കലാമണ്ഡലം ഹൈദരാലി -ആൾക്കൂട്ടത്തിൽ തനിയെ
കേരള കലാമണ്ഡലം. പ്രധാന കെട്ടിടത്തിന്റെ താഴികക്കുടത്തിൽ നിന്ന് ക്യാമറ താഴോട്ടു നീങ്ങുന്നു. കെട്ടിടം പൂർണ്ണമായും സ്ക്രീനിൽ.
പ്രക്ഷേപണം: കേരള കലാമണ്ഡലം.കലാകേരളത്തിന്റെ ശ്രീകോവിൽ. .കേരളത്തിന്റെയും കഥകളിയുടെയും പ്രശസ്തി കടലുകൾക്കപ്പുറം കയറിപ്പറ്റിയ കാലം.
(കലാമണ്‍ഡലത്തിന്റെ സ്ഥാപന കാലഘട്ടത്തിൽ വള്ളത്തോൾ ഏർപ്പെട്ടു നിൽക്കുന്ന ഏതെങ്കിലും സംരഭത്തിന്റെ സ്റ്റിൽ കാണിക്കാം.)
കവി മനസ്സിൽ രൂപപ്പെട്ട ആശയം ആധുനികതയുടെ മതിഭ്രമത്തിൽ കരിന്തിരി കെട്ടുപോകുമായിരുന്ന ക്ഷേത്രകലകളെ പരിരക്ഷിച്ചു.വിവിധ ക്ഷേത്രകലകൾക്കായി സ്കൂളുകൾ സ്ഥാപിച്ചു.അവയെ കുറ്റമറ്റതായ രീതിയിൽ ഏകോപിപ്പിച്ച് ഒരു സർവ്വകലാശാലയുടെ നിലവാരത്തിൽ കൊണ്ടുവന്നു.പല മഹാന്മാരായ കലാകാരന്മാരെയും ഈ കലാക്ഷേത്രം കൈരളിക്കു സംഭാവന ചെയ്തു.അവരിൽ ശ്രദ്ധേയനായ പ്രതിഭയാണ് കലാമ ണ്‍ഡലം ഹൈദരാലി.
ഒഴുക്കിനെതിരെ നീന്തിയും സാമൂഹ്യമായ എതിർപ്പുകളെ അതിജീവിച്ചും കഥകളി രംഗത്ത് അദ്ദേഹം ചുവടുറപ്പിച്ചു.
(പ്രക്ഷേപണത്തിന്റെ അവസാന ഘട്ടത്തിൽ കലാമണ്‍ഡലം അങ്കണത്തിൽ ഹൈദരാലി നില്ക്കുന്നു.)
കൂത്തമ്പലം.
അരങ്ങിൽ തെളിയുന്ന ആട്ടവിളക്ക്.
ആട്ടവിളക്കിന്റെ പിന്നിൽ കഥകളി തിരശ്ശീല. തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് നേർത്ത കഥകളി സംഗീതം.ഹൈദെരാലിയുടെ ശബ്ദത്തിൽ.പശ്ചാത്തലത്തിൽ ചെണ്ട വായന ആവാം.
സ്ക്രീനിൽ വീണ്ടും ഹൈദെരാലി.
പ്രക്ഷേപണം: മുസ്ലിം സാമൂഹ്യ പശ്ചാത്തലത്തിൽ വളര്ന്ന ഒരു ബാലൻ കഥകളി രംഗത്തേക്ക് വന്നത് അവിചാരിതം.ഈ രംഗത്ത് ചുവടുറപ്പിച്ചതും ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയതും ഒരു നിശബ്ദ വിപ്ലവത്തിലൂടെ. ആ വിപ്ലവത്തിന്റെ കൈവഴികൾക്ക് ഹൈദരാലി തന്നെ ചാലുകീറട്ടെ.
ഹൈദരാലി: തൃശ്ശൂർ ജില്ലയിലെ ഓട്ടുപാറയെന്ന ഉൾ നാടൻ ഗ്രാമത്തിലെ പത്തുവയസ്സുകാരൻ ബാലൻ.എൻ .ഇ .എസ് ബ്ലോക്ക് സംഘടിപ്പിച്ച ലളിത ഗാന മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്നതോടെയാണ് തുടക്കം.
(ഹൈദരാലിയുടെ കുടുംബംഗങ്ങളെ സ്ക്രീനിൽ കാണാം.)
നാട്ടുകാരുടെ നിർബന്ധ പ്രകാരം ശാസ്ത്രീയ സംഗീതം പഠിക്കണമെന്ന ഉദ്ദേശം മനസ്സിൽ ഉറച്ചു. കഥകളി സംഗീതം പഠിക്കാൻ അപേക്ഷ ക്ഷണിച്ചപ്പോൾ ഞാനും കൊടുത്തു.തെരഞ്ഞെടുത്തവരിൽ മുസ്ലിം സമുദായത്തിൽ നിന്ന് ഞാൻ മാത്രം.യാഥാസ്ഥിതിക മുസ്ലീങ്ങൾക്ക് ഇത് സഹിക്കാനായില്ല. കലാമണ്‍ഡലത്തിൽ ചേരാൻ ജാമ്യതുകയായി രണ്ടായിരം രൂപ വേണ്ടിയിരുന്നു. ദരിദ്ര കുടുംബാംഗമായ എനിക്ക് അത് അപ്രാപ്യമായി.സ്വസമുദായക്കാർ കൈവിട്ടപ്പോൾ സഹായിച്ചത് സി.പി.ആന്റണി എന്ന ഒരു സുമനസ്സായിരുന്നു. 1957 ൽ കലാമണ്ഡലത്തിൽ പഠിക്കാൻ ചേർന്നു.
(കാലമണ്ഡലത്തിൽ കഥകളി സംഗീതം പഠിക്കുന്നതിന്റെ demonstration . പശ്ചാത്തലത്തിൽ കഥകളി സംഗീതം.)
ആട്ടവിളക്ക് , തിരശ്ശീല,തിരശ്ശീല താഴുമ്പോൾ പദങ്ങൾക്കനുസരിച്ച് മുദ്ര കാണിക്കുന്ന കഥകളി വേഷങ്ങൾ. ഏതെങ്കിലും കഥയുടെ വേഷങ്ങൾ അവതരിപ്പിച്ചു കാണിക്കാം.
സ്ക്രീനിൽ ഹൈദരാലി : കലമണ്ഡലത്തിൽ ഏറെ യാതന സഹിച്ച് 8 വർഷം തള്ളിനീക്കി.സംസ്കൃതജഡിലമായ കഥകളി സംഗീതം ആദ്യമൊക്കെ എനിക്ക് ബുദ്ധിമുട്ടായി.ഒടുവിൽ ഒരുവിധം പഠനം പൂർത്തിയാക്കി പുറത്തിറങ്ങി. തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതം.എവറസ്റ്റ് കീഴടക്കിയ പോലെ.എഴുകടലും നീന്തിക്കടന്ന പോലെ.
(ഏതെങ്കിലും മഹാക്ഷേത്രം സ്ക്രീനിൽ തെളിയുന്നു.
കൂത്തമ്പലത്തിൽ കഥകളി ആടിത്തിമർക്കുന്നു. Climax രംഗം അവതരിപ്പിക്കാം.)
പ്രക്ഷേപണം: ക്ഷേത്രങ്ങളിലാണ് അധികവും കഥകളി അരങ്ങേറിയിരുന്നത്.അഹിന്ദുവായ അലിയ്ക്ക് കഥകളി വേദികൾ വിലക്കപ്പെട്ടു.ജീവിതം കഥകളി സംഗീതത്തിനായി സമർപ്പിച്ച ഹൈദരാലി നാട്ടുകാരുടെ പരിഹാസത്തിനു പാത്രമായി.
സ്ക്രീനിൽ ഹൈദരാലി: പട്ടിണിയുടെ നാളുകളിൽ രക്ഷക്കെത്തിയത് ഫാക്ടിന്റെ ശില്പിയും സാരഥിയുമായിരുന്ന ശ്രീ .എം.കെ.കെ..നായരായിരുന്നു.
(ഫാക്റ്റ് കെട്ടിട സമുച്ചയങ്ങൾക്കു മുന്നിൽ നില്ക്കുന്ന എം.കെ.കെ.നായരെ കാണിക്കാം.)
അദ്ദേഹമെന്ന പ്രോത്സാഹിപ്പിച്ചു.ശ്രീ.നായരുടെ സഹായമില്ലായിരുന്നെങ്കിൽ ഇന്നത്തെ ഞാൻ ശ്രദ്ധിക്കപ്പെടുമായിരുന്നില്ല. 1965 ൽ ഫാക്റ്റ് സ്കൂളിൽ മ്യുസിക് ടീച്ചർ ആയി ഞാൻ ജോലിക്ക് ചേർന്നു.പിന്നീട് ഞാൻ വളർച്ചയുടെ പടവുകൾ ചവിട്ടിക്കയറി. ഗാനമേള,കഥകളി,നൃത്ത സംഗീതം തുടങ്ങി നിരവധി അരങ്ങുകൾ എനിക്കു ലഭിച്ചു. പിന്നീട് പല ക്ഷേത്രാങ്കണങ്ങളിലും പാടാൻ എനിക്ക് അവസരം ലഭിച്ചു.
പ്രക്ഷേപണം: കലാമണ്ഡലം നമ്പീശനും ഉണ്ണികൃഷ്ണ കുറുപ്പും ഒക്കെ ആലാപന മാധുര്യം കൊണ്ട് ആസ്വാദകരുടെ മനസ്സ് നിറച്ച കാലം.ഇക്കാലത്താണ് ഹൈദരാലി പാടിതുടങ്ങിയത്.സ്വകീയമായ ഒരലാപന ശൈലി അദ്ദേഹം വളർത്തി. നിരവധി അവാർഡുകളും അംഗീകാരങ്ങളും അദ്ദേഹം നേടി. മനസ്സ് നിറയെ സംതൃപ്തി.
(പുരസ്കാര പത്രങ്ങൾക്കും മെഡലുകൾക്കും ഇടയിൽ നില്ക്കുന്ന ഹൈദരാലി.പശ്ചാത്തലത്തിൽ കഥകളിചെണ്ടയുടെ നേർത്ത നാദം. അകമ്പടിയായി അനുരൂപമായ കഥകളിപ്പദം.)
ഹൈദരാലി: ഞാൻ ഏറ്റവും വിലമതിക്കുന്ന ഒരു അഭിനന്ദനം ഉണ്ട്.ഭഗവാൻ സത്യസായി ബാബയിൽ നിന്ന്.
(പശ്ചാത്തലത്തിൽ പുട്ടപർത്തിയിലെ ബാബയുടെ ആശ്രമം.)
ബാബയുടെ 60-)൦ പിറന്നാളിന് ഞാൻ പുട്ടപർത്തിയിൽ പോയി.അവിടെ നടന്ന സംസ്കൃത ഗീതോപദേശത്തിൽ ഞാൻ പാടി. അര മണിക്കൂർ കഥകളിയും.
(റെക്കോർഡുകളിൽ നിന്ന് അത് അവതരിപ്പിക്കാം.)
പരിപാടി കഴിഞ്ഞു. അരങ്ങിൽ വന്ന് ബാബ എന്നെ കെട്ടിപ്പിടിച്ചു.പണ്ഡിറ്റ് രവിശങ്കറും അള്ളാ രാഖയും അടുത്തുള്ളപ്പോൾ, എന്നോട് പറഞ്ഞു, "നീ റൊമ്പ നന്നായി പാടിയിരുക്ക്. " എന്റെ ജീവിതത്തിലെ അനർഘ നിമിഷങ്ങളിൽ ഒന്നാണിത്.
പ്രക്ഷേപണം: ഇന്ന് കഥകളി ജനകീയവും മതേതരവുമായ ഒരു കലാരൂപമാണ്.ഷേക്ക്‌സ്പിയറിന്റെ ഇംഗ്ലീഷ് നാടകങ്ങൾ വരെ കഥകളി സങ്കേതങ്ങൾ ഉപയോഗിച്ച് വള്ളത്തോൾ വിഭാവനം ചെയ്ത രീതിയിൽ തന്നെ രംഗാവിഷ്കരിക്കപ്പെട്ടു. ഇത്തരത്തിൽ കഥകളിയെ ജനകീയവും മതേതരവും ആക്കുന്ന പ്രക്രിയയിൽ ഹൈദരാലി എന്ന ഗായകൻ വഹിച്ച പങ്ക് നിസ്തുലമാണ്. ഒരർത്ഥത്തിൽ നിശ്ശബ്ദ വിപ്ലവവും.(വീണ്ടും കലാമണ്ഡലം. കൂത്തമ്പലം. കയ്യിൽ ചേങ്കിലയുമായി ഹൈദരലി പാടുന്നു. പദങ്ങൾ പതിയെ പര്യവസാനിക്കുന്നു.)



