അമ്മ
ഇരുളല നീക്കീട്ടെന്നുടെ മുന്നിൽ
അണയൂ അമ്മേ മടിയാതെ
അശരണനാമെന്നകതാരിൽ നീ
പൊരുളായ് നിറയൂ വിരവോടെ
എന്നിലെ ദുഃഖഭയാപഹ ചിന്തക-
ളൊന്നൊഴിയാതെയകറ്റൂ നീ
മന്നിൽ ജീവിതസൗന്ദര്യത്തിൻ
പൊന്നൊളി മുന്നിൽ വിടർത്തുക നീ
കാലം കണ്ണീരുപ്പളമാക്കിയ
ജീവിതവീഥിയിലുടനീളം
നൽതെളിനീരാൽ സേചനമേകൂ
പുത്തൻ നാമ്പു പൊടിപ്പിക്കൂ
ഇരുളല നീങ്ങി പുതിയൊരു ലോകം
കൂമ്പു പൊടിക്കും പ്രത്യാശ.
അമ്മേ -നിന്നുടെ കാരുണ്യത്തിൻ
കറകക്കൂമ്പു നിരക്കുന്നു
അവയുടെ തുഞ്ചിൽ അഴകുവിരിക്കും
ഹിമകണമണികളെയൊന്നാക്കി
വിശ്വം മുഴുവൻ സ്നേഹ നിരാമയ
കാരുണ്യത്തിരയാകൂ നീ.

No comments:
Post a Comment