കോയ്മയുടെ കോലകം
"കോയ്മയുടെ കോലങ്ങളെരിയുന്നജീവിതച്ചുടലയ്ക്കു കാത്തിരിക്കുമ്പോൾ
കോവിലുകളെല്ലാമൊതുങ്ങുന്ന കോവിലിൽ
കഴകത്തിനെത്തി നിൽക്കുമ്പോൾ "
മങ്കടയിലെ കലുഷിതമായ ഔദ്യോഗിക ചുറ്റുപാടിലേക്ക് അധികച്ചുമതല ലഭിച്ചു വരുമ്പോൾ ചുണ്ടിൽ തങ്ങിയത് മധുസൂദനൻ നായരുടെ വരികൾ. വള്ളുവനാടിന്റെ ജീവസ്പന്ദനങ്ങൾ നേർ കണ്ണുകൊണ്ട് കണ്ടു നടക്കുമ്പോൾ പഴകിയതും പുഴകിയതുമായ കോവിലകങ്ങളും അവയുടെ നഷ്ട പ്രതാപവും ചരിത്രത്തിന്റെ പിൻ ഭിത്തിയിൽ നിന്നുപോലും എടുത്തു മാറ്റപ്പെടുന്നതായി കണ്ടു.
മങ്കട എന്ന ഗ്രാമം.ലോക പ്രസിദ്ധ സിനിമാ ഛായഗ്രഹകൻ മങ്കട രവിവർമയെ സമ്മാനിച്ച ഗ്രാമം.മങ്കട രവിവർമയെ പുതിയ തലമുറയ്ക്ക് പരിച്ചയമുണ്ടാകണം. കഴിഞ്ഞ വർഷത്തെ ജെ.സി.ഡാനിയേൽ പുരസ്കാര ജേതാവാണദ്ദേഹം.കൂടാതെ മുൻ വർഷങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കിട്ടിയ നിരവധി പുരസ്കാരങ്ങൾ. പോരാ,അടൂർ ഗോപാലകൃഷ്ണന്റെ അഭ്രഭാഷയ്ക്ക് ക്യാമറാക്കണ്ണു കളിലൂടെ അന്തരീക്ഷം സൃഷ്ടിച്ചു ലോകത്തിന്റെ മുന്നിൽ മിഴിവുറ്റതാക്കിയത് മങ്കട കോവിലകത്തെ ഈ കലാകാരനാണ്. വെള്ളാട്ട് രാജാക്കന്മാർ ഋഷി തുല്യമായ ജീവിതമാണ് നയിച്ചിരുന്നത്. ശ്രീ രാമവർമ്മയും വേറിട്ടായിരുന്നില്ല. താൻ തന്നെ ക്യാമറയിലൂടെ മിഴിവു നൽകിയ ചില കഥാപാത്രങ്ങളെപ്പോലെ അദ്ദേഹം അവിവാഹിതനായി കഴിഞ്ഞു.രവിവർമ്മയെ എല്ലവർക്കുമറിയാമെങ്കിലും അദ്ദേഹത്തിന്റെ തലമുറ,താവഴി,ചരിത്രത്തിന്റെ എഴുതാപ്പുറങ്ങളിലെവിടെയോ.....
പഴയകാലത്തെ 13 മലനാട്ടുതിരുപ്പതികളിൽ പ്രധാനമാണ് ആറങ്ങോട്ടുസ്വരൂപം എന്നത്. ഇത് വള്ളുവക്കോനാതിരിയുടെ ബിരുദമാണ്.ഇവർ വൈഷ്ണവരായ 'ആയ'ന്മാരുടെ ഒരു ശാഖയാണെന്നു ചരിത്രം രേഖപ്പെടുത്തുന്നു.കുറുവ എന്ന സ്ഥലത്താണ് ഇവരുടെ കുലഭവനം.കോവിലകങ്ങൾ പലതും ഇന്ന് മണ്മറഞ്ഞു കഴിഞ്ഞു.
കടന്നമണ്ണ കോവിലകത്തു വർഷങ്ങൾക്കുമുമ്പ് അവിടത്തെ പത്തായപ്പുരയ്‌ക്ക് 200 വർഷം തികഞ്ഞതിനെ പുരസ്കരിച്ച് ഒരു കുടുംബയോഗം നടക്കുകയുണ്ടായതായി കോഴിക്കോട് സർവ്വകലാശാലാ ചരിത്രവിഭാഗം ഗവേഷകൻ ശ്രീ എൻ .എം നമ്പൂതിരി രേഖപ്പെടുത്തിയിട്ടുണ്ട്.അങ്ങാടിപ്പുറം ക്ഷേത്രത്തിൽ ഒരു മാമാങ്കം ഗ്രന്ഥവരി ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു.അതുപോലെ വള്ളുവനാട്ടു ഗ്രന്ഥവരി എന്നൊന്ന് ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും ആർക്കും ദൃഷ്ടിഗോചരമായി പറയപ്പെടുന്നില്ല.ആധുനികചരിത്രത്തിൽ വള്ളുവനാടിന്റെ പരിചയപ്പെടുത്തുന്നത് ലോഗൻസ് മാന്വൽ ആണ്.രേഖകൾ പലതും നശിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തതായി കരുതാം.
കുറേക്കൂടി പിറകോട്ടു പോയാൽ സംഘകാല കൃതികളായ 'പുറനാനൂറ്' , 'അകനാനൂറ്' തുടങ്ങിയവയിൽ 'ആയ്' രാജാക്കന്മാരെ കുറിച്ച് വർണ്ണനയുണ്ട്.കേരളത്തിൽ ദേശാധിപത്യമുള്ള രാജവംശങ്ങളിൽ ഒന്നായിരുന്നു ആയ് രാജവംശം.അഗസ്ത്യമുനിയുടെ യാഗാഗ്നിയിൽ നിന്ന് ജന്മമെടുത്തവരാണിവർ എന്നാണ് ഐതിഹ്യം.കോട്ടയം ജില്ലയിൽ പൊതി എന്ന സ്ഥലത്തു മലയടിവാരത്തിൽ ആയ്‌കുടി എന്ന സ്ഥലമായിരുന്നു ഇവരുടെ തലസ്ഥാനം.ഇതാണ് പിന്നീട് ആയാംകുടി ആയത് എന്ന് അനുമാനിക്കാം. ആയ് വംശത്തിൽ ഏറ്റവും പ്രതാപിയും കീർത്തിമാനുമായിരുന്നു ആണ്ടിരൻ. അദ്ദേഹം കവികൾക്കും പണ്ഡിതർക്കുമെല്ലാം ആനകളെ സമ്മാനിച്ചിരുന്നതായി സംഘകൃതികൾ പറയുന്നു.ആണ്ടിറൻ മരിച്ചപ്പോൾ ഭാര്യമാർ ഉടന്തടി ചാടി മരണം വരിച്ചതായി പറയപ്പെടുന്നു.ആണ്ടിരനു ശേഷം അതിയൻ രാജാവായി.അതിയന്റെ കാലത്തു പാണ്ട്യരാജാവ് ആയ് വംശം കീഴടക്കി. പിന്നീടവർ രാജ്യം വീണ്ടെടുക്കുകയും സ്വതന്ത്രരാവുകയും ചെയ്തതായി ചരിത്രം സൂചിപ്പിക്കുന്നു.ആയ് രാജ്യം ഭരണ സൗകര്യത്തിനായി പല നാടുകളായി ഭാഗിക്കപ്പെട്ടിരുന്നു.തെണ്ടനാട്,ചെങ്ങെഴുനാട്,മുകലനാട്, ഒമായനാട്, പടൈപ്പനാട് വള്ളുവനാട് തുടങ്ങിയവ.
വള്ളുവനാട്ടുരാജാവിന് ആറങ്ങോട്ടുടയോൻ, വള്ളുവക്കോനാതിരി, വെള്ളാട്ടിരി, വല്ലഭൻ എന്നിങ്ങനെ പല പേരുകളുണ്ട്.എ.ഡി .10-)0 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രാജശേഖരനാണ് ഈ വംശത്തിലെ പ്രബലനും സ്ഥാപകനും ആയി അറിയപ്പെട്ടിരുന്നത്.രാജ്യത്തിന്റെ അതിർത്തി വടക്ക് ഏറനാടും തെക്ക് തലപ്പള്ളിയും കിഴക്ക് കോയമ്പത്തൂരും പടിഞ്ഞാറ് അറബിക്കടലുമായിരുന്നു. തലസ്ഥാനം വള്ളുവനഗരം (അങ്ങാടിപ്പുറം) എന്ന് അറിയപ്പെട്ടിരുന്നു.
ചരിത്രപരമായ നിഗമനങ്ങൾ ഒരു ഭാഗത്തു നിൽക്കുമ്പോൾ ഐതിഹ്യങ്ങൾക്ക് വർത്തമാന കാലഘടനകളുമായി വളരേയേറെ ബന്ധം തോന്നുന്നു. ആയിരനാഴി കോവിലകത്തെ ഒരംഗം പറഞ്ഞത് ശ്രീവില്ലിപുത്തൂരിൽ നിന്ന് വന്ന പല്ലവ വംശക്കാരായ വൈഷ്ണവരാണ് വെള്ളാട്ടരചന്മാർ എന്നാണ്. ഇവർ ഗൂഡല്ലൂർ പ്രദേശത്തുനിന്ന് പലായനം ചെയ്തു വന്നതാണെന്നും ഇവരുടെ മൂലസ്ഥാനം തമിഴ്‌നാട്ടിലെ പന്തല്ലൂർ എന്ന സ്ഥലമാണെന്നും പറയുന്നു.കടന്നമണ്ണയ്ക്കടുത്തു വള്ളിക്കാപ്പറ്റയിലെ നാറാസ് (നാരായണമംഗലം) നമ്പൂതിരിമാരാണ് ഇപ്പോഴും പന്തല്ലൂർ ക്ഷേത്രത്തിലെ തന്ത്രിമാർ.ഇവർ തന്നെയാണ് മങ്കടയിലെ മൂന്ന് കോവിലകങ്ങളിലെയും തന്ത്രിമാർ എന്നത് വെള്ളാട്ടരചന്മാരുടെ പല്ലവബന്ധം കൂടുതൽ വെളിവാക്കുന്നു.
മങ്കട കോവിലകത്തെ ശ്രീ. കൃഷ്ണകുമാർ രാജാ പറഞ്ഞതു മറ്റൊരു ഐതിഹ്യത്തെക്കുറിച്ചാണ്.കലിംഗ യുദ്ധത്തിൽ പങ്കെടുക്കാൻ തെക്കുദേശത്തു നിന്ന് രണ്ടു യോദ്ധാക്കൾ പോയിരുന്നു. ശ്രീവല്ലഭരും കൃഷ്ണവർമ്മരും. യുദ്ധത്തിൽ ശ്രീവല്ലഭർ വീരസ്വർഗം പ്രാപിച്ചു.യുദ്ധാനന്തരം നാട്ടിലെത്തിയ കൃഷ്ണവർമ്മർ ശ്രീവല്ലഭൻറെ പേരിൽ പിന്മുറക്കാരെ അഭിധാനം ചെയ്ത് അറിയപ്പെടുത്തി. വള്ളുവനാട്ടു രാജാക്കന്മാർ യുദ്ധപരാക്രമികൾ ആയിരുന്നില്ല.തികച്ചും ഋഷിതുല്യരായിരുന്നു.ഒരുപക്ഷേ കലിംഗ യുദ്ധത്തിനുശേഷം ബുദ്ധമതാനുയായിയായി സന്യാസജീവിതം നയിച്ച അശോകൻറെ മാർഗം പിന്തുടണർന്നതാകാം.
വള്ളുവനാട്ടുരാജാക്കന്മാരുടെ കുലദേവതാക്ഷേത്രമാണ് അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന്. മണ്ണാർമല തമ്പുരാനുമായി ഉടമ്പടിപ്പെട്ട് തിരുമാന്ധാംകുന്ന് ക്ഷേത്രം വെള്ളാട്ടരചൻറെ അധീനതയിലായിയെന്ന് പറയപ്പെടുന്നു.അതുവരെ ക്ഷേത്രഭരണം കച്ചവടക്കാരായ തരകന്മാരും ആലത്തൂർനമ്പിയുടെ താവഴിക്കാരായ അഡിഗളും ചേർന്നായിരുന്നു നടത്തിയിരുന്നത്.അക്കാലത്തു് പൂജാദികർമ്മങ്ങൾ മദ്ധ്യമത്തിലായിരുന്നു നടന്നിരുന്നത്.പെരുമാക്കൻമ്മാർ നടത്തിയിരുന്ന മാമാങ്കത്തിൽ മുത്തും പവിഴവും മറ്റും വിൽക്കാൻ തെലുങ്ക് ദേശത്തുനിന്നുവന്നവരായിരുന്നു തരകന്മാർ. ആന്ധ്ര-തമിഴ്‌നാട് അതിർത്തിയിലുള്ള മരുത്തോർമംഗളം ആയിരുന്നു അവരുടെ ദേശം.
തങ്ങളുടെതന്നെ സാമന്തരായിരുന്ന മണ്ണാർമലതമ്പുരാനുമായി വെള്ളാട്ടിരി ഉടമ്പടി ഉണ്ടാക്കിയ പ്രകാരം കുന്നിൻറെ ജന്മാവകാശം മണ്ണാർമലതമ്പുരാനാണ്.മഞ്ചേരി കോവിലകത്തെ അഞ്ചാം സ്ഥാനമുള്ള തിരുമുൽപ്പാടായിരുന്നു മണ്ണാർമലതമ്പുരാൻ.ഇദ്ദേഹം ഭഗവതിയെ തൊഴുന്നത് ആനയെ മറനിറുത്തിയാണെന്ന് പറയപ്പെടുന്നു. കാരണം,ഭൂമിയ്ക്കുടയവനായ തമ്പുരാൻ വരുമ്പോൾ ഭഗവതി എഴുന്നേൽക്കേണ്ടിവരുമല്ലോ
ക്ഷേത്രത്തിൽ പൂരം തുടങ്ങിയത് മാമാങ്കത്തിന് ശേഷമാണ്.ആദ്യം പന്ത്രണ്ടു വർഷത്തിലൊരിക്കലും പിന്നീട് വർഷത്തിലും പൂരം ആഘോഷിച്ചുതുടങ്ങി.ഒരുപക്ഷേ മാമാങ്കത്തിന് ശേഷം അരിയിട്ടുവാഴ്ചയുടെ അവകാശം നഷ്ടപ്പെട്ടപ്പോൾ തുടങ്ങിയ മറ്റൊരു മഹാമഹം ആയിരിക്കാം ഈ പൂരം.വള്ളുവനാടിൻറെ മഹാമഹം തന്നെയാണണല്ലോ അങ്ങാടിപ്പുറം പൂരം.
മാമാങ്കമെന്നത് കേവലമൊരു അരിയിട്ടുവാഴ്ചയുടെ ചടങ്ങായിരുന്നില്ല.കേരളത്തിൻറെ അതിപ്രധാനമായ ദേശീയോത്സവം തന്നെയായിരുന്നു.AD 1755നു മുമ്പ് കേരളത്തിന്റെ ശക്തി കേന്ദ്രം മലബാർ മേഖലയായിരുന്നു.തിരുനാവാ മണപ്പുറത്തുവച്ചു ഭരണാധികാരികളെ വാഴിക്കലായിരുന്നു പ്രധാന ചടങ്ങു്. മാഘമാസത്തിലെ വെളുത്ത പക്ഷത്തിൽ വരുന്ന മകം നക്ഷത്രത്തിലാണ് ഈ വാഴിക്കൽ ചടങ്ങു നടത്തിയിരുന്നത്.മഹാമാഘം മാമാങ്കമായി എന്ന് വിശ്വസിക്കപ്പെടുന്നു.പ്രകടനങ്ങൾ,കലാകാരന്മാരുടെയും കലകളുടെയും മേളനം, വാണിജ്യവ്യവസായ പ്രദർശനം, വാണിഭം തുടങ്ങി ഒരു മഹാമേള തന്നെയായിരുന്നു മാമാങ്കം.മലബാറിലെ മേൽക്കോയ്മയുടെ അടിസ്ഥാനത്തിലും അധികാരത്തിലുമായിരുന്നു മേളയുടെ സംഘാടനം.ആദ്യകാലത്തെ നടത്തിപ്പുകാർ പെരുമാക്കന്മാർ എന്നറിയപ്പെട്ടിരുന്നു.ഒടുവിലത്തെ പെരുമാൾ തൻറെ അവകാശം അന്നത്തെ പ്രബലനായ വള്ളുവനാട്ടുരാജാവിനെ ഏൽപ്പിച്ചു.അദ്ദേഹത്തിൻറെ അദ്ധ്യക്ഷതയിൽ വളരെക്കാലം മഹോത്സവം നടത്തപ്പെട്ടു.പിന്നീട് മലബാറിൽ കച്ചവടത്തിനുവന്ന പോർട്ടുഗീസുകാരും മുസൽമാന്മാരായ കച്ചവടക്കാരും ചേർന്ന് കോഴിക്കോട് സാമൂതിരിയെ ഈ മഹനീയ സ്ഥാനം തട്ടിയെടുക്കാൻ പ്രേരിപ്പിച്ചു.വൈദേശീയരുടെ സഹായത്തോടെ സാമൂതിരി ഇതിൽ വിജയിച്ചു.ഇതോടെ മഹോത്സവത്തിൽ സമൂലമാറ്റം സംഭവിച്ചു.
ഒരുവ്യാഴവട്ടം കഴിയുമ്പോൾ അദ്ധ്യക്ഷസ്ഥാനം ഒഴിയണമെന്നതായിരുന്നു മാമാങ്കത്തിന്റെ വ്യവസ്ഥ.അങ്ങനെ പന്ത്രണ്ടു വർഷം കഴിഞ്ഞതോടെ സാമൂതിരി ഒഴിയാൻ നിർബന്ധിതനായി.എങ്കിലും പല തന്ത്രങ്ങളും പ്രയോഗിച്ചു അദ്ദേഹം വീണ്ടും മാമാങ്കത്തിൻറെ നേതാവായി.കാലക്രമത്തിൽ സാമൂതിരിയുടെ ശക്തി വർധിച്ചു.അതോടെ മാമാങ്കത്തിന് ഭീകരരൂപം കൈവന്നു.
മാമാങ്കത്തിൻറെ അധ്യക്ഷസ്ഥാനം വീണ്ടെടുക്കുവാനുള്ള വള്ളുവകോനാതിരിയുടെയും അനുചരന്മാരുടെയും പരിശ്രമങ്ങൾ സാമൂതിരിയെ അരിശം കൊള്ളിച്ചു. അതുസംബന്ധിച്ചു ഇരുകൂട്ടരുംനടത്തിയ പോർവിളികളും രക്തച്ചൊരിച്ചിലും മാമാങ്കത്തിൻറെതന്നെ അവിഭാജ്യ ഘടകങ്ങളായിത്തീർന്നു.
മാഘമാസത്തിലെ വെളുത്തവാവു മുതൽപന്ത്രണ്ടു ദിവസത്തേയ്ക്ക് അഖില കേരളാടിസ്ഥാനത്തിൽ നാടുവാഴികളുടെയും ഇടപ്രഭുക്കളുടെയും സമ്മേളനം നടത്തിയിരുന്നു.ആ ദിവസങ്ങളിൽ പ്രത്യേക പീഠത്തിൽ കോഴിക്കോട്‌സാമൂതിരി രാജചിഹ്നങ്ങളോടെ വലതുകൈയിൽ വാളുമേന്തി സന്നിഹിതനായിരിക്കും.തലമുറയായി കോഴിക്കോട്ടു രാജവംശക്കാർ സൂക്ഷിച്ചുപോരുന്ന ഈ വാൾ ചേരമാൻ പെരുമാളിൽ നിന്നും ലഭിച്ചതാണെന്നാണ് സങ്കൽപം.ഈ വാൾ കേരള ചക്രവർത്തിയുടെ അനിഷേധ്യചിഹ്നവും മാമാങ്കം നടത്തിക്കാനുള്ള അധികാരപത്രവുമായിരുന്നു.സാമൂതിരിയുടെ അധികാരത്തെ എതിർക്കുന്നവരെ വെല്ലുവിളിച്ചു യുദ്ധസന്നദ്ധനായാണ് രാജാവ് ആസനസ്ഥനായിരുന്നത്.സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് സാമൂതിരിയുടെ ക്ഷണക്കത്തുകൾ എല്ലാ നാടുവാഴികൾക്കും അയച്ചിരിക്കും.സാമൂതിരിയുടെ ഇരുവശത്തും അദ്ദേഹത്തിൻറെ ബന്ധുമിത്രാദികൾക്ക് സ്ഥാനമുണ്ട്.അംഗരക്ഷകരായി തീയന്മാരും നായന്മാരും ഉൾപ്പടെ വലിയ സൈന്യവിഭാഗമുണ്ട്.ഇവരെയെല്ലാം തോൽപിച്ചശേഷമേ എതിരാളിക്ക് സാമൂതിരി സ്ഥിതിചെയ്യുന്ന പീഠത്തെ സമീപിക്കാൻ സാധിക്കൂ. ഈ പീഠത്തിന് 'നിലപാടുതറ' എന്നായിരുന്നു പേര്.
ഈ ഘട്ടത്തിൽ കതിനാവെടികളും ചെണ്ടവാദ്യങ്ങളുമുയരും.സുന്ദരമായി അലങ്കരിച്ച ഗജവീരന്മാർ നിരയായി നിൽക്കും.മഹോത്സവം 24 ദിവസവും സമ്മേളനം 12 ദിവസവും എന്ന തരത്തിലായിരുന്നു ക്രമീകരണം.വിജ്ഞാനത്തിനും വിനോദത്തിനും പ്രാധാന്യമുള്ള പരിപാടികളിൽ സംബന്ധിക്കാൻ കേരളത്തിൻറെ നാനാഭാഗത്തുനിന്നും ആളുകൾ വന്നിരുന്നു.മാമാങ്കത്തിൻറെ ആരംഭദിവസം പ്രഭാതത്തിലെ ഒരു ശുഭമുഹൂർത്തത്തിൽ ഗജവീരന്മാർ മെല്ലെ നീങ്ങിത്തുടങ്ങും.അതോടെ മഹോത്സവത്തിന്റെയും സമ്മേളനത്തിൻറെയും ഉൽഘാടനം നടക്കും.ഒടുവിലത്തെ മാമാങ്കം നടന്നത് AD 1755ൽ ആണ്.
മാർത്താണ്ഡവർമ്മയുടെ കാലത്തോടെ കേരളത്തിൻറെ ശക്തികേന്ദ്രം വടക്കുനിന്നും തെക്കോട്ടു നീങ്ങി. വള്ളുവനാടിൻറെയും മാമാങ്കത്തിൻറെയും ദീപ്തമായ ചരിത്രം അതോടെ ഇരുൾ വീണതായി.






തമിഴ്നാട്ടിലെ പന്തല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നാറാസ് നമ്പൂതിരി ക്ക് തന്ത്രമുണ്ടോ എന്നത് സംശയമാണ്. പക്ഷേ പാണ്ടിക്കാടിന് അടുത്തുള്ള പന്തല്ലൂർ ഭഗവതി ക്ഷേത്രത്തിൽ അവർക്കു തന്നെ യാണ് തന്ത്രം.
ReplyDeleteOnnum mansilayilla
Delete