്ക് നിശ്ചയിക്കപ്പെട്ട പരിധികൾ ലംഘിക്കുമ്പോഴാണ് മനുഷ്യ-മൃഗ സംഘർഷം ഉണ്ടാവുന്നത്.
വിശാലമായ ലോകക്രമത്തിൽ ഏറ്റവും ചെറിയ യൂണിറ്റാണ് കുടുംബം. കുടുംബത്തിൽ നിന്നാണ് പൗരബോധം ഉടലെടുത്തു തുടങ്ങേണ്ടത്. വൃത്തി ശീലം, മറ്റുള്ളവരെ ബഹുമാനിക്കുന്ന ശീലം, പ്രകൃതിയുമായി ഇണങ്ങിക്കഴിയേണ്ട ശീലം, അങ്ങനെ പലതും. എന്നാൽ നിർഭാഗ്യവശാൽ കുടുംബം എന്നത് രണ്ടുമൂന്നു പേരിലേയ്ക്ക് ഒതുങ്ങുകയും സമയവുമായി സമരസപ്പെട്ട് ജീവിതം ചിട്ടപ്പെടുത്താൻ പലർക്കും കഴിയാത്തതും പൗരധർമം മറക്കുന്ന ജനതയായി നമ്മെ മാറ്റുന്നു
നാം ഒരു ജനാധിപത്യസമൂഹമാണ്. തെരെഞ്ഞെടുക്കപ്പെടുന്നവരാണ് നമ്മെ ഭരിക്കുന്നത്. അതുപോലെ നമുക്കു വേണ്ടി നിർമിക്കപ്പെട്ട നീതിന്യായ വ്യവസ്ഥിതിയുടെ ഭാഗമായി വേണം നാം പ്രവർത്തിക്കാൻ. നിയമനിർമാണം നടത്തുമ്പോൾ അത് പ്രായോഗികമാണോ എന്നത് പരിശോധന ചെയ്യേണ്ടതാണ്. അതുപോലെ നീതിന്യായ തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൻ്റെ ദൂരവ്യാപക പ്രത്യാഘാതത്തെക്കുറിച്ച് ധാരണ വേണം. അല്ലാഞ്ഞാൽ കലാപത്തിന്ന് പോലും അത് കാരണമാകും. പൗരധർമം മറന്ന ജനതയുണ്ടാകുന്നതിന് ഇവ്വിധ കാരണങ്ങൾ അനുകൂലകമാകുമെന്നത് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
നമ്മുടെ നാട്ടിൽ പ്ലാസ്റ്റിക് നിരോധനനിയമം നടപ്പാക്കി. എന്നാൽ അതിൻ്റെ പ്രഭവം അടയ്ക്കാൻ കഴിയാതെ നിയമം എങ്ങനെ നടപ്പാക്കാൻ കഴിയും. മിഠായ് കടലാസ് മുതൽ ഓൺലൈൻ ഭക്ഷണ വിതരണം വരെ വ്യത്യസ്ത പ്ലാസ്റ്റിക് കവറുകളിലാണ്. സർക്കാർ വിതരണശാലകളിലെ സാധനങ്ങൾ അത്രയും ഇത്തരത്തിൽ തന്നെ. പ്ലാസ്റ്റിക് ശേഖരിക്കുന്ന ഒരു പദ്ധതി ഗവണ്മെൻ്റ് ആവിഷ്കരിച്ചു. കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് സാധനങ്ങൾ ഉചിതമായി പായ്ക്ക് ചെയ്തു കൊടുത്താൽ മാത്രമേ അവർ സ്വീകരിക്കുകയുള്ളൂ. ഫലമോ !ഭക്ഷണക്കവറുകളും മറ്റും നിരത്തിലേയ്ക്കെറിയപ്പെടുന്നു. തെരുവുനായകൾ പെരുകുന്നു. പുതിയ ഒരു സാമൂഹ്യ പ്രശ്നം കൂടി സൃഷ്ടിക്കപ്പെടുന്നു.
മണിപ്പൂരിൽ കത്തുന്ന പ്രശ്നങ്ങൾക്ക് കാരണം വേണ്ടത്ര അവധാനതയില്ലാതെ നീതിന്യായ തീരുമാനമുണ്ടായിയെന്നതാണ്. നീതിയും നിയമവും ഇഴകീറി പരിശോധിക്കുമ്പോൾ തന്നെ, അത് ജനങ്ങളിലുണ്ടാക്കുന്ന അസ്വസ്ഥതയും അരക്ഷിതാവസ്ഥയും കാണാതെ പോകരുത്.
ലോക രാഷ്ട്രങ്ങൾക്കിടയിലും പെരുമാറ്റച്ചട്ടങ്ങളുണ്ട്. എന്നാൽ സർവ്വാധിപത്യത്തിൻ്റേയും വംശാധിപത്യത്തിൻ്റേയും അധീശത്വത്തിൻ്റേയും പേരിൽ അവർ അഗ്നിവർഷത്താൽ സംഹാര യുദ്ധം ചെയ്യുന്നു. ആണവായുധങ്ങൾ സംഭരിച്ച് ഇതര രാഷ്ട്രങ്ങളെ മുൾമുനയിൽ നിർത്തുന്നു.
വ്യക്തികൾ എന്ന നിലയ്ക്കും ഭരണജ്ഞർ എന്ന നിലയ്ക്കും രാഷ്ട്രങ്ങ്ങൾ എന്ന നിലയ്ക്കും ധർമബോധം വെടിയാതെ പ്രവർത്തിക്കണം. പൗരധർമം പാലിക്കാൻ നാം ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്. ബോധിസത്വൻ പിറന്ന ഈ നാട് നമ്മോട് ആവശ്യപ്പെടുന്നതും അതാണ്.
No comments:
Post a Comment