Wednesday, 25 January 2017

puthuvalsaram

പുതുവത്സരം


പുതുവത്സരം ഐശ്വര്യമായും ആഘോഷമായും തുടങ്ങുകയെന്നത് ഏവർക്കും സന്തോഷപ്രദമാണല്ലോ? അത്തരത്തിൽ കൂട്ടായി സന്തോഷം പങ്കുവയ്ക്കാനും പരസ്പരം കൂടിക്കാണാനുമുള്ള അവസരമാണ് ഈ ആഘോഷത്തിലൂടെ വിഭാവനം ചെയ്യുന്നത്.ഒരുവർഷം ശുഭോദർക്കമായി തുടങ്ങുന്നത് ഏതു ദേശക്കാർക്കും ഏതു ഭാഷക്കാർക്കും ഒരുപോലെ ഹൃദ്യമാണല്ലോ ? കാലഗണനയിൽ പുതുവത്സരമെന്നത് പല ദേശക്കാർക്കും പലതരത്തിലാണ്.സൂര്യന്റെ സഞ്ചാരദിശയ്ക്കനുസരിച്ചാണല്ലോ കാലത്തിന്റെ ഗതി. അതുപോലെ കാലഗണനയ്ക്ക് അനുസരിച്ചു ചിട്ടപ്പെടുത്തിയ കലണ്ടറും പല തരത്തിലുണ്ടെന്ന് നമുക്കറിയാം.ആഗോളാടിസ്ഥാനത്തിൽ പിന്തുടരുന്നത് റോമൻ കലണ്ടറാണ്.ക്രിതുവിന്റെ തിരുപ്പിറവി ആഘോഷിച്ചതിന്റെ തുടർച്ചയായാണ് ന്യൂഇയർ ആഘോഷിച്ചുകാണുന്നത്.൪-)൦ നൂറ്റാണ്ടുമുതലാണ് റോമിൽ ക്രിസ്തുമസ് ആഘോഷിച്ചു കാണുന്നത്.റോമാസാമ്രാജ്യത്തിൽ തന്നെയുള്ള പൗരസ്ത്യപ്രദേശങ്ങളിൽ ജനുവരി 6 ആണ് പെരുനാൾ ആഘോഷിക്കാനായി തെരെഞ്ഞെടുത്തത്.ജനനം,ജ്ഞാനസ്നാനം തുടങ്ങിദൈവത്തിന്റെ അടയാളപ്പെടുത്തലുകളെ ഓർമ്മിക്കാനായി അവർ അത് ആചരിച്ചു വന്നു.എന്നാൽ അക്കാലത്തു തന്നെ ഡിസംബർ ൨൫ റോമിലെ അക്രൈ സ്തവരുടെ ഉത്സവദിനമായിരുന്നു.സൂര്യന്റെ ജന്മദിനമായാണ് അവർ അത് ആചരിച്ചുവന്നത്.പിന്നീട് നന്മയുടെ സൂര്യനായ യേശുദേവന്റെ ജന്മദിനവും ഈ ദിവസത്തിൽത്തന്നെ കൊണ്ടാടപ്പെട്ടു.അതുകൊണ്ടുതന്നെ ക്രിസ്തുമസ്സിന്റെ ആഘോഷങ്ങളിൽ അക്രൈസ്തവമായ പല ആ ചാരവിശേഷങ്ങളും കടന്നുകൂടി.ക്രിസ്തുമസ്ട്രീ,പുൽക്കൂട്,ക്രിസ്തുമസ്‌ഫാദർ തുടങ്ങിയവയുടെ ആവിർഭാവവും പല കാലത്തു പലരാജ്യങ്ങളിലായിരുന്നു.ക്രിസ്തുമസ് കാരൾ ആദ്യകാലത്തു റത്തുക്കളുമായി ബന്ധപ്പെട്ട സമൂഹഗാനങ്ങളായിരുന്നു.ഇതേരീതിയിലുള്ള ഗാനങ്ങൾ യേശു ജനിച്ചദിവസം സ്വർഗീയ സംഘം മുഴക്കിഎന്ന്  വിശ്വ സിക്കപ്പെടുന്നു.  ഇതായിരിക്കാം ആദ്യത്തെ ക്രിസ്റ്മസ് കാരൾ.

പ്രാചീന റോമൻ കലണ്ടറിൽ പന്ത്രണ്ടു മാസങ്ങള്ക്കു പകരം പത്തുമാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.മാർച്ച് മാസമായിരുന്നു വർഷത്തിലെ ആദ്യമാസം.അതുകൊണ്ടുതന്നെ അക്കാലത്തു  മാർച്ച് ഒന്നാണ് ന്യൂ ഇയർ ആയി ആഘോഷിച്ചിരുന്നത്.പിന്നീട് റോമൻ ചക്രവർത്തിയായിരുന്ന
ന്യൂമാ പോംപിലിയോൺ, വർഷത്തെ പന്ത്രണ്ടു മാസങ്ങളായി കാലഗണന ചെയ്തു. അപ്രകാരം മുൻചേർക്കപ്പെട്ട മാസങ്ങളാണ് ജനുവരിയും ഫെബ്രുവരിയും.ജനുവരി ഒന്ന് എന്നത് ന്യൂ ഇയർ ആയി പ്രഖ്യാപിച്ചത് വിഖ്യാത റോമൻ ചക്രവർത്തി ജൂലിയസ് സീസർ ആണ്.'ജാനസ് എന്ന റോമൻ ദേവതയുടെ പേരിൽനിന്നാണ് ജനുവരിയോടെ ആവിർഭാവം. ജാനസ് ദേവതയ്ക്കു രണ്ടുമുഖങ്ങളാണ്.ഒന്ന് മുമ്പോട്ടും മറ്റേതു പിമ്പോട്ടും. മുന്നോട്ടും പിന്നോട്ടും പ്രത്യാശയോടും ഹതാശയോടും നോക്കിക്കാണുന്ന മാസമാണല്ലോ ജനുവരി.സീസർ ജനുവരി ഒന്നിനെ നോക്കിക്കണ്ടത് മറ്റൊരർഥത്തിലായിരുന്നു.
ജൂതപ്പടയെ പിന്തിരിപ്പിക്കാൻ കഴിഞ്ഞത് ഈ മാസത്തിലായിരുന്നുവെന്നതാണ്  അദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചത്.
ഇന്ത്യയിൽ പല ദേശത്തും പല തരത്തിലാണ് പുതുവത്സരം ആഘോഷിക്കുന്നത്.കേരളം വിഷുവിനാണ് പുതുവത്സരാരംഭമായി കാണുന്നത്.തമിഴ്‌നാട്ടിൽ പൊങ്കൽ. കർണാടകയിലും ആന്ധ്രയിലും ഉഗാദി.കശ്മീർ,പഞ്ചാബ് തുടങ്ങി അതിർത്തി സംസ്ഥാനങ്ങളിലും വടക്കേ ഇന്ത്യയിലും വ്യത്യസ്ത പുതുവത്സരം നിലവിലുണ്ട്.  എന്നാൽ സാർവത്രികവും സാർവ്വജനീനവുമായി പുതുവത്സരം ആഘോഷിക്കുന്നത് ജനുവരി ഒന്നിനുതന്നെ. ഇന്നിപ്പോൾ ആഗോളവൽക്കരണത്തിന്റെ കാലമാണ്.പ്രാചീന ർഷിമാർ പ്രവചിച്ചപോലെ ലോകം തന്നെ ഒരു തറവാടായിരിക്കുന്നു. ഈ അർത്ഥത്തിൽ പുതുവത്സരം ദേശഭാഷകൾക്കപ്പുറമായി എല്ലാവരോടുമൊപ്പം നമുക്കും ആഘോഷിക്കാം.നമുക്കും പ്രത്യാശിക്കാം.നമുക്കും പ്രതീക്ഷിക്കാം. ഇനിയുള്ള നാളുകൾ നന്മയുടേതാകട്ടെ.ശാന്തിയുടേതാകട്ടെ.സമാധാനത്തിന്റേതാകട്ടെ.

school kalolsavam

സ്കൂൾകലോത്സവം


കലോത്സവങ്ങൾ കേവലം വിനോദത്തിനുള്ള ഉപാധി മാത്രമല്ല.സാമൂഹ്യജീവിതത്തിൽ അധ്വാനത്തിനും വിശ്രമത്തിനും എന്നതുപോലെ ആസ്വാദനത്തിനും പ്രാധാന്യമുണ്ട്.ആസ്വാദനത്തിന്റെ ഭാഗമായുള്ള സർഗാൽമക പ്രവർത്തനങ്ങളിൽ കലയ്ക്കും ചിന്തയ്ക്കും അവതരണത്തിനും സമഞ്ജസമായ സമ്മിശ്രണം ആവശ്യമാണ്.അപ്പോൾ മാത്രമാണ് കലയ്ക്ക്ചാരുതയും  ചലനാല്മകതയും ഉണ്ടാകുന്നത്. കല മനസ്സിനെ ഉണർത്തുന്നു.സംസ്കാരത്തെ വളർത്തുന്നു.സർവ്വോപരി സമൂഹത്തിൽ നല്ല പ്രവണതകൾ രൂപപ്പെടുത്തുന്നു.ഒരു നല്ല കലാകാരന് ഒരിക്കലും നന്മയില്ലാത്തവനാകാൻ  കഴിയില്ല.
സ്കൂളിലെ  കലാപ്രവർത്തനം വിദ്യാർത്ഥികളുടെ ഉള്ളുണർത്തുന്നു.,അവരിലെ സഹജമായ കഴിവുകളെ പരിപോഷിപ്പിക്കുന്നു.കലയും  സംസ്കാരവും ഭാഷയുമായിക്കൂടി ബന്ധപ്പെട്ടിരിക്കുന്നു.അതുകൊണ്ടുതന്നെ ഭാഷാപഠനം ഏറെ ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

ഒരു കലാവിഷ്കാരത്തിലൂടെ ഒരാളുടെ മനസ്സിനെ ആവിഷ്കർത്താവിന്റെ ഭാവതലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാം. ഉദാഹരണത്തിന് പൂതപ്പാട്ട് എന്ന കവിത ആലപിക്കുമ്പോൾ പൂതം വരുന്നതായും കുട്ടിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോകുന്നതായും എല്ലാം ഒരു സിനിമയിലെന്നപോലെ നമ്മുടെ മനസ്സിൽ വരുന്നു. ആലാപനം ചെയ്യുന്നയാളിന്റെ മികവിനനുസരിച്ചായിരിക്കും ഇത്.ഇതുപോലെ തന്നെയാണ് ഇതര കലകളും.മനസ്സിനെ പിടിച്ചിരുത്താൻ പോരുന്ന മനസ്സിനെ കൊണ്ടുനടത്താൻ പോരുന്ന തരത്തിൽ ദൃശ്യാ-ശ്രവ്യ അവതരണം സാധ്യമാകും.അതിനുള്ള അരങ്ങാണ് നമ്മുടെ സ്കൂൾ കലോത്സവവേദികൾ.ഉചിതമായ വിഷയങ്ങൾ തെരെഞ്ഞെടുത്തു ഭാവനാപൂർവം  അവതരിപ്പിക്കുമ്പോൾ ആവിഷ്കർത്താവിനും അനുവാചകനും ഒരുപോലെ തൃപ്തി വരുന്നു.കലയുടെ ഉത്തമ സാക്ഷാത്കാരം സാധ്യമാകും.     

pustakam ente koottukaaran


പുസ്‌തകം എന്റെ കൂട്ടുകാരൻ
ഒരു വ്യക്തിക്ക് ആശയവിനിമയം ചെയ്യാൻ ആവുന്നില്ലെങ്കിൽ അയാളുടെ ജീവിതം നിരർത്ഥകമായിരിക്കും.ആശയവിനിമയത്തിന്റെ അനിഷേധ്യമായ ഉപകരണമാണ് ഭാഷ.ഭാഷ സ്വായത്തമാക്കുന്നതിൽ പുസ്‌തകത്തിന്റെ പങ്ക് നിസ്തുലമാണ്.പുസ്തകങ്ങളിലൂടെ നാം നല്ല പദങ്ങൾ സമ്പാദിക്കുന്നു.നല്ല പ്രയോഗങ്ങൾ സ്വന്തമാക്കുന്നു.മനോഹരമായ ശൈലി സ്വായത്തമാക്കുന്നു.നമ്മുടെ കഴിവുകളെ എല്ലാ അർത്ഥത്തിലും വളർത്തുന്ന, നമ്മുടെ അറിവിനെ വികസിപ്പിക്കാൻ സഹായിക്കുന്ന കളിക്കൂട്ടുകാരനാണ് പുസ്തകം.

നാം നല്ല കൂട്ടുകാരെതെരെഞ്ഞെടുക്കുന്ന പോലെ നല്ല പുസ്തകങ്ങൾ തെരഞ്ഞെടുക്കുക.അത് നമ്മെ കാണാത്ത കാഴ്ചകളും കേൾക്കാത്ത സ്വരങ്ങളും കേൾപ്പിക്കും.ചരിത്രത്തിന്റെ ഇരുണ്ട ഗോവണിയിലൂടെ തലമുറകൾക്കപ്പുറത്തേയ്‌ക്ക്‌ നമ്മെ കൂട്ടിക്കൊണ്ടുപോകും.മായികമായ കാഴ്ചകളും അനുഭൂതികളും സമ്മാനിക്കും.പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാപാത്രങ്ങൾ നമുക്ക് മുന്നിൽ മുഖാമുഖം നിൽക്കും.പുസ്തകങ്ങളെ തീർത്തും വിനോദോപാധി മാത്രമായി കരുതരുത്.ആത്മീയവും ഭൗതികവുമായ വിഷയങ്ങളെ നമുക്ക് പുസ്തകങ്ങളിലൂടെ സമീപിക്കാം.ചരിത്രവും ശാസ്ത്രവും നമുക്കതിൽ കണ്ടെത്താം.

പുസ്തകം കണ്ണാടിയാണ്.അതിലൂടെ നിങ്ങൾ നിങ്ങളെത്തന്നെയാണ് കാണുന്നത്.നിങ്ങളുടെ ഉള്ളിൽ എന്താണുള്ളത് എന്നാണ് കാണിക്കുന്നത് എന്നാണ് ഒരു സ്പാനിഷ് ചിന്തകൻ പറഞ്ഞിട്ടുള്ളത്.എം.ടി.യുടെയും മുകുന്ദൻറെയും വിജയന്റേയുമൊക്കെ നോവലുകൾ വായിക്കുമ്പോൾ അവയിലെ കഥാപാത്രങ്ങൾ പലതിനും നമ്മുടെതന്നെ ഛായ തോന്നാറില്ലേ?കണ്ണാടിയിലെന്നപോലെ.   അവരുടെ ഉള്ളിലെ മാനസിക സന്തോഷങ്ങളും വ്യഥകളുമെല്ലാം നമ്മുടെതന്നെയായി തോന്നാറില്ലേ?അങ്ങനെയൊന്നുണ്ടാകുമ്പോഴാണ് സഹൃദയത്വം ഉണ്ടാകുന്നത്.

നല്ല പുസ്തകങ്ങൾ നല്ല സുഹൃത്തുക്കളെപോലെയാണ്.നമ്മെ നന്മയിലേക്ക് നയിക്കാൻ പോന്ന മൂല്യമുള്ള വിചാരധാരകൾ അത് നമുക്ക് സമ്മാനിക്കും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കറുത്ത് നമുക്ക് നൽകുന്നു.സദ്വൃത്തരായി ജീവിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു.

എല്ലാ അർത്ഥത്തിലും പുസ്തകം എന്റെ കൂട്ടുകാരനാണ്.എന്റെ ഏകാന്തതകളെ ധന്യമാക്കുന്ന, എന്റെ അറിവിനെ ഉദ്ദീപിപ്പിക്കുന്ന, എന്റെ ജീവിതത്തിന് മാർഗ്ഗദർശിയാകുന്ന നല്ല കൂട്ടുകാരൻ.