ഓർമ്മച്ചെപ്പ്
അരുതു നീ സഖീ, ഓർമ്മപ്പെടുത്തലിൻ
സുഖദ തീത്തൈല മിറ്റിക്കരുതിനി
നിറയെ സ്വപ്‌നങ്ങൾ പൂത്തുവിരിഞ്ഞ നിൻ
വിടർമിഴികൾ തുളുമ്പുവതെന്തിതേ
വറുതിയിൽ വിണ്ടുകീറിയെൻ ഹൃത്തിതിൽ
കുളിർമഴ പെയ്തുനിന്ന നിൻ കൂജനം
കദന ഭാരം തിരണ്ടുള്ള തേങ്ങലാൽ
കലുഷിതമായ് കഴിഞ്ഞതു കാണുന്നു.
കരളു പിഞ്ഞിപ്പറിക്കുമെൻ വേദന
ഒരുമനസ്സും ഇരുമെയ്യുമായി നാം
ഇരു കരകളിൽ നിൽപ്പുറപ്പിച്ചതും
പുഴയിലാഴക്കയങ്ങളിൽ പെട്ടുടൻ
കുഴയുമെന്നുള്ള ചിന്തയിൽ ജീവിതം
ഇരു തടങ്ങളിൽ തന്നെ ബന്ധിച്ചു നാം
കനവിൽ മാത്രം നിനവു ദർശിച്ചതും
കരുതുകിൽ ഭീതി പൂണ്ടവർ നാമെത്ര
ചെറിയ ജീവികൾ വിഹ്വലമാനസർ.
ഒഴുകുമോരോ കിനാക്കൾ പോൽ നമ്മ-
ളന്നൊരുദിനം കമിതാക്കളായ് തീർന്നതും
ചുമലുരുമ്മി പരസ്പരം നമ്മൾ തൻ
പ്രണയരാഗം നിശബ്ദം മൊഴിഞ്ഞതും
പുളകിതങ്ങളായ് പാറിയ നിന്മുടി-
യിഴയിലൂടെൻ വിരലുകൾ നീങ്ങവേ
വിറകയായി നീ, വിദ്യുല്ലതികകൾ
പടരുകയായിരുന്നു നിൻ മേനിയിൽ.
ചകിതയാണ് നീ ചഞ്ചലയാണ് നീ
പ്രണയപാപം ചുമക്കുവോളാണ് നീ
ദുഷിത സാമൂഹ്യ സ്മാർത്തവിചാരങ്ങൾ
മുടിമുറിച്ചു പടിയിറക്കുന്ന നാൾ
വഴിയിലെന്നെ നീ കാണും നിശബ്ദനായ്
എൻറെ വഴികളെല്ലാം അടഞ്ഞുപോമെങ്കിലും
നിയതി തൻ ഗതി മാറ്റാൻ നമുക്കിനി
കഴിയുമോ ? വേണ്ട, ചിന്തിക്ക വേണ്ട നാം
അറിക, നീയെന്റെ പ്രാണനാണതു മറ-
ന്നകമലരിൽ കരുതരുതൊന്നുമേ
നിറവിശുദ്ധിയും സ്നേഹനൈർമല്യവും
സഹജസൗഹൃദ ഭാവശീലങ്ങളും -എൻ
ഹൃദയ ഭാരമിറക്കുന്ന വാങ്ങ്മയ മണി-
മൃദുതരനാദവും കാന്തിയും
ഉദിത പാർവണച്ചന്ദ്രിക പോലവേ
ഹസിത നിൻമുഖം കാണുന്ന മാത്രയിൽ
ദുരിത നൈരാശ്യ ചിന്തയിൽ നിന്നു ഞാൻ
ഉയിരുനേടി യുണരുകയായിടും
ഇനി നടക്കാം പെറുക്കാം കിനാക്കളും
ചിതറി വീണ നിൻ വർണ്ണവളപ്പൊട്ടും
മറവിയിൽ പെട്ടു പോയ നിൻ ബാല്യവും
കുതി കുതിച്ചൊരെൻ കൗമാര മോഹവും
ഹൃദയ ഭിത്തിയിൽ താരുണ്യ സ്വപ്‌നങ്ങൾ
കടുനിറം ചേർത്തെഴുതിയ ചിത്രവും
ഇനിയെടുക്കാം മടങ്ങാം നമുക്കിനി
തിരികെയെത്തിടാം നമ്മൾ തൻ നീഡത്തിൽ.


No comments:
Post a Comment