Monday, 7 August 2023

വംശവൃക്ഷം

വംശവൃക്ഷം

സുഗേയമാം പുതുകാവ്യശീലിൽ
സുഭാഷണങ്ങൾ രചിക്കുവോളെ
ആശയ്ക്ക് തക്കവിധമക്ഷരത്തെ
ആയോധന പുതുഖഡ്ഗമാക്കൂ

ചേലൊത്ത പേരിലൊരു പുസ്തകത്തെ
ചേണുറ്റകൈയ്യാൽ പ്രകാശനം ചെയ്താ_
യമ്മയെ, വടവൃക്ഷമാതെ പേർത്തും
സ്മരിച്ച് തിലോദക പുണ്യമേകൂ

അമ്മ, ഒരോർമയാണന്നുമെന്നും
അമ്മിഞ്ഞപ്പാലിൻ മധുരം പോലെ
'ഏടത്തി'യെന്ന് സ്വയമാഖ്യ നൽകി
കുട്ടിക്കുറുമ്പു കളിമ്പമായി, ചക്കരെ
തേനേ എന്നൊക്കെയോതി
പ്രത്യക്ഷ ഗോപികയെന്ന പോലെ
ചഞ്ചലചിത്തം ചകിതഹൃത്തം
മിന്നി മറയുന്ന രാഗഭാവം
എങ്കിലും നിന്നിലെ സ്ത്രീഹൃദയം
നൊമ്പരം കൊണ്ടു രണ്ടക്ഷരത്താൽ
പിന്നെ, വധുവായി, അമ്മയാകാൻ
വെമ്പി നടക്കുന്ന കാലമൊന്നിൽ
'ദോഹദ 'മെന്നൊരു വാക്കിലേറി
അക്കരയിക്കരെ പോയതോർക്ക

ഇന്നിനി ആശയും ആശാലതയുമി_
ല്ലുള്ളത്  ഗായത്രി പാടുന്ന വംശവൃക്ഷം
ആ വടവൃക്ഷത്തിലേത് കൊമ്പിൽ
പാഴ്മുളം തണ്ടുമായ് നില്പു കണ്ണൻ
ഗോപികാദണ്ഡനം ചെയ്തിടൊല്ലെ
ഗോപീഹൃദയം ഭവന്തമോർക്ക.
(ആശലതയുടെ കവിതാ സമാഹാരത്തിന്
ആശംസകൾ നേർന്നുകൊണ്ട്)


Unnikrishnan.S





No comments:

Post a Comment