Saturday, 27 July 2024

അമ്മയുടെ പ്രാർത്ഥന

അമ്മയുടെ പ്രാർത്ഥന


സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാമായണം വായിക്കാനുള്ള അനുശീലനം എനിക്ക് ലഭിച്ചിരുന്നു. കർക്കടകത്തിലെ ദുർഘടങ്ങൾ തരണം ചെയ്യാൻ രാമായണ പാരായണത്തിന് കഴിയുമെന്ന വിശ്വാസമായിരുന്നു, അച്ഛന്. അച്ഛന് കാഴ്ചമങ്ങിയതു മുതൽ ആ നിയോഗം എനിക്കായി.


എല്ലാ വർഷവും രാമായണം വായിക്കുമ്പോൾ, മനസ്സിനെ സ്പർശിക്കുന്ന പുതിയ പുതിയ ശ്ലോകങ്ങൾ കൺവെട്ടത്തു വരാറുണ്ട്. എന്നാൽ കണ്ണു നനയിക്കുന്നത്, മനസ്സിൽ സ്പർശിച്ചു നിന്നിരുന്നത് ലക്ഷ്മണോപദേശത്തിലെ കൗസല്യയുടെ പ്രാർത്ഥനാശ്ലോകമായിരുന്നു.


'എന്മകനാശു നടക്കുന്ന നേരവും

കല്മഷം തീർന്നിരുന്നീടുന്ന നേരവും

തന്മതി കെട്ടുറങ്ങീടുന്ന നേരവും

സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ'



ഇത് കൗസല്യയുടെ മാത്രം പ്രാർത്ഥന അല്ല ലോകത്തിലെ സകല അമ്മമാരുടേയും പ്രാർത്ഥനയാണ്. മാതൃത്വത്തിൻ്റെ മഹനീയതയെപ്പറ്റിയും മാതാവിന് പുത്രനോടുള്ള വാത്സല്യവായ്പ്പിനെപ്പറ്റിയും മകനെക്കുറിച്ചുള്ള ദുരാശങ്കയെപ്പറ്റിയുമെല്ലാം വാചാലനാവാം; പേജുകളോളം എഴുതാം: ഇതിനെ അധികരിച്ച് ആഖ്യായികകളും ചലച്ചിത്രങ്ങളും നിർമ്മിക്കാം. എന്നാൽ എഴുത്തച്ഛൻ ഇത് സാധിച്ചിരിക്കുന്നത് കേവലം നാലുവരികളിലൂടെയാണ്. നാലുവരികളിലൂടെ ഒരു പുസ്തകത്തിന് സംവേദിക്കാൻ കഴിയാത്തത്രയും കാര്യങ്ങൾ എഴുത്തച്ഛൻ സാധിച്ചിരിക്കുന്നു. രാമായണത്തിൽ പൊതുവേയും ലക്ഷ്മണോപദേശത്തിൽ പ്രത്യേകിച്ചും ഗഹനവും ചിന്തോദ്ദീപകവും സംസ്കൃത പ്രചുരവുമായ ഒട്ടനവധി ശ്ലോകങ്ങൾ ഉണ്ട്. എന്നാൽ എൻ്റെ മനസ്സിനെ തണുപ്പിക്കുന്ന, അമ്മയുടെ മടിയിൽ സ്നേഹമസൃണമായ സ്പർശത്തിനായി പിടിച്ചിരുത്തുന്ന തികച്ചും സരളവും ഹൃദ്യവും ആയ വരികളാണിത്.

കൈകേയിയുടെ ഉദ്ദിഷ്ട വരസിദ്ധിക്കു ശേഷം ദശരഥൻ്റെ മനസ്സുപിടഞ്ഞുള്ള വനവാസനിർദ്ദേശവും സ്വീകരിച്ച് രാമൻ മാതാവ് കൗസല്യയുടെ അരികിൽ യാത്രാനുമതിക്കായി വന്നുനിൽക്കുന്നതാണ് സന്ദർഭം. അഭിഷേക വിഘ്നത്തെക്കുറിച്ചും രാമൻ്റെ വനയാത്രയെക്കുറിച്ചും അറിഞ്ഞ്, അത്യന്തവിത്രസ്തയായ കൗസല്യ, മകനോടൊപ്പം അനുഗതയാവാൻ സന്നദ്ധയായി. എന്നാൽ രാമൻ, ഭാര്യാനിയോഗത്തെപ്പറ്റിയും ലോകനീതിയെപ്പറ്റിയും പറഞ്ഞ് അമ്മയെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. ലക്ഷമണനോടും സീതയോടുമൊപ്പം വനയാത്രയ്ക്കൊരുങ്ങി നിൽക്കുന്ന മകനെ കൗസല്യ പ്രാർത്ഥനാപൂർവ്വം ആശീർവദിച്ചയയ്ക്കുന്നതാണ് സന്ദർഭം.

സൃഷ്ടികർത്താവായ ബ്രഹ്മാവിനേയും മൃത്യുഞ്ജയനായ പരമശിവനേയും ദുഃഖവിനാശിനിയായ ദുർഗ്ഗാഭഗവതിയേയും അഷ്ടദിക്പാലകരെത്തന്നെയും മകനെ ഏൽപ്പിച്ചു കൊണ്ട് കൗസല്യ പ്രാർത്ഥിക്കുകയാണ്.


"എന്മകനാശു നടക്കുന്ന നേരവും

കല്മഷം തീർന്നിരുന്നീടുന്ന നേരവും

തന്മതി കെട്ടുറങ്ങീടുന്ന നേരവും

സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ"

 

എന്മകനാശു നടക്കുന്ന നേരവും എന്നതിന് എൻ്റെ മകൻ ക്രിയാത്മകമായി പ്രവർത്തിക്കുന്ന സമയത്ത് എന്ന് വിവക്ഷിക്കാം. അതായത് ജാഗ്രത്തായ അവസ്ഥ. ദുഃഖഭൂവിഷ്ഠമായ യാത്രയിൽ ദുഃഖനിവാരണം ചെയ്ത് സന്തുഷ്ട മാനസനായി ഇരിക്കുന്ന അവസ്ഥ രണ്ടാമത്. കുശലകർമ്മങ്ങൾക്കൊടുവിൽ ശരീരവും മനസ്സും ഉറങ്ങുന്ന അവസ്ഥ മൂന്നാമത്. ഈ മൂന്നവസ്ഥകളിലും തൻ്റെ മകനെ കാത്തു രക്ഷിക്കണമേ എന്നാണ് കൗസല്യയുടെ പ്രാർത്ഥന.

ജാഗ്രത്തിലും സുഷുപ്തിയിലും, സുഖത്തിലും ദുഃഖത്തിലും സുഖദുഃഖസമ്മിശ്രാവസ്ഥയിലും, എല്ലാക്കാലത്തും തൻ്റെ മകൻ്റെ മേൽ അനുഗ്രഹവും സംരക്ഷണവും ഉണ്ടാകണമേ എന്നാണ് അമ്മയുടെ പ്രാർത്ഥന. അതു തന്നെയാണ് എല്ലാ അമ്മമാരുടേയും പ്രാർത്ഥന.