Friday, 17 November 2023

എം.ആർ.ബി.

വന്നേരി നാടിന്നഭിമാനമായ് വന്ന
മംഗലാത്മാവേ ഭവാനെൻ്റെ വന്ദനം
എത്രയും പാരം പ്രവർത്തിച്ചവിടന്ന്
കേരള നാടിൻ യശസ്സുയർത്താൻ, പിന്നെ
സ്വന്തം സമുദായ ജീർണ്ണത തീർക്കുവാൻ,
വാക്കിനാൽ നല്ല രസായനം തീർത്ത ഹോ!
ദുഷ്ടസമുദായ നീതിശാസ്ത്രങ്ങൾ തൻ
സ്മാർത്തവിചാരണ നിർഭയം നേരിട്ട
പൂരുഷൻ തന്നെ ഭവാന, വിടത്തെ
സ്ഥൈര്യം കരുത്തു പകരുന്നു ഞങ്ങൾക്ക്
ബാല്യ വിവാഹം, മറക്കടയ്ക്കുള്ളിലെ ദൈന്യം
മഹാഭ്രഷ്ട്, തീണ്ടായ്ക യാദിയാം
സാമൂഹ്യതിന്മയെ ഏകനായ് നിന്നു നീ
നേരിട്ടതോർക്കവേ കോൾമയിർ കൊൾവു ഞാൻ
തൂലിക നല്ല പടവാളിനൊപ്പമെന്നാപ്ത -
വാക്യം സഫലമായ് തീർത്തു തേ
നാടകം, കാവ്യം, ഉപന്യാസമാദിയാം
സാഹിത്യവൃത്തിയിൽ ബദ്ധനായ് നിന്ന് നീ
വാക്കിനെയഗ്നിയായ് നീട്ടിയനാചാര -
ബദ്ധമാം ഗർവ്വിനെ ചുട്ടുകരിച്ചിലേ
സ്വന്തം മുഖം അറിയാതെയറയ്ക്കുള്ളിൽ
ദൈന്യം കഴിഞ്ഞൊരാ സോദരിമാർ മുമ്പിൽ
നീട്ടിയില്ലേ ' പുതുവൽക്കണ്ണാടി' നീ
സ്വന്തം മുഖ:ച്ഛായ കണ്ടന്നു നിങ്ങൾ ,
നിങ്ങളെ തന്നെ തിരിച്ചറിഞ്ഞീലയോ?
സ്വത്വബോധം 'മുളപൊട്ടിയ വിത്തുകൾ '
വിപ്ലവ വീര്യം വിതച്ചു തന്നീലയോ?
നഷ്ടബോധത്തിൻ വളപ്പൊട്ടുകൾ നീക്കി
യുക്തിബോധത്തിൻ നറു. 'താമരയിതളുകൾ '
മെല്ലെ വിരിയിക്കുവാൻ
ഇല്ലക്കരി പിടിച്ചോരാ മുഖങ്ങളിൽ
 സുവർണ്ണച്ഛായകൾ' നൽകുവാൻ
അങ്ങണഞ്ഞീലയോ?
ഭ്രാന്താലയമെന്ന് ശ്രീ വിവേകാനന്ദൻ
ഭത്സിച്ചു കല്പിച്ച നാടിനെയാകവെ
ദൈവ നാടായ് തീർത്ത പുണ്യപുരുഷരിൽ
മുമ്പനല്ലോ ഭവാൻ, എം.ആർ.ബി
അങ്ങേയ്ക്ക് മുമ്പിൽ പ്രണാമം, പ്രണാമ
മാനാമം പുലരട്ടെ കേരളശ്രീയായ് തന്നെ 

[എം.രാമൻ ഭട്ടതിരിപ്പാട് -കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ മുൻനിര നായകൻ കവി, നാടകകൃത്ത്, ഉപന്യാസ കാരൻ തുടങ്ങി സാഹിത്യത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. വാൽക്കണ്ണാടി, മുഖച്ഛായ, മുള പൊട്ടിയ വിത്തുകൾ, താമരയിതളുകൾ, വളപ്പെട്ടുകൾ, സുവർണച്ഛായകൾ തുടങ്ങിയവ അദ്ദേഹത്തിൻ്റെ കൃതികളാണ്]



No comments:

Post a Comment