Wednesday, 22 August 2018

vidavaangal

വിടവാങ്ങൽ

വിദ്വേഷത്തെ ഞാൻ ആച്ഛാദിത
മാറിടത്തിലെന്നപോ ലെ സ്പർശിച്ചു.
സുഷുപ്തിയുടെ അകലങ്ങളിൽ നിന്ന്
നിർവസ്ത്രനായി ഞാൻ ഇറങ്ങിവന്നു.
ഞാൻ ഞാനല്ല. എനിക്ക് ഒന്നുമറിയില്ല.
ഞാൻ കർമ്മബന്ധിതനുമല്ല.
ഞാൻ നിരായുധനാണ്‌.
ഈ സംഗരഭൂവിൽ എനിക്ക്
ജീവിക്കുക വയ്യ.
നിശയും വെള്ളവും മാത്രം
വായിൽ നിറയ്ക്കപ്പെടുന്നു.
എന്റെ നിസ്സഹായാവസ്ഥ
മായുന്ന ചന്ദ്രബിംബത്തിൽ തെളിയുന്നു.
എനിക്കുള്ളതെല്ലാം അലകൾക്കുമീതെ
അലഞ്ഞു നടക്കുന്നു.
ഒരു ജലരശ്മി ; എനിക്കായി ഒരു ദിവസം ;
ആഴങ്ങളുടെ അഗാധ നിശ്ശബ്ദത.
എതിരൊഴുക്കില്ല; പ്രതിരോധമില്ല;
സുഗന്ധമില്ല.
അപരിഹാര്യത ആഴത്തിൽ പ്രതിധ്വനിക്കുന്നു.
ഒരു ഇമചിമ്മൽ പോലുമില്ല.
ജീവിതത്തിനു അസാധാരണ ഗതിവേഗം.
ഞാൻ കേവലം അനുയാത്രക്കാരൻ.
ഒരു മുഖം ഞാൻ സ്പർശിച്ചു.
അതെന്നോട് മന്ത്രിച്ചു
'എനിക്ക് സമയമില്ല  ,എന്നെ കാത്തിരിക്കേണ്ട .'
രക്തമിറ്റുന്ന വലയുടെ നൂലിഴയിലേക്കു
ഞാൻ വലിക്കപ്പെടുന്നു .
എന്നെ വിളിക്കേണ്ട. അതെന്റെ കർമ്മമാകുന്നു.
എ ന്റെ പേരന്വേഷിക്കേണ്ട.
എന്റെ സ്ഥിതി അറിയേണ്ട.
അകലെ ആകാശത്തിലെ അനന്തനിശ്ശബ്ദതയിൽ ചന്ദ്രൻ.
എന്നെ വിട്ടയയ്ക്കൂ.- ആ
അനന്തനിശ്ശബ്ദതയിലേക്ക് .
എന്നെ  വിട്ടയയ്ക്കൂ.
മുറിവേറ്റ പടനിലത്തിലേയ്ക്ക്
എന്നെ വിട്ടയയ്ക്കൂ.


(മൊഴിമാറ്റം)