Wednesday, 24 September 2014

manimuzhakkam

മണിമുഴക്കം 


തുഞ്ചന്റെ കിളിമകളെയും കണ്ട്
കയ്പുപോയ കാഞ്ഞിരച്ചോട്ടിൽ
തണലിളച്ച്, നാലുമാറുമാടിയ
ചക്കിനെക്കുറിച്ചോർത്ത് ഞാൻ
നാട്ടിലേക്കു വണ്ടികയറി.

ദുർഗമമായ കൂപരഥ്യകളിലൂടെ
മനസ്സിനേയും ശരീരത്തെയും
പീഡിപ്പിച്ച്, ഒരു രാത്രിയിൽ ഞാൻ
മഹാനഗരത്തിൽ വണ്ടിയിറങ്ങി.
ദീർഘസുഷുപ്തിയിൽ നിതരാം മരുവിയ
ചങ്ങാതിയെ തുയിലുണർത്തി
നിദ്രാവിഹീനനായി ഒരു രാത്രി കൊണ്ടാടി.
അനന്തരം പ്രഭാതസൂര്യനെ കാണാതെ
 വെയിലിലേക്കിറങ്ങി   നടന്നു.
ഒഴിഞ്ഞ വയറും വരണ്ട വെയിലും
എന്നിൽ ലഹരി സന്നിവേശിപ്പിച്ചു.
സൂര്യൻ പ്രദക്ഷിണ വഴിയിൽ മധ്യമാർഗം
കടന്ന് രണ്ടു നാഴിക കഴിഞ്ഞവാറെ
ഞാൻ അന്നപ്രാശം ചെയ്ത്‌
ലഹരിമോചിതനായി.
സൂര്യപടാച്ഛാദിതമായ  സ്വന്തം
ഗഹ്വരത്തിൽ പ്രവേശിച്ചപ്പോൾ ഞാൻ
വീണ്ടും സർക്കാർ ശേവുകക്കാരനായി

സമയം നാലു മണി.
ആണിക്കുറ്റിയിൽ ആടിയിളകുന്ന
 സർക്കാർ   പഞ്ചാംഗം.
അതിലെ 19-)൦  കള്ളിയിലെ നരച്ച
 കറുത്തയക്കം എന്നെ തുറിച്ചുനോക്കുന്നു.
ഭയചകിതനായ എന്റെ ശ്രോത്രങ്ങളിലേക്ക്
ദൂരഭാഷിണിയുടെ ദീർഘ ഘണ്ടാരവം.
വിറയ്ക്കുന്ന കയ്യാൽ സ്വീകരിണിയെ
ചെവിയോടു ചേർത്തതും മരണം
ചെവിയിലേക്കൂർന്നു വീണു.
'ഒരു മുളന്തണ്ടിനാൽ ലോകത്തെ മുഴുവനും '
ഹർഷ പുളകിതനാക്കിയവൻ' ഹരി '
 ചേദിതഹൃദയനായ്, ഒരു മുളന്തണ്ടായ്
എന്നിൽ തേങ്ങലുയർത്തിയവൻ 'ഹരി'
എന്റെ മുമ്പേ നടന്നവൻ
എനിക്ക് മാർഗ്ഗം തെളിച്ചവൻ.
ജീവിതാവേശത്തിന്റെ ഉൾചൂടിൽ
ഉജ്ജ്വലിച്ചവൻ പ്രജ്ഞയറ്റു പതിച്ചു,
ചേതനയറ്റു നിലച്ചു.
വിഹ്വലമായ നാഴികവിനാഴികകൾ
ദുഃഖഘണ്ടാരവം പോലെ ചുറ്റും
മണിമുഴക്കങ്ങൾ.

ഓർമയിൽ ഞാൻ സഞ്ചരിച്ചു.
ഇല്ലായ്മയുടെ ഇല്ലത്തു നിന്നവൻ വന്നു.
ദുഃഖസാഗരമിരമ്പുന്നതു കണ്ട്
മണൽതീരത്ത് കാറ്റു കൊള്ളാതെ
അവൻ കടന്നുപോയി.
അവൻ കടന്ന വഴികൾ  സജീവമായിരുന്നു.   
അവന്റെ സാന്നിദ്ധ്യം കരുത്താർന്നതായിരുന്നു.
അവന്റെ വചനത്തിന് അനേകർ
ചെവികൊടുത്തു.
അധികാരികളുടെ അരമനകളിൽ
മണി മുഴങ്ങി.
'മണി മുഴങ്ങുന്നതാർക്കുവേണ്ടി' യെന്നവർ
പരസ്പരം ചോദിച്ചു.
പദ്മവ്യൂഹമൊരുക്കി അവർ നേരിട്ടു
ഒടുവിൽ അവൻ പ്രവാസിയായി.

ഓർമ്മയുടെ ദുഃഖയാനത്തിൽ ഞാൻ
വീണ്ടും സഞ്ചരിച്ചു.            
ഓളക്കുത്തിൽ ഇടം വലം ചരിയുമ്പൊഴും
അവൻ അക്ഷോഭ്യനായിരുന്നു.
നൗകാമധ്യത്തിലെ നിയന്ത്രക വളയം
അവന്റെ കയ്യിൽ സുരക്ഷിതമായിരുന്നു.      
ഒടുവിൽ കരയ്ക്കണഞ്ഞപ്പോൾ
അവൻ ഒറ്റയ്ക്കല്ലായിരുന്നു.
എങ്കിലും ഒറ്റയ്ക്കായപോലെ.
നിഴൽ വീണ വഴികളിൽ  അവൻ    
ഒറ്റയ്ക്കു നടന്നു.
വിഭ്രാന്തിയുടെ നിഴലിളക്കങ്ങളിൽ
സ്വയം നിഴലായി.




ഓർമ്മയുടെ നിലാവ് മേഘ
ബന്ധനത്തിൽ നിന്ന് പുറത്തിറങ്ങി.
നീട്ടിയ ദീപയഷ്ടി
സ്നേഹമറ്റ കരിന്തിരിയെ
പ്രോജ്ജ്വലിപ്പിച്ചുവോ
മന്ത്രനിനാദം പോലെ അന്തക്കരണത്തിൽ
ഉരുവം കൊണ്ട ബോധചിന്തകൾ
അവൻ മുമ്പേ നടന്നു
 അവന്റെ മാര്ഗ്ഗം തെളിഞ്ഞു.
വാതിലുകളെല്ലാം അവനു വേണ്ടി
 തുറക്കപ്പെട്ടു
വിജയത്തിന്റെ നാൾവഴികൾ അവനു വേണ്ടി
എഴുതപ്പെട്ടു.





അടങ്ങിയിരുന്ന  ആവേശം
തിരതള്ളലായി
രാഗരീതികളുടെ ഉൾപ്പിരിവും
മോഹചിന്തകളുടെ സംത്രാസവും
സ്വയം ഉയർത്തുന്ന കലാപവും
കൂടിക്കുഴഞ്ഞു.
മിന്നിമായുന്ന നെത്രദ്യുതി.
അതിനു പിന്നിലെ ഇളകുന്ന
 സർപ്പസൗന്ദര്യം 
ധൂമിലമായ സിരോമണ്ഡലം
മനസ്സിൽ ഉറഞ്ഞുകൊട്ടുന്ന
പറച്ചെണ്ട
ബോധാബോധങ്ങളിൽ പെട്ട്
 പിടയുമ്പോൾ മനസ്സ് മന്ത്രിച്ചു,
'വയ്യ, ഓർക്കുക വയ്യ"

സഞ്ചാരസമാപ്തിയിൽ ഞാൻ എത്തിനിന്നത്
ചേതനയറ്റ ഒരു ദേഹത്തിനു മുന്നിൽ
കനം തൂങ്ങുന്ന നിമിഷങ്ങൾക്കു മേൽ
ഇറക്കിക്കിടത്തിയ കനപ്പെട്ട ദേഹം
വിലാപങ്ങളുടെ ആരോഹണാവരോഹണങ്ങളിൽ
സ്വയം നഷ്ടപ്പെട്ട ഞാൻ
വിഭൂതിയുടെ ഒരു നേർത്ത ഗന്ധം
ഇല്ലാത്തൊരു സാന്നിദ്ധ്യത്തെ
അറിയിക്കുകയാണോ
ആളൊഴിഞ്ഞ ശവപ്പറമ്പ്
മൂക നിശബ്ദതയിലേക്കുള്ള
പ്രവേശന മാർഗ്ഗം
മുറിവേറ്റ മണ്‍ കുടവുമായി
ചുറ്റുവലം വയ്ക്കുന്ന കുരുന്നിന്റെ
മാന്മിഴികൾ
ഘൃതഘ്രാണത്താൽ ആവേശം കൊണ്ട
 തീനാളങ്ങൾ      ഇരുളഗ്രമുള്ള
നാവാൽ അവനെ നാക്കിനുണയുന്നു      
ഒരു തണുത്ത കാറ്റു വീശുന്നു
 സൂര്യനപ്പോഴും പ്രൊജ്വലിക്കുന്നു.  
            

Sunday, 21 September 2014

kiraatham

കിരാതം

ക്കൊല്ലവും വന്നു ഐരാണിയപ്പന്റെ
തൃക്കൊടിയേറ്റും തിരുവുൽസവവും
പണ്ടത്തെയുത്സാഹമെങ്ങുപോയ് ഓർത്തു
ഞാൻ എന്തെന്തുമാറ്റങ്ങൾ മാനുഷരിൽ

രണ്ടുപതിറ്റാണ്ടു പിന്നോട്ടു മാനസം
മണ്ടിതിരിഞ്ഞു പരതിടുന്നു
ഉത്സവക്കാലത്ത് സ്കൂളു വിട്ടാൽ പിന്നെ-
യമ്പലമുറ്റമാണെന്റെ ലോകം.


അന്നൊരു നാളിൽ പിണഞ്ഞോരമളി ഞാ-
നിന്നുമോർക്കുന്നു ഹൃൽസ്മേരമോടെ
അന്തിക്കു ശീവേലി കണ്ടുഞാൻ വീട്ടിൽ
വന്നുണ്ടു തിരിച്ചെത്തി അമ്പലത്തിൽ  

തീവെട്ടി ചുറ്റുവാൻ എണ്ണ പകരുവാൻ
മേളക്കാർക്കാവേശമേറ്റുവാനും
ഒത്തൊരുമിച്ചു പണിചെയ്തു ഞങ്ങ-
ളൊരൊമ്പതു വമ്പെഴും 'വീര്യവാന്മാർ'
അഞ്ചു കൊമ്പന്മാർ നിരന്നു കഴിഞ്ഞതിൽ
വമ്പനാം കൊമ്പൻറ്റെ മസ്തകത്തിൽ
ഐരാണിയപ്പൻ എഴുന്നെള്ളിയന്നേരം
വലിയവിളക്കിനു വട്ടമായി.

പഞ്ചവാദ്യം നാദപഞ്ചാമൃതം നുകർന്ന-
ന്തരാ മോദിച്ച ഭക്തവൃന്ദം
ദീപപ്രഭാപൂരമാലക്തികോജ്ജ്വല
ദ്യോതിയിൽ ദേവനെ കൂപ്പി നിന്നു.
വർണ്ണങ്ങളായിരം വാനിൽ വിരിയിച്ചു
സമ്മോഹനം അഗ്നിവിസ്മയവും
എല്ലാം കഴിഞ്ഞിനി നൽകഥാപാടവം
ചൊല്ലിയാടാനുള്ള നേരമായി

ആട്ടവിളക്കു തെളിഞ്ഞു അരങ്ങത്തു
കേട്ടതാ ചെണ്ടതൻ നാദഗർവ്വം
കൂട്ടരൊഴിഞ്ഞു ഞാൻ ആൽത്തറക്കെട്ടിൽ
വന്നാസ്ഥയാ കണ്ടു കളിവിശേഷം.
വർണ്ണതിരശ്ശീല മുന്നിലുയർന്നെന്റെ
കണ്ണിലോ നിദ്ര ഇരുൾ വിരിച്ചു

പള്ളിപ്പുറം കരദേശത്തിലെ കളി-
യാശാനെ ആരറിയാവതുള്ളൂ
ഐരാണിയപ്പനു തൃക്കൊടിയേറ്റുണ്ടേൽ
ആശാൻറെ വേഷം അരങ്ങിലുണ്ടാം 
കത്തി വേഷം പോലെതന്നെ അതി-
ശയ ഗംഭീരമാശാന്റെ വേഷം, 'കരി'.

ദേവന് പ്രിയമേറുന്ന കഥയത്രേ
ഏറെ പ്രചരിതമാം 'കിരാതം'.
 വേട്ടക്കോലേന്തി    കിരാതനായ് തന്നുടെ
വേട്ടുവോളൊത്തണഞ്ഞ ശേഷം
ഗോപാലനാശാന്റെ ഭാവചേഷ്ടാദികൾ
കണ്ടാൽ മനോജ്ഞം മനോഭിരാമം.

കാടിളക്കും പോലെ കാണികൾ തിങ്ങുന്ന
വേദിയിലൂടെയൊട്ടാരവമായ്
കോലും കരം ഗ്രഹിച്ചോടിയണയുന്ന
ആശാന്റെ വേഷപ്പകർച്ച കണ്ട്
ഞെട്ടിയുണർന്നു ഞാൻ പേടിച്ചു മണ്ടി-
യെൻ    കെട്ടിലണഞ്ഞു കതകടച്ചു.
നേരം പുലർന്നു പനിച്ചുവിറയ്ക്കുന്ന
ദേഹവുമായ് ഞാൻ കിതച്ചിരുന്നു
തുള്ളി വിറയ്ക്കുമേൻ മേനിയിൽ ചുറ്റിയ
 മുണ്ടിലോ ഈറൻ പടർന്നു കേറി.

ഗോപാലനാശന്റെ വേഷം ഭയങ്കരം
ഓർക്കുന്നിതിപ്പോഴും ജാള്യമോടെ.
 
(കളിയരങ്ങിൽ വച്ച് കഥാവശേഷനായ കഥകളിയാചാര്യൻ പള്ളിപ്പുറം ഗോപാലൻ നായരെ കുറിച്ചുള്ള അനുസ്മരണം.)