Sunday, 28 January 2024

അഭിമന്യു

അഭിമന്യു


ബാലാർക്കബിംബം കണക്കെത്തിളങ്ങിയ

ബാലനെന്നുണ്ണി,  നീയും മറഞ്ഞുവോ!

പത്മവ്യൂഹത്തിൽ പെടുത്തി മഹാരഥർ

കൊല്ലിച്ചതാണോ 'കുരുക്ഷേത്ര' ശാലയിൽ


അച്ഛൻ നിനക്കഭിമന്യുവെന്ന പേർ ചൊല്ലി -

വിളിച്ചപ്പോഴോർത്തില്ല ഞാനുമേ

വാളോങ്ങി നിൽക്കും കലാലയക്കെട്ടിലും

നേരിന്റെ നേരേ , പ്രതിയോഗിയായവർ.


പാതയോരത്തെ ചുവരിൽ നീയാലേഖനം ചെയ്ത 

അക്ഷരക്കൂട്ടുകൾക്കായില്ല നിന്നെ സുരക്ഷിതനാക്കുവാൻ .

മഞ്ഞ വെളിച്ചം പടർത്തിമിന്നുന്നൊരാ മിന്നാoമിനുങ്ങുവെളിച്ചവും കെട്ടുപോയ്.

സപ്തമഹായുധർ വന്നെന്റെയുണ്ണിയെയു-

ന്മൂലനം ചെയ്തു ആയുധവൈഭവാൽ .


ആയുധം അക്ഷരത്തെജ്ജയിച്ചീടുമോ ?

ക്ഷരമില്ലയാത്തതാണക്ഷരം ഓർക്കുക.

ആയുധത്തെയടിയറ വയ്പിക്കുവാനാകു-

മതിനു നാം കാത്തിരുന്നീടണം.

4.1.24

ഊർമിളാ ദുഃഖം

ഊർമിളാ ദുഃഖം


അന്നൊരു കാലം പിതാവിന്റെ ചൊൽപ്പടി

ക്കുള്ളിൽ കഴിഞ്ഞൊരു ഗ്രാമീണകന്യ ഞാൻ

അന്നവസനങ്ങളല്ലാതെ എന്നുള്ളിൽ

ഒന്നുമേ വന്നില്ല, മംഗല്യ ചിന്തയും..


വന്ദ്യർ വയോധികർ ചിന്തിച്ചു ബന്ധിച്ച

നൂലിൽ തളഞ്ഞു കിടന്നതേയുള്ളു ഞാൻ

ഉള്ളു പൊള്ളുന്നേരമൊന്നു കരഞ്ഞിടാൻ

നിന്നില്ല, മൗന മുനമ്പിൽ കഴിഞ്ഞു ഞാൻ.


ഇന്നു ഞാനമ്മയാണെന്നുള്ളിലുമുണ്ടു

കർത്തവ്യ ബോധവും  ധാർമിക ചിന്തയും.

ത്രേതായുഗത്തിലെ ഊർമിളാ ദു:ഖവും

പേറിക്കഴിയുവോളല്ല ഞാൻ , കൂട്ടരേ!


കാവ്യങ്ങൾ ഏറെ ചമയ്ക്കാം മനുഷ്യർക്ക്

സ്ത്രീയാണവൾ, പ്രകൃതിയാണവൾ, ശക്തിയും .

ശക്തി കെടുത്തുന്ന നൈഷാദ ശക്തികൾ -

ക്കൊത്താശ ചെയ്യുവോരാണിന്നരചരും ,


3.1.24




കൊല്ലങ്കോട് എന്ന പൈതൃകഗ്രാമം


കൊല്ലങ്കോട്

എന്ന

പൈതൃകഗ്രാമം

   '




കൊല്ലങ്കോട്ടെ ചെല്ലൻ ചേട്ടൻ കല്ലമ്മുള കൊണ്ടുണ്ടാക്കി

പാടവരമ്പൊടു ചേർന്ന നിരത്തിൽ ചേലൊടു ചായക്കടയൊന്ന്.

പനയുടെ പട്ടകൾ കെട്ടിയൊരുക്കിയ ചായക്കടയുടെയോരത്ത് 

വടിയും കുത്തി കൂനിയിരിപ്പൊരു തടിയൻ കിഴവൻ വടവൃക്ഷം


അകലെ മലയുടെ മുകളിൽ മേഘപ്പഞ്ഞിക്കെട്ടുകളുയരുന്നു

കുളിർനീരരുവികൾ തെളിനീർ നിറവിൽ കളകളമൊഴുകിടുമനുവേലം

മരതകമണിയിൽ മഞ്ഞണിനീർകണമടരാൻ വെമ്പും വയലുകളിൽ

വൈരക്കല്ലിൽ ചിന്നും ഇളവെയിൽ മഴവിൽക്കൊടിയായ് തെളിയുന്നു.


പാടവരമ്പിൽ ചിതറിയ പനനിഴൽ പല പല രൂപം കൈക്കൊൾവൂ

കാറ്റുപിടിച്ച പനമ്പട്ടകളുടെയാർദ്രത കെട്ട പെരുക്കങ്ങൾ

ദൂരെ നെല്ലു പൊലിക്കും പാറക്കെട്ടിൽ തട്ടി മുഴങ്ങുമ്പോൾ

മല ഭൂതങ്ങൾ ഇറങ്ങി നടക്കും ഹൃങ്കൃതിയാണെന്നോർത്തീടും

 പൈതൃക ഗ്രാമം കാണാനാളുകളേറെ വരുന്നുണ്ടിക്കാലം

ചായക്കടയുടെയോരത്തെല്ലാം സഞ്ചാരികളുടെ കലപിലകൾ

ചായകൾ കാപ്പികൾ ദോശകൾ ഇഡ്ഡലി എണ്ണക്കടികൾ പലതരമാം

മുളയുടെ കുറ്റിയിലാവികയറ്റി ചുട്ട അരിപ്പുട്ടതിനൊപ്പം

മുളകും മല്ലിയുമരവിൻ പാകം ചേർത്തു പുഴുങ്ങിയ കടലയുമായ്

ചേർത്തു കഴിക്കെ രസനയിലൊരു പുതു സ്വാദിൻ കുഞ്ഞല വാർന്നീടും



ചെല്ലൻ ചേട്ടനു ഖ്യാതി പെരുത്തൂ കടയുടെ ഖ്യാതിയുമതിനൊപ്പം

ബ്ലോഗറ് വ്ലോഗറ് സിനിമാക്കാരും ചിത്രമെടുക്കാൻ ഒരു കൂട്ടർ

പത്രക്കാരും വാരിക മാസിക നവമാധ്യമമാം യൂട്യൂബും

ചെല്ലൻ ചേട്ടന് സ്റ്റോറിയൊരുക്കി , ആളൊരു സ്റ്റാറായ് ബഹു ജോറായ്.

പുത്തൻ കടയൊരു സിനിമാ സ്റ്റാറിൻ സന്തോഷത്തിൻ വാഗ്ദാനം

വിഭവം പല തരമൊരുമിച്ചെത്തും മട്ടിൽ നല്ല പരിഷ്കാരം

ഉടനേ ചെയ്യണമെന്നൊരു വ്ലോഗർ ഉപദേശിച്ചു സ്നേഹത്താൽ


ഗ്രാമത്തിന്റെ പൈതൃക സത്തകൾ ഒന്നൊന്നായി പൊയ്പോകേ

നാടിൻ ചായക്കടകൾ കൂടി പുതു മാർഗങ്ങൾ തെരെഞ്ഞെന്നാൽ

നമ്മുടെ ഭക്ഷണ സംസ്ക്കാരങ്ങൾ, രസനകൾ തിരയും സ്വാദിഷ്ടം

എന്നെന്നേയ്ക്കും പൊയ്‌പ്പോകും അതു വേണ്ടന്നോതി ചെല്ലണ്ണൻ.







Tuesday, 16 January 2024

അശാന്തിയുടെ തീരം

അശാന്തിയുടെ തീരം

അന്ത:രംഗം നടുക്കുന്ന ഹുങ്കൃതി

അന്തരീക്ഷം മറയ്ക്കുന്നു ധൂമവും

മന്നിടം ചുട്ടുപൊട്ടിച്ചു സംഹരിച്ചന്തരാ

 മോദിപ്പതെന്തിനെൻ ലോകമേ.

ലോകനാഥൻ പിറന്നോരിടത്തിലും

ബോധിസത്വനെ പൂണ്ടോരു ദിക്കിലും

വിപ്ലവത്താൽ സമത്വം വിളയിച്ചു

വിശ്വശക്തിയായ് തീർന്നൊരാമണ്ണിലും

ശാന്തിയെന്നത് ശാശ്വതമായിനി

കാണ്മതെന്ന് നാം കാത്തിരുന്നീടുന്നു.

ലോകമൊറ്റക്കുടുംബമായ് കാണുവാൻ

പണ്ടുപണ്ടേ പറയുന്നു വേദങ്ങൾ

കെട്ട കാലത്ത് കൈവിട്ട നാടിനെ

പാട്ടിലാക്കി പ്രബലരായ് വാഴുവാൻ

വംശവീറിന്റെ വിത്തുവിതച്ചതിൽ

പാതി രാജ്യം പതിച്ചു വാങ്ങീടുവാൻ

വേറെ പോകിലും തങ്ങൾതൻ മേഥയെ

കൈവിടാൻ മടിയേറെയുണ്ടായതും

ഇന്നു ലോകവിപത്തിനു ഹേതുവായ്

നമ്മെ നിർത്തുന്നശാന്തിതൻ തീരത്ത്

Tuesday, 9 January 2024

സിനിമാസ്വാദനം

ധബാരി ക്യുരുവി

ഏറെ നാളുകൾക്കുശേഷമാണ് തീയേറ്ററിൽ പോയി സിനിമ കാണുന്നത്. പൊതുവേ എല്ലാറ്റിനോടുo മടി തോന്നിത്തുടങ്ങി. ഇതിപ്പോൾ സഹധർമ്മിണി ആവശ്യപ്പെട്ട പ്രകാരം ഇറങ്ങിയതാണ്. അവർ സായി സ്നേഹതീരം ൈ ട്രബൽ റീഹാബിലിറ്റേഷൻ കേന്ദ്രത്തിലെ സന്നദ്ധ സേവകയാണ്.

സിനിമയുടെ പതിവു ചട്ടക്കൂട്ടിൽ നിന്നു വ്യത്യസ്തമായ ഒരു സിനിമ കണ്ട അനുഭവം.
അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയ കഥ. പച്ചയായ ആദിവാസി ജീവിതത്തിന്റെ യഥാതഥമായ അഭ്രാവിഷ്കാരമാണ് ഈ സിനിമ. ഇതിൽ കഥാപശ്ചാത്തലം പോലെ തന്നെ കഥാപാത്രങ്ങളും ആദിവാസി സമൂഹത്തിൽ നിന്നു തന്നെയാണ്. അവർ അഭിനയിക്കുകയല്ല; ജീവിക്കുക തന്നെയാണ്. തങ്ങൾക്കന്യമല്ലാത്ത ജീവിതാനുഭവങ്ങളുടെ കനൽച്ചൂട് ആവാഹിച്ചു കൊണ്ട്.
നമ്മൾ സിനിമയിൽ കണ്ടു വരുന്ന ആദിവാസി ജീവിതം കമ്പോളവത്കൃതമായ സിനിമ വ്യവസായത്തിന്റെ അവശ്യ ചേരുവകൾ ചേർത്ത് രൂപപ്പെടുത്തിയതാണ്. എന്നാൽ ഇവിടെ കാണാൻ കഴിയുന്നത് ഗോത്രപരമായ തനിമയും ആചാരവിശേഷങ്ങളും അന്ധവിശ്വാസങ്ങളും ഇഴചേർന്ന ജീവിതാവസ്ഥയാണ്. ഒരു വേള , കാട്ടിലെ മൃഗങ്ങളേക്കാൾ അശരണരാണ് കാട്ടുവാസികളായ മനുഷ്യർ എന്ന് തോന്നിപ്പോകും. തികച്ചും നിർമലമാണ് പ്രകൃതി. എന്നാൽ ആ നൈർമല്യം ഊരിലെ കുരുന്നുകൾക്ക് അന്യമാകുന്നതിന്റെ നേർസാക്ഷ്യമാണ് സിനിമ.
ലഹരിക്കടിമപെട്ട മുതിർന്ന തലമുറയ്ക്കു മുൻപിൽ , അരക്ഷിതരായ, അശരണരായ കൗമരപ്രായക്കാരായ പെൺകിടാങ്ങൾ. ഊരിൽ നിന്നും ഊരിനു വെളിയിൽ നിന്നും ഉളവാകുന്ന ഉടയോരില്ലാത്ത ഗർഭം കൗമാരങ്ങളുടെ കുതിപ്പിനെ കിതപ്പാക്കി മാറ്റുന്നു. വ്യത്യസ്ത അനുഭവ പശ്ചാത്തലത്തിലൂടെ ജീവിക്കുന്ന മൂന്നു പെൺകുട്ടികളുടെ ജീവിതത്തെ വരച്ചുകാട്ടിയിരിക്കുകയാണ് സിനിമയിൽ.
അനാഥ ശിശുവുമായി യാന്ത്രികമായി ജീവിക്കുന്ന ഒരുവൾ. ഊരിലെ തന്നെ ആൺ പ്രലോഭനങ്ങളിൽ പെട്ട മറ്റൊരുവൾ. പഠിക്കുവാനും വളരുവാനും ഉൽക്കടമായി ആഗ്രഹിക്കുന്ന, അതിനു വേണ്ടി സാഹസികമായി തന്റെ അനാഥഗർഭം പിഴുതെറിയാൻ പരിശ്രമിക്കുന്ന നായികാ കഥാപാത്രമായ കൗമാരക്കാരി. ഇതിനിടയിൽ അന്ധവിശ്വാസം, ആഭിചാരo, ഊരു നിയമങ്ങൾ തുടങ്ങിയ വിലങ്ങുതടികൾ. അതിജീവനത്തിന്റേയും ഉയർത്തെഴുന്നേൽപ്പിന്റേയും സൂചനകൾ നൽകിയുള്ള ഭരതവാക്യം. സിനിമ ഇവിടെ അവസാനിക്കുന്നു. 
നെയ്ത്തുകാരൻ എന്ന രാഷ്ട്രീയ സിനിമയുടേയും പുലിജന്മം എന്ന കേന്ദ്ര അവാർഡ് കരസ്ഥമാക്കിയ ചിത്രത്തിന്റേയും സംവിധായകനായ പ്രിയനന്ദനൻ ഒരുക്കിയ പുതിയ ചിത്രമാണ് 'ധബാരി ക്യുരുവി'. സംവിധായകൻ തന്നെ പറഞ്ഞത് ഇതിനർത്ഥം  കുരുവികൾക്ക് പിതാക്കളില്ല
(Sparrows are fatherless ) എന്നാണ്. ഇതിന്റെ കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രിയനന്ദനൻ തന്നെയാണ്. ഛായാഗ്രഹണം അദ്ദേഹത്തിന്റെ പുത്രൻ അശ്വഘോഷനും .
അട്ടപ്പാടിയുടെ വശ്യസൗന്ദര്യവും പ്രകൃതിയുടെ ഭാവ വികിരണങ്ങളും ഒപ്പിയെടുക്കാൻ അശ്വഘോഷന് കഴിഞ്ഞിരിക്കുന്നു. ഗോത്ര ജീവിത പശ്ചാത്തലത്തിന് ഇണങ്ങുന്ന ഗാനങ്ങൾ ഇഴ ചേർത്താണ് സിനിമയൊരുക്കിയത്.
വളരെ നാളുകൾക്കു ശേഷം നല്ലൊരു സിനിമ കണ്ട സംതൃപ്തിയോടെയാണ് തീയേറ്റർ വിട്ടിറങ്ങിയത്. കൂടെ പെരിന്തൽമണ്ണയിലെ സായി സ്നേഹതീരം ആദിവാസി ഹോസ്റ്റലിലെ അന്തേവാസികളും സന്നദ്ധ പ്രവർത്തകരും.


= ശങ്കരനുണ്ണി

Saturday, 6 January 2024

സൗഹൃദം

കണ്ണനും സുദാമാവും



അന്തി ചായുന്നു,വെൺമേഘജാലങ്ങ -ളംബരാന്തേ അണഞ്ഞെത്തി യാദരാ - ലാരതിയുഴിയുന്നു ദ്യോവിനെ . പാടല നിറം പൂണ്ടു കടലല , വിണ്ഡലം തൊട്ടു വന്ദിപ്പതാവുമോ !


അങ്ങു ദൂരെയാ ഗ്രാമത്തിൽ നിന്നൊരുഅന്തണൻ വന്നണഞ്ഞൂ മതിഭ്രമാൽകണ്ണനെങ്ങിത്, ദ്വാരക തന്നെയോദ്വാരപാലർ കയർത്തതെന്തയ്യയ്യോ!


ദൂരെ മേടയിൽ നിന്നു ദയാപരൻ കണ്ടു തന്റെയാ സാധുവാം തോഴനെ . വേർപ്പണിഞ്ഞ സുഹൃത്തിന്റെ മേനിയെ പേർത്തു സ്നേഹം കലർന്നങ്ങണച്ചതും

ആത്തകൗതുകാൽ വീർത്ത കിഴിക്കെട്ടു നീർത്തി വേഗം പൃഥുകം ഭുജിച്ചതും    എണ്ണിയെണ്ണി മനസിലേയ്ക്കുണ്മയായ് കണ്ണനൊത്തുള്ള ക്രീഡാ സ്മരണകൾ . കണ്ണനില്ല സുദാമാവുമില്ലിനി കണ്ണി പൊട്ടാത്ത സൗഹൃദം മാത്രമാം .


= ശങ്കരനുണ്ണി